image

24 Jan 2024 2:47 PM IST

Corporates

വായ്പാ തട്ടിപ്പ്; ഡിഎച്ച്എഫ്എല്‍ മുന്‍ പ്രമോട്ടര്‍മാരുടെ ജാമ്യം റദ്ദാക്കി

MyFin Desk

loan fraud, supreme court cancels bail of former dhfl promoters
X

Summary

  • കഴിഞ്ഞ വര്‍ഷം ജൂലൈ 19 ന് കപില്‍ വാധവന്‍, സഹോദരന്‍ ധീരജ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
  • കണക്കുകളില്‍ കൃത്രിമം കാണിച്ച് ഫണ്ടുകൾ ദുരുപയോഗം ചെയ്തു
  • 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 34,615 കോടി രൂപയുടെ തട്ടിപ്പ് നടത്തി


ബാങ്ക് വായ്പപാ തട്ടിപ്പ് കേസില്‍ ഡിഎച്ച്എഫ്എല്‍ മുന്‍ പ്രമോട്ടര്‍മാരായ കപില്‍ വാധവന്‍, സഹോദരന്‍ ധീരജ് എന്നിവരുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 34,615 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. 2022 ഒക്ടോബര്‍ 15നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈ 19 ന് കപില്‍ വാധവന്‍, സഹോദരന്‍ ധീരജ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം അനുവദിക്കുന്നതില്‍ ഹൈക്കോടതിക്കും വിചാരണക്കോടതിക്കും പിഴവ് പറ്റിയെന്ന് ജസ്റ്റിസുമാരായ ബേല എം ത്രിവേദി, എസ് സി ശര്‍മ്മ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.

വിചാരണക്കോടതി പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ശരിവയ്ക്കുകയും ചെയ്തിരുന്നു. ഇതാണ് സുപ്രീ കോടതി റദ്ദാക്കിയത്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ വഞ്ചിക്കാന്‍ ഡിഎച്ച്എഫ്എല്‍ ഡയറക്ടര്‍മാരും മറ്റ് പ്രതികളും ക്രിമിനല്‍ ഗൂഢാലോചന നടത്തി. ഈ ഗൂഢാലോചനയുടെ തുടര്‍ച്ചയായി, ബാങ്കുകളെ 42,871.42 കോടി രൂപയുടെ വലിയ വായ്പകള്‍ അനുവദിക്കാന്‍ പ്രേരിപ്പിച്ചു തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍.

ഡിഎച്ച്എഫ്എല്ലിന്റെ കണക്കുകളില്‍ കൃത്രിമം കാണിച്ച് ഫണ്ടുകളുടെ ഗണ്യമായ ഭാഗം തട്ടിയെടുക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തു. നിയമാനുസൃത കുടിശ്ശിക തിരിച്ചടയ്ക്കുന്നതില്‍ സത്യസന്ധതയില്ലാതെ വീഴ്ച വരുത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.