image

24 Nov 2026 11:30 AM IST

Corporates

ടാറ്റ സണ്‍സില്‍ ഭിന്നത രൂക്ഷം; ലിസ്റ്റിംഗിനെതിരെ നോയല്‍, നിര്‍ണായക യോഗം മാറ്റി

MyFin Desk

rift intensifies at tata sons, meeting rescheduled to the 30th, noel opposes listing
X

Summary

ലിസ്റ്റിംഗ് ഒഴിവാക്കാന്‍ ബദല്‍ നിര്‍ദേശവും നോയല്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ടാറ്റ ഇലക്ട്രോണിക്‌സ് സിസ്റ്റംസ് സൊല്യൂഷന്‍സ്, ടാറ്റ കണ്‍സള്‍ട്ടിംഗ് എന്‍ജിനീയേഴ്‌സ് എന്നീ കമ്പനികളെ ടാറ്റ സണ്‍സില്‍ ലയിപ്പിച്ച് അതിനെ പ്രവര്‍ത്തന കമ്പനിയായാക്കി മാറ്റുകയാണ് നിര്‍ദേശം


ടാറ്റ സണ്‍സിന്റെ നിര്‍ണായക ബോര്‍ഡ് യോഗം നവംബര്‍ 26-ല്‍ നിന്ന് 30-ലേക്ക് മാറ്റി. ടാറ്റ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ നോയല്‍ ടാറ്റയുടെ ആവശ്യപ്രകാരമാണ് തീരുമാനം. യോഗത്തിന്റെ അജണ്ടയും അനുബന്ധ രേഖകളും വൈകിയാണ് ലഭിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡയറക്ടര്‍മാര്‍ക്ക് രേഖകള്‍ പരിശോധിക്കാന്‍ മതിയായ സമയം ലഭിച്ചില്ലെന്നും ചട്ടപ്രകാരം ഏഴ് ദിവസം മുമ്പ് രേഖകള്‍ നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ രേഖകള്‍ നവംബര്‍ 22-നാണ് അപ്ലോഡ് ചെയ്തത്.

ഇതിന് പിന്നാലെ വലിയൊരു തര്‍ക്കവും പുറത്തുവന്നു. ആര്‍ബിഐയുമായി നടത്തിയ എല്ലാ കത്തിടപാടുകളുടെയും പകര്‍പ്പ് കമ്പനി നോയല്‍ ടാറ്റയ്ക്ക് നല്‍കി. എന്നാല്‍ സെപ്റ്റംബര്‍ 17-ലെ ബോര്‍ഡ് യോഗത്തിന്റെ റെക്കോര്‍ഡിംഗ് നല്‍കിയില്ല. ഡയറക്ടര്‍ എന്ന നിലയില്‍ തനിക്ക് അത് കാണാന്‍ അവകാശമുണ്ടെന്ന് നോയല്‍ പറയുന്നു. എന്നാല്‍ അന്ന് എല്ലാ ഡയറക്ടര്‍മാരും നേരിട്ട് ഹാജരായിരുന്നു എന്നാണ് കമ്പനിയുടെ വാദം. വെര്‍ച്വലായി പങ്കെടുക്കുമ്പോള്‍ മാത്രമേ റെക്കോര്‍ഡിംഗ് നല്‍കൂ എന്നും കമ്പനി പറയുന്നു.

ടാറ്റ സണ്‍സിന്റെ ഓഹരി വിപണി ലിസ്റ്റിംഗാണ് തര്‍ക്കത്തിന്റെ പ്രധാന വിഷയം. ആര്‍ബിഐയുടെ അപ്പര്‍-ലെയര്‍ എന്‍ബിഎഫ്‌സി വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ ടാറ്റ സണ്‍സ് ലിസ്റ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. നവംബര്‍ 16-നും ആര്‍ബിഐ ഇക്കാര്യം ആവര്‍ത്തിച്ചു. ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനും ബോര്‍ഡിലെ ഭൂരിഭാഗം അംഗങ്ങളും ലിസ്റ്റിംഗിനെ പിന്തുണയ്ക്കുമ്പോള്‍ നോയല്‍ ടാറ്റ ഇതിനെ എതിര്‍ക്കുകയാണ്. ലിസ്റ്റിംഗ് ടാറ്റ ഗ്രൂപ്പിന്റെ നിലവിലെ പ്രവര്‍ത്തനരീതിയില്‍ മാറ്റമുണ്ടാക്കുമെന്നാണ് അദ്ദേഹത്തിന്റെ ആശങ്ക.

ലിസ്റ്റിംഗ് ഒഴിവാക്കാന്‍ ബദല്‍ നിര്‍ദേശവും നോയല്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ടാറ്റ ഇലക്ട്രോണിക്‌സ് സിസ്റ്റംസ് സൊല്യൂഷന്‍സ്, ടാറ്റ കണ്‍സള്‍ട്ടിംഗ് എന്‍ജിനീയേഴ്‌സ് എന്നീ കമ്പനികളെ ടാറ്റ സണ്‍സില്‍ ലയിപ്പിച്ച് അതിനെ പ്രവര്‍ത്തന കമ്പനിയായാക്കി മാറ്റുകയാണ് നിര്‍ദേശം. നവംബര്‍ 30-ലെ യോഗത്തില്‍ ഈ നിര്‍ദേശം വോട്ടിനിടും. ലിസ്റ്റിംഗിനെ അനുകൂലിച്ച് 5:1 എന്ന അനുപാതത്തില്‍ വോട്ട് ലഭിക്കുമെന്നാ ണ് ഉദ്യോ ഗസ്ഥര്‍ നല്‍കുന്ന സൂചന. ഷാപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ ഓഹരി, ടാറ്റ എഐജി, അഗ്രതാസ്, തേജസ് എന്നിവയുടെ ബിസിനസ് അവലോകനം, അസാധാരണ പൊതുയോഗത്തിന്റെ തീയതി എന്നിവയും യോഗത്തില്‍ ചര്‍ച്ചയാകും.