7 Jan 2023 2:25 PM IST
പിരിച്ചുവിടല്‍ വേതനം നല്‍കിയില്ല, വാടക കുടിശ്ശികയടക്കം മസ്‌കിനെ 'കുഴയ്ക്കുന്നു'വെന്ന് റിപ്പോര്‍ട്ട്
MyFin Desk
Summary
- പിരിച്ചുവിടല്‍ പ്രഖ്യാപിച്ച സമയത്ത് മസ്‌ക് മൂന്ന് മാസത്തെ സെവറന്‍സ് പേയാണ് വാഗ്ദാനം ചെയ്തത്.
സാന്‍ ഫ്രാന്‍സിസ്‌കോ: ട്വിറ്ററില്‍ നിന്നും പിരിച്ചുവിട്ട തൊഴിലാളികള്‍ക്ക് ആഴ്ച്ചകളേറെ പിന്നിട്ടിട്ടും പിരിച്ചുവിടല്‍ വേതനം (സെവറന്‍സ് പേ) നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഒരു തൊഴിലിടത്തില്‍ നിന്നും ഒരു തൊഴിലാളിയെ തന്റേതല്ലാത്ത കാരണത്താല്‍ പിരിച്ചു വിട്ടാല്‍ നല്‍കേണ്ട തുകയാണിത്. ട്വിറ്റര്‍ മേധാവിയായി ഇലോണ്‍ മസ്‌ക് ചുമതലയേറ്റയുടനെ കമ്പനിയിലെ 50 ശതമാനത്തോളം (ഏകദേശം 7,000 ത്തോളം) ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇതില്‍ 1,000 ത്തോളം പേര്‍ കാലിഫോര്‍ണിയയിലെ താമസക്കാരാണ്.
സംസ്ഥാന, ഫെഡറല്‍ നിയമങ്ങള്‍ പ്രകാരം പിരിച്ചുവിട്ട ഈ തൊഴിലാളികള്‍ക്ക് കഴിഞ്ഞ രണ്ട് മാസമായി സ്ഥിരമായി വേതനം ലഭിക്കേണ്ടതാണ്. പിരിച്ചുവിടല്‍ നടത്തിയിട്ട് 60 ദിവസം പൂര്‍ത്തിയായെങ്കിലും ഈ ജീവനക്കാര്‍ക്കൊന്നും സെവറന്‍സ് പേയ്മെന്റോ, കോബ്ര എന്നറിയപ്പെടുന്ന ഹെല്‍ത്ത് കവറേജോ ലഭിക്കുകയോ, അതിനെക്കുറിച്ച് കമ്പനിയില്‍ നിന്നും എന്തെങ്കിലും അറിയിപ്പോ ലഭിച്ചില്ലെന്ന് തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
പിരിച്ചുവിടല്‍ പ്രഖ്യാപിച്ച സമയത്ത് മസ്‌ക് മൂന്ന് മാസത്തെ സെവറന്‍സ് പേയാണ് വാഗ്ദാനം ചെയ്തത്. പക്ഷേ, 44 ബില്യണ്‍ ഡോളറിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഏറ്റെടുത്തതിനുശേഷം, മസ്‌ക് കമ്പനിയില്‍ ചെലവ് ചുരുക്കല്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. കമ്പനി പാപ്പരത്വ നടപടികളെ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കി. യാത്ര, ഭക്ഷണ അലവന്‍സുകള്‍ ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങളും റദ്ദാക്കിയിരുന്നു. പ്രൈവറ്റ് ചാര്‍ട്ടേഡ് വിമാനങ്ങള്‍, സോഫ്റ്റ് വേയര്‍ സേവനങ്ങള്‍, വാടക എന്നിങ്ങനെ ട്വിറ്റര്‍ കുടിശ്ശിക വരുത്തിയ ബില്ലുകള്‍ നിരവധിയാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.
ബ്ലൂംബര്‍ഗ് ഇന്‍ഡക്സ് റിപ്പോര്‍ട്ട് പ്രകാരം 2022 അവസാനിക്കുമ്പോള്‍ മസ്‌കിനുണ്ടായ നഷ്ടം എന്നത് ഏകദേശം 20,000 കോടി (200 ബില്യണ്‍) യുഎസ് ഡോളറാണ്. കൃത്യമായി പറഞ്ഞാല്‍ ഏകദേശം 16.55 ലക്ഷം കോടി ഇന്ത്യന്‍ രൂപ. 2021 ജനുവരിയില്‍ ആഗോള ശതകോടീശ്വര പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നിന്നിരുന്ന മസ്‌കിന് ടെസ്ലയുടെ ഓഹരി വിലയിലെ ഇടിവാണ് ഈ വര്‍ഷം വെല്ലുവിളിയായത്.
കമ്പനിയുടെ ഓഹരി മൂല്യം 68 ശതമാനം ഇടിഞ്ഞതോടെ 200 ബില്യണ്‍ ഡോളറിന് മുകളിലായിരുന്ന മസ്‌കിന്റെ ആസ്തി 137 ബില്യണ്‍ ഡോളറായി താഴ്ന്നു. മറ്റ് രീതിയിലുള്ള നഷ്ടങ്ങളെല്ലാം ചേര്‍ത്താണ് 200 ബില്യണ്‍ ഡോളര്‍ മസ്‌കിന് 'പോയത്'.
ഡിസംബറില്‍ മാത്രം ടെസ്ലയുടെ ഓഹരി മൂല്യത്തില്‍ 11 ശതമാനം ഇടിവാണുണ്ടായത്. വാഹന വില്‍പനയില്‍ ഉള്‍പ്പടെ പ്രതീക്ഷിച്ചയത്ര വിപണി നേടാന്‍ ടെസ്ലയ്ക്ക് സാധിച്ചില്ല. ചൈനീസ് വിപണിയില്‍ നിന്നുള്ള തിരിച്ചടിയും ടെസ്ലയുടെ ശോഭ കെടുത്തി. മാത്രമല്ല ഒക്ടോബറില്‍ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്വിറ്ററിനെ 44 ബില്യണ്‍ യുഎസ് ഡോളറിന് ഏറ്റെടുത്തിന് പിന്നാലെ പൊതു സമൂഹത്തിനിടയില്‍ നിന്നും മസ്‌കിന് ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു.
ട്വിറ്ററില്‍ ഇറക്കിയ പണം തിരിച്ചുപിടിക്കാന്‍ മസ്‌ക് നടത്തിയ ശ്രമങ്ങളെല്ലാം തന്നെ കൈവിട്ടു പോകുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. കൂട്ടപ്പിരിച്ചുവിടല്‍ പോലുള്ള തീരുമാനങ്ങളും വിവാദപരമായ ട്വീറ്റുകളും മൂലം കോര്‍പ്പറേറ്റ് ലോകത്ത് ട്വിറ്ററിനുണ്ടായിരുന്ന സ്വീകാര്യതയ്ക്ക് വന്‍ ഇടിവാണ് സംഭവിച്ചത്.
മുന്‍പ് സന്ദേശങ്ങള്‍ പങ്കുവെക്കുന്നതിനുള്‍പ്പടെ സുരക്ഷിതത്വം ഇല്ലെന്ന 'ചീത്തപ്പേര്' കേട്ട ട്വിറ്ററില്‍ നിന്നും കോടിക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്ന് ദിവസങ്ങളേ ആകുന്നുള്ളൂ. ഈ വിഷയത്തില്‍ ഇപ്പോഴും ഉപഭോക്താക്കള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ കമ്പനിയ്ക്ക് സാധിച്ചിട്ടില്ല എന്നതാണ് സത്യം. വരും ദിവസങ്ങളില്‍ ഡാറ്റാ ചോര്‍ച്ചയെ പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ പങ്കുവെക്കാത്ത പക്ഷം ഒട്ടേറെ പേര്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാനും സാധ്യതയുണ്ട്.
40 കോടി ട്വിറ്റര്‍ ഉപയോക്താക്കളുടെ സ്വകാര്യ ഇമെയിലുകളും, ലിങ്ക് ചെയ്ത ഫോണ്‍ നമ്പറുകളും അടങ്ങിയ ഡാറ്റ കരിഞ്ചന്തയില്‍ വില്‍പ്പനയ്‌ക്കെത്തി എന്നായിരുന്നു ഏതാനും ദിവസം മുന്‍പ് വന്ന റിപ്പോര്‍ട്ട്. സൈബര്‍ ക്രൈം ഇന്റലിജന്‍സ് സ്ഥാപനമായ ഹഡ്‌സണ്‍ റോക്കാണ് ഡിസംബര്‍ 24 ന് ട്വിറ്ററിലൂടെ ഈ ക്രെഡിബിള്‍ ത്രെഡ് (വിശ്വസനീയമായ ഭീഷണി)' ഉയര്‍ത്തിക്കാട്ടിയത്.
പഠിക്കാം & സമ്പാദിക്കാം
Home
