image

21 Feb 2023 11:38 AM IST

Corporates

ഗൂഗിള്‍ പിരിച്ചുവിട്ടാലും തളരില്ല, സ്വന്തം കമ്പനി ആരംഭിച്ച് മുന്‍ ജീവനക്കാര്‍

MyFin Desk

google former employee
X

Summary

  • ഗൂഗിളില്‍ മാനേജര്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന ഹെന്റി കിര്‍ക്കാണ് ആറ് മുന്‍ സഹപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പുതിയ കമ്പനി തുടങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


'സെല്‍ഫ് കോണ്‍ഫിഡന്‍സ്' എന്നത് കൃത്യമായ അളവില്‍ ഉണ്ടെങ്കില്‍ ഏത് വന്‍ പ്രതിസന്ധിയേയും അതിജീവിക്കാമെന്ന് തെളിയിച്ചവരാണ് നമുക്ക് ചുറ്റുമുള്ള പലരും. ആത്മവിശ്വാസം എന്നത് നന്നേ കുറവായവര്‍ക്ക് വരെ അത് പകര്‍ന്നു നല്‍കുന്ന പാഠങ്ങളായി പലരും ഇന്ന് നമുക്ക് മുന്നിലുണ്ട്. ആ നിരയിലേക്ക് ഇനി കടന്നുവരിക ടെക്ക് ലോകത്തെ കൂട്ടപ്പിരിച്ചുവിടലിന് ഇരയായവരായിരിക്കും. ഇതിന്റെ ആദ്യപടിയെന്നവണ്ണം സ്വന്തം കമ്പനി ആരംഭിക്കുകയാണ് ഗൂഗിളില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ട ഏതാനും ജീവനക്കാര്‍.

ഗൂഗിളില്‍ മാനേജര്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന ഹെന്റി കിര്‍ക്കാണ് ആറ് മുന്‍ സഹപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പുതിയ കമ്പനി തുടങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഹെന്റിയ്‌ക്കൊപ്പം തന്നെ തൊഴില്‍ നഷ്ടപ്പെട്ടവരാണ് മറ്റുള്ളവരും. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഹെന്റിയ്ക്ക് ജോലി നഷ്ടമായത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന ടീമിന്റെ തലവനായിരുന്നു ഹെന്റി.

ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി 12,000 തസ്തികള്‍ വെട്ടിക്കുറയ്ക്കുകയാണെന്ന് ഗൂഗിള്‍ ഏതാനും മാസം മുന്‍പ് അറിയിച്ചിരുന്നു. ഇപ്പോള്‍ ചാറ്റ് ജിപിറ്റിയുടെ വരവോടെ സ്വന്തം എഐ അധിഷ്ഠിത പ്ലാറ്റ്‌ഫോമായ ബാര്‍ഡ് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഗൂഗിള്‍ ഇന്ത്യയുടെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്നായി 453 പേരെ പിരിച്ചുവിട്ടുവെന്ന് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു.

പിരിച്ചുവിടല്‍ സംബന്ധിച്ച മെയില്‍ സന്ദേശം ഗൂഗിള്‍ ഇന്ത്യാ വൈസ് പ്രസിഡന്റും കണ്‍ട്രി ഹെഡുമായ സഞ്ജയ് ഗുപ്ത ജീവനക്കാര്‍ക്ക് അയയ്ച്ചുവെന്നാണ് സൂചന. ആഗോളതലത്തില്‍ 12,000 പേരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായാണ് നടപടി.

കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നതിനിടെ ഉയര്‍ന്ന ശമ്പളമുള്ള ഉദ്യോഗസ്ഥരുടെ വേതനം താല്‍ക്കാലികമായി കുറയ്ക്കുമെന്ന് സിഇഒ സുന്ദര്‍ പിച്ചൈ കഴിഞ്ഞ മാസം അവസാനം അറിയിച്ചിരുന്നു. സീനിയര്‍ വൈസ് പ്രസിഡന്റ് മുതല്‍ മുകളിലേക്ക് ഉള്ള തസ്തികകളിരിക്കുന്നവരുടെ വാര്‍ഷിക ബോണസാണ് ഭാഗികമായി കുറയ്ക്കുക.

സ്വന്തം ശമ്പളവും (വാര്‍ഷിക ബോണസില്‍ നിന്നും) ഇത്തരത്തില്‍ കുറയ്ക്കുന്നുണ്ടെന്ന് സുന്ദര്‍ പിച്ചൈ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ വാര്‍ഷിക ബോണസിന്റെ എത്ര ശതമാനം പിടിയ്ക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ആകെയുള്ള ജീവനക്കാരിലെ 6 ശതമാനം പേരെ പിരിച്ചുവിടുമെന്നാണ് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് അറിയിച്ചിരിക്കുന്നത്.

ആഗോളതലത്തില്‍ ടെക്ക് മേഖലയിലുള്‍പ്പടെ നടപ്പിലാകുന്ന കൂട്ടപ്പിരിച്ചുവിടലിന്റെ ആഘാതം വെളിവാക്കുന്ന ലിങ്ക്ഡ്ഇന്‍ പോസ്റ്റുമായി മുന്‍ ഗൂഗിള്‍ ജീവനക്കാരന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രാവിലെ മൂന്നു മണിയ്ക്കാണ് തന്റെ ജോലി പോയ വിവരം അറിയുന്നതെന്ന് ജസ്റ്റിന്‍ മൂര്‍ എന്ന വ്യക്തി പറയുന്നു. കമ്പനിയിലെ അക്കൗണ്ട് ഡിയാക്ടിവേറ്റ് ആയത് അപ്പോഴാണ് അറിയുന്നത്.