image

4 May 2023 4:15 PM GMT

Company Results

അറ്റാദായം 94% വളര്‍ന്നു; 120% ലാഭവിഹിതം പ്രഖ്യാപിച്ച് അദാനി എന്റര്‍പ്രൈസസ്

MyFin Desk

Adani Enterprises
X

Summary

  • അറ്റാദായം കുതിച്ചുയര്‍ന്നു
  • വരുമാനത്തിലും വളര്‍ച്ച
  • മറ്റ് കമ്പനികള്‍ക്ക് അപവാദമായി എഇഎല്‍


അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി എന്റര്‍പ്രൈസ് ലിമിറ്റഡ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദ ഫലം പുറത്തുവിട്ടു.മൂന്ന് മാസം കൊണ്ട് കമ്പനി 441 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 227 കോടി രൂപയായിരുന്നു. 94 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ കമ്പനി നേടിയത്. ഈ പാദത്തിലെ പ്രവര്‍ത്തന വരുമാനം 12,727 കോടി രൂപയാണ്. മുന്‍ വര്‍ഷം സമാന പാദത്തില്‍ 8,808 കോടിയായിരുന്നു പ്രവര്‍ത്തന വരുമാനം.

അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ മാത്രം വാര്‍ഷിക അറ്റാദായം ഇരട്ടിയിലധികം വളര്‍ന്ന് 1,623 കോടി രൂപയായി. നേരത്തെ 721 കോടി രൂപയായിരുന്നു. വാര്‍ഷിക വരുമാനം 67,325 കോടി രൂപയാണ്. 150 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. ആകെ ചെലവ് 152 ശതമാനം ഉയര്‍ന്ന് 66307 കോടി രൂപയായിട്ടുണ്ട്. നേരത്തെ 26,214 കോടി രൂപയായിരുന്നു മൊത്തം ചെലവ്. വ്യാഴാഴ്ച നടന്ന ബോര്‍ഡ് മീറ്റിങ്ങില്‍ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഓഹരിയുടമകള്‍ക്ക് 120 ശതമാനം ലാഭവിഹിതം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

2022-23 ല്‍ ഒരു രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1.20 രൂപയാണ് ലാഭവിഹിതമായി നല്‍കുന്നത്. റെക്കോര്‍ഡ് തീയതിയായി 2023 ജൂലൈ 7 തീരുമാനിച്ചു. കമ്പനിയുടെ മാത്രം ഡെബ്റ്റ് ഇക്വിറ്റി റേഷ്യോ 0.21 ആണ്. മൊത്തം ആസ്തി 13,934 കോടി രൂപയാണ്. നേരത്തെ 5241 കോടി രൂപയായിരുന്നു. ഒരു ഓഹരിയുടെ ത്രൈമാസ വരുമാനം 3.87 രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഈ പാദത്തില്‍ അറ്റാദായം 140 ശതമാനം വര്‍ധനവോടെ 781 കോടി രൂപയായിട്ടുണ്ട്. ഏകീകൃത വരുമാനം മുന്‍വര്‍ഷം സമാന പാദത്തില്‍ 24,866 കോടി രൂപയായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 31,346 കോടി രൂപയായി. ഖനന-റോഡ് വിഭാഗത്തിലെ ബിസിനസില്‍ നിന്നാണ് പ്രധാനമായും കമ്പനിക്ക് ലാഭമുണ്ടാക്കാന്‍ സാധിച്ചത്.

റോഡ് നേടിയപ്പോള്‍ എയര്‍പോര്‍ട്ട് പൊളിഞ്ഞു

അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ അറ്റാദായ വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കിയത് ഖനന,റോഡ് ബിസിനസുകളില്‍ നിന്നാണ്. 2,688 കോടി രൂപയാണ് മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ വരുമാനം. മുമ്പ് 911 കോടി രൂപയായിരുന്നു. 195% ആണ് ഇത്തവണ വരുമാനം കുതിച്ചുയര്‍ന്നതെന്ന് കണക്കുകള്‍ പറയുന്നു. റോഡ് നിര്‍മാണ ബിസിനസില്‍ നിന്നും 268 ശതമാനം വളര്‍ച്ചയോടെ 3,260 കോടി രൂപയുടെ വരുമാനം നേടാന്‍ സാധിച്ചിട്ടുണ്ട്. അതേസമയം എയര്‍പോര്‍ട്ട് ബിസിനസിലും നേരിയ വളര്‍ച്ച നേടിയിട്ടുണ്ട്.

ഈ പാദത്തില്‍ എയര്‍പോര്‍ട്ട് വരുമാനം 60 ശതമാനം വര്‍ധിച്ച് 1,697 കോടി രൂപയായി (1,165 കോടി രൂപ). ഖനന ലാഭം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 114 കോടി രൂപയില്‍ നിന്ന് 311 ശതമാനം ഉയര്‍ന്ന് 469 കോടി രൂപയായി.

റോഡ് ഡിവിഷനില്‍ നിന്ന് കമ്പനി നേരത്തെ 100 കോടി രൂപയായിരുന്നു ലാഭം നേടിയിരുന്നത്. ഇത്തവണ 1430 കോടി രൂപയായി ലാഭം കുതിച്ചുയര്‍ന്നു. എന്നാല്‍ എയര്‍പോര്‍ട്ട് ഡിവിഷന്റെ ലാഭം 75 കോടി രൂപയില്‍ നിന്ന് 8 കോടി രൂപ നഷ്ടമായാണ് രേഖപ്പെടുത്തിയത്. ഇനി വാര്‍ഷികാടിസ്ഥാനത്തില്‍ കാര്യങ്ങള്‍ പരിശോധിച്ചാലും റോഡ് നിര്‍മാണ ബിസിനസില്‍ നിന്ന് 10 മടങ്ങ് ലാഭം വര്‍ധിച്ചതായി കാണാം. 1688 കോടിരൂപയാണിത്. എയര്‍പോര്‍ട്ട് വിഭാഗത്തിന്റെ ലാഭം 453 കോടി രൂപയാണ്.ഖനന വിഭാഗത്തില്‍ നിന്ന് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന് 943 കോടി രൂപ ലാഭം നേടാന്‍ സാധിച്ചിട്ടുണ്ട്.

2023 മാര്‍ച്ച് 31 വരെ അതിന്റെ മൊത്ത കടം 6.6 ശതമാനം അല്ലെങ്കില്‍ 2,704 കോടി രൂപ കുറഞ്ഞ് 38,320 കോടി രൂപയായി. 2022 മാര്‍ച്ചില്‍ ഇത് 41,024 കോടി രൂപയായിരുന്നു.പ്രൊമോട്ടര്‍മാരുടെ കടം 15.6 ശതമാനം അല്ലെങ്കില്‍ 1,987 കോടി രൂപ കുറഞ്ഞ് 10,544 കോടി രൂപയായി.