image

5 Dec 2023 12:39 PM IST

Corporates

വാര്‍ഷിക പൊതുയോഗം വിളിച്ച് ബൈജൂസ്

MyFin Desk

Byjus in process to raise $700 million at flat valuation
X

Summary

2021-22 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ക്ക് എജിഎമ്മില്‍ അനുമതി തേടുമെന്നു സൂചന


സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന എഡ്യുടെക് സ്ഥാപനമായ ബൈജൂസ് വാര്‍ഷിക പൊതുയോഗം (എജിഎം) വിളിച്ചു ചേര്‍ക്കുന്നു. ഡിസംബര്‍ 20-നാണു പൊതുയോഗം.

2021-22 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ക്ക് എജിഎമ്മില്‍ അനുമതി തേടുമെന്നു സൂചനയുണ്ട്.

സ്റ്റാറ്റിയുട്ടറി ഓഡിറ്റര്‍മാരായി എംഎസ്‌കെഎ & അസോസിയേറ്റ്‌സിനെ നിയമിക്കുന്ന കാര്യങ്ങളും എജിഎമ്മില്‍ ചര്‍ച്ച ചെയ്യുമെന്നും ഓഹരി ഉടമകള്‍ക്ക് അയച്ച കത്തില്‍ ബൈജൂസ് അറിയിച്ചു.

2022, 2023, 2024 സാമ്പത്തിക വര്‍ഷങ്ങളില്‍ കമ്പനിയുടെ കോസ്റ്റ് അക്കൗണ്ടന്റുമാര്‍ക്കും ഓഡിറ്റര്‍മാരായ ബിവൈ & അസോസിയേറ്റ്‌സിനും പ്രതിഫലം അനുവദിക്കുന്നതിനെക്കുറിച്ചും ഷെയര്‍ ഹോള്‍ഡര്‍മാര്‍ എജിഎമ്മില്‍ ചര്‍ച്ച ചെയ്യും.

2021-22 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ 2023 നവംബറിലാണു ബൈജൂസ് പുറത്തുവിട്ടത്. ഏറെ വൈകിയാണു കമ്പനി കണക്കുകള്‍ പുറത്തുവിട്ടത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങളെ നേരിടുന്ന സാഹചര്യത്തിലാണ് ഓഡിറ്റ് ചെയ്ത കണക്കുകള്‍ പുറത്തുവിട്ടത്. ഇതിലൂടെ വിമര്‍ശനങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ കമ്പനിക്കു സാധിച്ചിരുന്നു.

600-700 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു

2024 മാര്‍ച്ച് വരെയുള്ള കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടെത്തുന്നതിനായി 600-700 കോടി രൂപ സമാഹരിക്കാനൊരുങ്ങുകയാണു ബൈജൂസ്.

യുഎസ്സിലുള്ള ബൈജൂസിന്റെ ഉപസ്ഥാപനമായ എപിക്കിന്റെ വില്‍പ്പനയിലൂടെയും ബൈജൂസിന്റെ മറ്റ് അനുബന്ധ സ്ഥാപനങ്ങളിലെ ഭാഗിക ഓഹരി വില്‍പ്പനയിലൂടെയും ധനം സമാഹരിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്.

ബൈജുവിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രന്‍ അടുത്തിടെ ശമ്പളം നല്‍കുന്നതിനായി കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള വീടും റിയല്‍ എസ്‌റ്റേറ്റ് സ്വത്തുക്കളും പണയപ്പെടുത്തി പണം സ്വരൂപിച്ചിരുന്നു. ബൈജൂസിന്റെ പ്രവര്‍ത്തന ചെലവില്‍ പ്രധാനമായും വരുന്ന ശമ്പളത്തിനായി വേണ്ടി വരുന്ന തുകയാണ്. പ്രതിമാസം 50 കോടി രൂപയോളമാണു ശമ്പളം നല്‍കാനായി വേണ്ടി വരുന്നത്.

സ്‌പോണ്‍സര്‍ഷിപ്പ് കുടിശ്ശികയായി ബിസിസിഐക്ക് (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ്) 160 കോടി രൂപ അടയ്ക്കാനുണ്ട്. ഇൗ തുക അടയ്ക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സി സ്‌പോണ്‍സര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഇത്.

വീടും പണയപ്പെടുത്തി ബൈജു രവീന്ദ്രന്‍

ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രന്‍ തന്റെ വീടുകള്‍ പണയപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. ബെംഗളൂരുവിലെ രണ്ട് കുടുംബവീടുകളും എപ്‌സിലോണില്‍ നിര്‍മാണത്തിലിരിക്കുന്ന വില്ലയുമാണ് പണയം വെച്ചത്. 12 മില്യണ്‍ ഡോളര്‍ ആണ് വായ്പയെടുത്തിരിക്കുന്നത്. ബൈജുവിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിലെ 15,000 ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ഈ പണം ഉപയോഗിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഒരുകാലത്ത് ഏകദേശം 5 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ടായിരുന്ന ബൈജു രവീന്ദ്രന് ഇപ്പോള്‍ 400 മില്യണ്‍ കടമുണ്ടെന്നും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഓഹരി വില്‍പനയിലൂടെ സമാഹരിച്ച 800 മില്യണ്‍ ഡോളര്‍ കമ്പനിയിലേക്ക് തിരികെ നിക്ഷേപിച്ചെന്നും ഇതാണ് ബൈജുവിനെ കടക്കാരനാക്കിയതെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം 2000 ത്തിലധികം ജീവനക്കാരെ ബൈജൂസ് പിരിച്ചുവിട്ടുരുന്നു.