image

30 Jun 2023 11:02 AM IST

Corporates

1 ട്രില്യന്‍ തൊട്ട് ഇന്‍ഡിഗോ; ഓഹരി വില 52 ആഴ്ചയിലെ ഉയര്‍ന്ന നിലയില്‍

MyFin Desk

1 trillion to indigo shares hit 52-week high
X

Summary

  • പല വിമാനക്കമ്പനികളും നഷ്ടത്തിലോടുകയാണ്, അടച്ചുപൂട്ടലിന്റെ വക്കിലുമാണ്
  • മെയ് മാസം 81.10 ലക്ഷം പേരാണ്‌ ഇന്‍ഡിഗോയുടെ സേവനം പ്രയോജനപ്പെടുത്തിയത്
  • എയര്‍ബസുമായി ഏര്‍പ്പെട്ടിരിക്കുന്ന ഇന്‍ഡിഗോയുടെ കരാര്‍ 50 ബില്യന്‍ ഡോളറിന്റേത്‌


സാധാരണക്കാരുടെ എയര്‍ലൈന്‍ എന്നു പേരെടുത്ത ഇന്‍ഡിഗോയുടെ ഉടമസ്ഥരായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ്, ജൂണ്‍ 28-ന് മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനില്‍ (Mcap) 1 ട്രില്യണ്‍ രൂപ പിന്നിട്ട ഇന്ത്യയിലെ മുന്‍നിര എയര്‍ലൈനായി മാറി. ഇന്‍ഡിഗോയുടെ ഓഹരി ജൂണ്‍ 28-ന് ബിഎസ്ഇയിലെ ആദ്യ സെഷനില്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 2,634.25 രൂപയിലെത്തി. അതോടെ വിപണി മൂല്യം 1.01 ട്രില്യന്‍ രൂപയായി.

മെയ് മൂന്നാം തീയതി ഗോ ഫസ്റ്റ് സര്‍വീസ് നിറുത്തിയതോടെ, ഏവിയേഷന്‍ വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ ഇന്റര്‍ഗ്ലോബിന് സാധിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോ ലോകത്തിലെ ഏറ്റവും മികച്ച 10 ലിസ്റ്റഡ് ഏവിയേഷന്‍ കമ്പനികളില്‍ വിപണി മൂല്യത്തില്‍ 10-ാം സ്ഥാനത്താണ്. ഏവിയേഷന്‍ റെഗുലേറ്ററായ ഡിജിസിഎയുടെ കണക്കുകള്‍ പ്രകാരം, മെയ് മാസത്തില്‍ ആഭ്യന്തര എയര്‍ ട്രാഫിക്കിന്റെ 61.4 ശതമാനവും ഇന്‍ഡിയോയുടേതായിരുന്നു.

മെയ് മാസത്തില്‍ 81.10 ലക്ഷം യാത്രക്കാരാണ് ഇന്‍ഡിഗോയുടെ സേവനം പ്രയോജനപ്പെടുത്തിയത്.

വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കാവുന്ന ഓര്‍ഡര്‍ കഴിഞ്ഞയാഴ്ച ഇന്‍ഡിഗോ നല്‍കിയിരുന്നു. എയര്‍ബസില്‍ നിന്ന് ഒറ്റത്തവണയായി A320 വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറാണ് ഇന്‍ഡിഗോ നല്‍കിയത്. 500 വിമാനങ്ങളാണ് ഇത്തരത്തില്‍ വാങ്ങാന്‍ തീരുമാനിച്ചത്.

രാജ്യത്ത് സര്‍വീസ് നടത്തുന്ന പല വിമാനക്കമ്പനികളും നഷ്ടത്തിലോടുകയാണ് അതുമല്ലെങ്കില്‍ അടച്ചുപൂട്ടലിന്റെ വക്കിലുമാണ്. ഇതിനിടെയാണ് എയര്‍ബസുമായി വമ്പന്‍ കരാറില്‍ ഇന്‍ഡിഗോ ഏര്‍പ്പെട്ടിരിക്കുന്നത്.

ജൂണ്‍ 19-ന് പാരീസിലെ എയര്‍ ഷോയില്‍ വച്ചാണ് ഇതുസംബന്ധിച്ച കരാറില്‍ ഇന്‍ഡിഗോയും എയര്‍ബസും ഏര്‍പ്പെട്ടത്. കരാര്‍ ഇരു കമ്പനികളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് ഇന്‍ഡിഗോ പുറത്തിറക്കിയ കുറിപ്പില്‍ സൂചിപ്പിച്ചത്. എയര്‍ബസില്‍ നിന്ന് 2006 മുതല്‍ ഇതുവരെയായി 1330 വിമാനങ്ങള്‍ വാങ്ങിയതായും ഇന്‍ഡിഗോ അറിയിച്ചു.

ഇപ്പോള്‍ എയര്‍ബസുമായി ഏര്‍പ്പെട്ടിരിക്കുന്ന ഇന്‍ഡിഗോയുടെ കരാര്‍ 50 ബില്യന്‍ ഡോളറിന്റേതാണെന്നാണ് കണക്കാക്കുന്നത്.

2030-2035-നുമിടയില്‍ ഇന്‍ഡിഗോയ്ക്ക് ഈ പുതിയ വിമാനങ്ങള്‍ എയര്‍ബസ് വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

നിലവിലെ ഓര്‍ഡറില്‍ A320 neo, A321 neo, A321 xlr എയര്‍ക്രാഫ്റ്റുകള്‍ ഉള്‍പ്പെടുന്നു.

A320 നിയോ വിഭാഗത്തില്‍പ്പെട്ട വിമാനങ്ങള്‍ ഉയര്‍ന്ന ഇന്ധനക്ഷമതയുള്ളവയാണ്. അതിനാല്‍ തന്നെ ഇവ പ്രവര്‍ത്തന ചെലവ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കമ്പനിയുടെ സാമ്പത്തിക ഭദ്രതയ്ക്ക് സഹായകരമാകുമെന്നും കരുതുന്നുണ്ട്.

2030-ഓടെ ഇന്‍ഡിഗോയുടെ 100 വിമാനങ്ങളുടെ ആയുസ് തീരുകയാണ്. മാത്രമല്ല, 2030-ഓടെ ശേഷി ഇരട്ടിയാക്കാനും കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക് സര്‍വീസ് വിപുലീകരിക്കാനും ഇന്‍ഡിഗോ ലക്ഷ്യമിടുന്നുണ്ട്. ഇക്കാര്യം മുന്നില്‍ കണ്ടുകൊണ്ടാണ് പുതിയ വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറുകള്‍ ഇന്‍ഡിഗോ നല്‍കിയതും.

നിലവില്‍ 102 നഗരങ്ങളിലേക്കാണ് ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നത്. ഇതില്‍ 26 എണ്ണം അന്താരാഷ്ട്ര നഗരങ്ങളിലേക്കാണ്. ഇതിലൂടെ മൊത്തം 1800 പ്രതിദിന സര്‍വീസുകളും ഇന്‍ഡിഗോ നടത്തുന്നുണ്ട്.

മെയ് മാസം മൂന്നിന് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍വീസ് നിറുത്തിവച്ചിരുന്നു. പാപ്പര്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. പ്രവര്‍ത്തനച്ചെലവില്‍ വന്ന വര്‍ധനയാണ് ഗോ ഫസ്റ്റിന്റെ ചിറകൊടിച്ചത്. മാത്രമല്ല, വിമാനത്തിന്റെ എന്‍ജിന്‍ അമേരിക്കന്‍ കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നിയുടേതായിരുന്നു. എന്‍ജിന്‍ മിക്കപ്പോഴും പണിമുടക്കുമായിരുന്നു. ഇത് ഗോ ഫസ്റ്റിന്റെ സര്‍വീസുകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു. ഒരേ സമയം ഒന്നിലധികം എയര്‍ലൈന്‍ സര്‍വീസുകള്‍ ഇത്തരത്തില്‍ എന്‍ജിന്‍ തകരാറു മൂലം റദ്ദാക്കേണ്ടി വന്നിട്ടുണ്ട് ഗോ ഫസ്റ്റിന്.

സമീപകാലത്ത് എയര്‍ ഇന്ത്യ 470 പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഒപ്പുവച്ചിരുന്നു. ഒരു വര്‍ഷം മുന്‍പ് ടാറ്റാ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ ഏറ്റെടുത്തിരുന്നു. ഇന്‍ഡിഗോയ്ക്കും എയര്‍ ഇന്ത്യയ്ക്കും ശേഷം കഴിഞ്ഞ ദിവസം ആകാശ എയറും വിമാന കരാറിലേര്‍പ്പെടുകയുണ്ടായി. നാല് ബോയിങ് 737 വിമാനങ്ങള്‍ വാങ്ങാനാണ് ആകാശ എയര്‍ തീരുമാനിച്ചിരിക്കുന്നത്. വിപുലീകരണ പദ്ധതികളുടെ ഭാഗമായിട്ട് ഈ വര്‍ഷാവസാനമായിരിക്കും ഓര്‍ഡര്‍ പ്രഖ്യാപിക്കുക.