image

20 Feb 2023 11:04 AM IST

Corporates

ഇന്‍സ്റ്റാഗ്രാമിലെ ബ്ലൂ ബാഡ്ജ്; സേവനം ഇനി ഫീസടച്ചാല്‍ മാത്രം

MyFin Desk

instagram fee for verified profile blue tick
X

Summary

  • പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കുന്നത് പ്ലാറ്റ്‌ഫോമിന്റെ ആധികാരികതയും സുരക്ഷയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും സുക്കര്‍ബര്‍ഗ് അറിയിച്ചു.


സാന്‍ഫ്രാന്‍സിസ്‌കോ: ഇന്‍സ്റ്റാഗ്രാമില്‍ പേയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. വേരിഫിക്കേഷന്‍ ടിക്ക് ഉള്‍പ്പടെയുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് സ്വന്തമാക്കാന്‍ പ്രതിമാസം 11.99 ഡോളര്‍ മുതലുള്ള സ്‌കീമുകള്‍ ലഭ്യമാണെന്ന് മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു. ട്വിറ്റര്‍ ബ്ലൂ-ഗോള്‍ഡ് ടിക്ക് ഉള്‍പ്പെടുത്തിയ വേരിഫൈഡ് പ്രൊഫയലുകള്‍ക്ക് പ്രത്യേക സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ്ജ് ഏര്‍പ്പെടുത്തിയെന്ന എലോണ്‍ മസ്‌കിന്റെ അറിയിപ്പിന് പിന്നാലെയാണ് സുക്കര്‍ബര്‍ഗും സമാനമായ ചുവടുവെപ്പിലേക്ക് നീങ്ങിയിരിക്കുന്നത്.

പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കുന്നത് പ്ലാറ്റ്‌ഫോമിന്റെ ആധികാരികതയും സുരക്ഷയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും സുക്കര്‍ബര്‍ഗ് തന്റെ സമൂഹ മാധ്യമ പ്രൊഫയലിലൂടെ അറിയിച്ചു. ആദ്യഘട്ടത്തില്‍ ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമാകും പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കുക എന്നാണ് സൂചന.

സുരക്ഷാ അലവന്‍സ് കൂട്ടിയത് ഏതാനും ദിവസം മുന്‍പ്

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനും കുടുംബത്തിനുമായുള്ള സുരക്ഷാ അലവന്‍സ് 14 ദശലക്ഷം യുഎസ് ഡോളറായി ഉയര്‍ത്തിയെന്ന് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയില്‍ നിന്നും ആയിരക്കണക്കിന് പേരെ കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയതിന് പിന്നാലെയാണ് സുക്കര്‍ബര്‍ഗിന്റെ സുരക്ഷാ അലവന്‍സ് വര്‍ധിപ്പിച്ചിരിക്കുന്നത്. നേരത്തെ ഇത് 4 മില്യണ്‍ യുഎസ് ഡോളറായിരുന്നു.

സുക്കര്‍ബര്‍ഗിന്റെ സുരക്ഷ സംബന്ധിച്ച സംവിധാനങ്ങളില്‍ അടിമുടി മാറ്റം വരുത്തുകയാണെന്നും കമ്പനി പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്. 38 കാരനായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫോബ്‌സ് ബില്യണയര്‍ പട്ടികയില്‍ 16ാം സ്ഥാനത്താണ്. 2021ല്‍ മാത്രം സുക്കര്‍ബര്‍ഗിന്റെ പ്രതിഫലം 27 മില്യണ്‍ യുഎസ് ഡോളറായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.