image

6 Jan 2023 3:15 PM IST

Corporates

2023ല്‍ ഇതുവരെ 'പണിപോയത്' 28,096 ടെക്കികള്‍ക്ക്! ഡിസംബറിലേതിനേക്കാള്‍ 64% അധികം

MyFin Desk

layoff
X

Summary

  • കഴിഞ്ഞ മാസത്തെ കണക്കുകള്‍ നോക്കിയാല്‍ ഇത് 17,074 എണ്ണമായിരുന്നു.


ആഗോളതലത്തില്‍ ടെക്ക് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ പിരിച്ചുവിടലുകള്‍ വര്‍ധിക്കാന്‍ സാധ്യതയുളള വര്‍ഷമാണ് 2023 എന്ന് ഇക്കഴിഞ്ഞ ഡിസംബര്‍ അവസാന വാരം തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് അടിവരയിടുന്ന റിപ്പോര്‍ട്ടാണ് ട്രാക്കിംഗ് വെബ്‌സൈറ്റായ ലേ ഓഫ് ട്രാക്കറില്‍ നിന്നും ലഭിക്കുന്നത്. ജനുവരി ആരംഭിച്ച് ആദ്യ അഞ്ച് ദിവസങ്ങള്‍ക്കകം ആഗോളതലത്തില്‍ നടന്ന പിരിച്ച്വിടലുകള്‍ കഴിഞ്ഞ മാസത്തേക്കാള്‍ കൂടുതലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഈ മാസം അഞ്ചാം തീയതി വരെ ടെക്ക് കമ്പനികളില്‍ 28,096 പേരെയാണ് പിരിച്ചുവിട്ടത്. കഴിഞ്ഞ മാസത്തെ കണക്കുകള്‍ നോക്കിയാല്‍ ഇത് 17,074 എണ്ണമായിരുന്നു. അതായത് വെറും 5 ദിവസങ്ങള്‍ക്കകം പിരിച്ചുവിടലുകളില്‍ 64.5 ശതമാനം വര്‍ധനയാണുണ്ടായതെന്നും ലേ ഓഫ് ട്രാക്കര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ചെലവ് ചുരുക്കലിന്റെ ഭാഗമായി വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍ നടത്തുമെന്ന് ആമസോണ്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇത്തവണ 18,000 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം കമ്പനി 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ വര്‍ഷത്തില്‍ കൂടുതല്‍ ആള്‍ക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

ഇ-കൊമേഴ്‌സ്, ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് നീക്കം കൂടുതലായും ബാധിക്കുക. പിരിച്ചുവിടല്‍ സംബന്ധിച്ച് ജീവനക്കാര്‍ക്ക് ബുധനാഴ്ച്ച അറിയിപ്പ് നല്‍കിയെന്നും, വാര്‍ഷിക പദ്ധതികളുടെ ഭാഗമായാണിതെന്നും കമ്പനിയുടെ സിഇഒ ആന്‍ഡി ജാസി വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു. കോവിഡ് കാലത്ത് കമ്പനി വളരെയധികം ആളുകളെ നിയമിച്ചിരുന്നുവെന്ന് കമ്പനി അധികൃതര്‍ സമ്മതിക്കുന്നുണ്ട്. ആമസോണിന്റെ ഏറ്റവും പുതിയ നടപടികളോട് നിക്ഷേപകരുടെ സമീപനം പോസ്റ്റീവാണെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

ബുധനാഴ്ച്ച ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നതിനു പിന്നാലെ ആമസോണ്‍ ഓഹരികള്‍ ഏകദേശം രണ്ട് ശതമാനമാണ് ഉയര്‍ന്നത്. 2022 സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്ക് പ്രകാരം ആമസോണില്‍ 1.5 ദശലക്ഷത്തിലധികം ജീവനക്കാരാണുണ്ടായിരുന്നത്.

ക്ലൗഡ് അധിഷ്ഠിത കമ്പനിയായ സെയില്‍സ് ഫോഴ്സ് 10 ശതമാനം ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. പണപ്പെരുപ്പം ഉള്‍പ്പടെയുള്ള സാമ്പത്തിക പ്രതിസന്ധികള്‍ ഉടലെടുക്കുന്നതിന് മുന്‍പ് ഒട്ടേറെ ജീവനക്കാരെ സെയില്‍സ് ഫോഴ്സ് ജോലിയ്ക്കെടുത്തിരുന്നു. എന്നാലിപ്പോള്‍ കമ്പനിയുടെ വരുമാനത്തില്‍ സാരമായ ഇടിവുണ്ടെന്നും ചെലവ് കൈവിട്ട് പോകുന്ന സ്ഥിതിയുമാണ് ഉള്ളതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.

1999ല്‍ യുഎസ് ആസ്ഥാനമായി ആരംഭിച്ച കമ്പനിയാണ് സെയില്‍സ് ഫോഴ്സ്. 2024നകം കമ്പനിയിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയാണ് ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് ആസ്തികളുടെ അളവ് 2026 ആകുമ്പോഴേയ്ക്കും കുറയ്ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഞങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുന്ന ഉപഭോക്താക്കള്‍ ഇപ്പോള്‍ വളരെ പരിമിതമായ അളവിലാണ് പണമിറക്കുന്നതെന്നും, നിലവിലെ സാഹചര്യം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണെന്നും സെയില്‍സ് ഫോഴ്സ് സിഇഒ മാര്‍ക്ക് ബെനിയോഫ് പറഞ്ഞു. തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് കുറഞ്ഞത് അഞ്ച് മാസത്തെ ശമ്പളം, ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.