image

24 Dec 2023 9:43 AM IST

Corporates

ഇന്‍ഫോസിസിന് 1.5 ബില്യണ്‍ ഡോളറിന്‍റെ എഐ കരാര്‍ നഷ്ടമായി

MyFin Desk

infosys loses $1.5 billion ai contract
X

Summary

  • കരാറില്‍ നിന്ന് പിന്‍വാങ്ങിയ കമ്പനിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല
  • രണ്ടാം പാദത്തിലെ റെക്കോഡ് ഡീല്‍ മൂല്യത്തില്‍ ഇത് ഉള്‍പ്പെടുത്തിയിരുന്നു
  • 15 വര്‍ഷത്തേക്കുള്ളതായിരുന്നു കരാര്‍


ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൊല്യൂഷനുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 1.5 ബില്യൺ ഡോളറിന്റെ കരാർ തങ്ങള്‍ക്ക് നഷ്ടമായതായി ഇന്‍ഫോസിസ് അറിയിച്ചു. നേരത്തേ തങ്ങളുമായി ഒപ്പിട്ട ധാരണാപത്രം (എംഒയു) അവസാനിപ്പിക്കാൻ ഒരു ആഗോള കമ്പനി തീരുമാനിച്ചെന്നാണ് എക്സ്ചേഞ്ച് ഫയലിംഗില്‍ ഇൻഫോസിസ് വ്യക്തമാക്കിയിട്ടുള്ളത്. കരാറില്‍ നിന്ന് പിന്‍വാങ്ങിയ കമ്പനിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

2023 സെപ്റ്റംബറിൽ 15 വർഷത്തേക്കായി ഒപ്പുവെച്ച കരാറാണ് ഇത്. ഐടി സേവന ഉപഭോക്താക്കളുടെ ആവശ്യകതയിലും വിവിധ കമ്പനികളുടെ ടെക്നോളജി ബജറ്റിലും വർദ്ധിച്ചുവരുന്ന അനിശ്ചിതത്വത്തെ ഇത് സൂചിപ്പിക്കുന്നു. ഇന്‍ഫോസിസിന്‍റെ സിഎഫ്ഒ സ്ഥാനത്തു നിന്ന് നിലഞ്ജൻ റോയ് ആകസ്മികമായി രാജിവച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് വലിയൊരു കരാര്‍ നഷ്ടം സംഭവിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

കരാര്‍ റദ്ദാക്കപ്പെട്ടതിനുള്ള കാരണവും ഇന്‍ഫോസിസ് വെളിപ്പെടുത്തിയിട്ടില്ല. ഇൻഫോസിസിന്റെ പ്ലാറ്റ്‌ഫോമും എഐ സൊല്യൂഷനുകളും ഉപയോഗിച്ച് ഡിജിറ്റൽ അനുഭവങ്ങൾ നൽകുന്നതിന് ഇൻഫോസിസ് പ്രസ്തുത ആഗോള കമ്പനിയുമായി മുമ്പ് സഹകരിച്ചിരുന്നു.

സെപ്തംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിൽ, 7.7 ബില്യൺ ഡോളറിന്റെ ഇടപാടുകള്‍ സ്വന്തമാക്കിയെന്ന് ഇന്‍ഫോസിസ് വ്യക്തമാക്കിയിരുന്നു. ഒരു പാദത്തില്‍ നേടുന്ന എക്കാലത്തെയും ഉയര്‍ന്ന ഡീല്‍ മൂല്യമായിരുന്നു ഇത്. ഇപ്പോള്‍ റദ്ദാക്കപ്പെട്ട ഡീല്‍ കൂടി അതില്‍ കണക്കാക്കപ്പെട്ടിരുന്നു.

അഞ്ച് വർഷത്തിൽ എഐ, ഓട്ടോമേഷൻ അധിഷ്ഠിത സേവനങ്ങൾ നൽകുന്നതിന് നിലവിലുള്ള ഉപഭോക്താവുമായുള്ള 2 ബില്യൺ ഡോളറിന്റെ കരാറും ലിബർട്ടി ഗ്ലോബലുമായി 1.5 ബില്യൺ ഡോളറിന്റെ അഞ്ചു വര്‍ഷത്തേക്കുള്ള ഇടപാടും ഇപ്പോള്‍ ഇന്‍ഫോസിസിന്‍റെ കൈയിലുണ്ട്. ഈ ആഴ്ച എല്‍കെക്യു യൂറോപ്പിൽ നിന്നുള്ള 5 വർഷത്തെ ഇടപാടും സ്വന്തമാക്കിയതായി ഇൻഫോസിസ് റിപ്പോർട്ട് ചെയ്തു.