20 Nov 2023 8:59 AM GMT
റിലയന്‍സ് ക്യാപിറ്റല്‍ ബോര്‍ഡില്‍ ഹിന്ദുജ ഗ്രൂപ്പ് ഡയറക്റ്റര്‍മാരെ അംഗീകരിച്ച് ആര്‍ബിഐ
MyFin Desk
Summary
- ഐഐഎച്ച്എല്‍ മുന്നോട്ടുവെച്ച റെസല്യൂഷന്‍ പദ്ധതിയിലും ആര്‍ബിഐക്ക് എതിര്‍പ്പില്ല
- റെസല്യൂഷന്‍ പ്ലാനിന് ഇതുവരെ എന്‍സിഎല്‍ടി അംഗീകാരം നല്‍കിയിട്ടില്ല
പാപ്പരത്വ നടപടിക്രമങ്ങൾ നേരിടുന്ന റിലയൻസ് ക്യാപിറ്റലിന്റെ ബോർഡിൽ അഞ്ച് ഹിന്ദുജ ഗ്രൂപ്പ് പ്രതിനിധികളെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഡയറക്ടർമാരായി അംഗീകരിച്ചു. അമർ ചിന്തോപന്ത്, ശർദ്‍ചന്ദ്ര വി സരെഗോങ്കർ, മോസസ് ന്യൂലിംഗ് ഹാർഡിംഗ് ജോൺ, ഭൂമിക ബത്ര, അരുൺ തിവാരി എന്നിവരെയാണ് ഡയറക്റ്റര്‍മാരായി അംഗീകരിച്ചിട്ടുള്ളത്.
റിലയൻസ് ക്യാപിറ്റലിനായി ഐഐഎച്ച്എല്‍ മുന്നോട്ടുവെച്ചിട്ടള്ള 10,000 കോടി രൂപ റെസല്യൂഷൻ പ്ലാനിലും എതിര്‍പ്പുകളില്ലെന്ന് കേന്ദ്രബാങ്ക് അറിയിച്ചിട്ടുണ്ട്. പാപ്പരായ കമ്പനിയുടെ നിയന്ത്രണം ഐഐഎച്ച്എല്‍-ന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഐഐഎച്ച്എല്‍ ബിഎഫ്എസ്ഐ(ഇന്ത്യ) ഏറ്റെടുക്കുന്നതിനാണ് റെസല്യൂഷന്‍ പ്ലാന്‍ നിര്‍ദേശിക്കുന്നത്.
നിയന്ത്രണത്തിന്റെയും മാനേജ്മെന്റിന്റെയും മാറ്റത്തിന് അനുസൃതമായി, ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇൻഡസ്ഇൻഡ് ബാങ്കുമായുള്ള ഏത് ഇടപാടില്‍ നിന്നും റിലയന്‍സ് ക്യാപിറ്റല്‍ അകലം പാലിക്കണമെന്ന് ആർബിഐ വ്യവസ്ഥ ചെയ്തിട്ടുണ്ട്. റെസല്യൂഷൻ പ്ലാൻ നടപ്പിലാക്കിയതിന് ശേഷം, ഓഹരി പങ്കാളിത്തത്തിലെ ഏത് മാറ്റവും ആർബിഐയുടെ മുൻകൂർ അനുമതിക്ക് വിധേയമായിരിക്കും.
റിലയൻസ് ക്യാപിറ്റലിന്റെ വായ്പാ ദാതാക്കള്‍ നടത്തിയ രണ്ടാം ഘട്ട ലേലത്തിനെതിരായ ടോറന്റ് ഇൻവെസ്റ്റ്‌മെന്റിന്റെ ഹർജിയിൽ സുപ്രീം കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ലാത്തതിനാൽ ഐഐഎച്ച്എല്‍-ന്റെ റെസല്യൂഷൻ പ്ലാനിന് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി) ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല
സുപ്രീം കോടതി ടോറന്റിന്റെ ഹർജിയിൽ ഈ ആഴ്ച വാദം കേൾക്കുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ ടോറന്റായിരുന്നു ലേലത്തില്‍ മുന്നിലെത്തിയത്.