image

4 Jan 2023 3:04 PM IST

Corporates

തലങ്ങും വിലങ്ങും 'ചുമ്മാ' മീറ്റിംഗുകള്‍; സമയം കൊല്ലിയായ യോഗങ്ങള്‍ ഒഴിവാക്കി ഇ-കൊമേഴ്‌സ് കമ്പനി

MyFin Desk

office meeting
X

Summary

  • 50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന മീറ്റിംഗുകള്‍ വ്യാഴാഴ്ച്ചകളില്‍ മാത്രമേ നടത്താന്‍ അനുമതിയുള്ളൂ.


ഒട്ടാവ: അനാവശ്യ മീറ്റിംഗുകള്‍ കോര്‍പ്പറേറ്റുകള്‍ ഉള്‍പ്പടെയുള്ളവയിലെ പ്രൊഡക്ടിവിറ്റിയെ സാരമായി ബാധിക്കുന്ന സാഹചര്യത്തില്‍ മീറ്റിഗുകളോട് 'ഗുഡ്‌ബൈ' പറയാനുള്ള നീക്കത്തിലാണ് കനേഡിയന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ ഷോപ്പിഫൈ. രണ്ട് പേരിലധികം ഉള്‍പ്പെടുന്ന തുടര്‍ച്ചയായ മീറ്റിംഗുകള്‍ ഒഴിവാക്കുകയാണെന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

മാത്രമല്ല ബുധനാഴ്ച്ചകളില്‍ മീറ്റിംഗുകള്‍ നടത്താന്‍ പാടില്ലെന്ന നിയമം കമ്പനിയില്‍ മുന്‍പ് നിലനിന്നിരുന്നു. ഇത് വീണ്ടും കൊണ്ടുവരികയാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. 50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന മീറ്റിംഗുകള്‍ വ്യാഴാഴ്ച്ചകളില്‍ മാത്രമേ നടത്താന്‍ അനുമതിയുള്ളൂ. ഷോപ്പിഫൈ സിഒഒ കാസ് നെജാടിയാനാണ് ഇക്കാര്യം ട്വീറ്റ് വഴി പങ്കുവെച്ചത്.

രണ്ട് ആളുകളില്‍ കൂടുതല്‍ പങ്കെടുക്കുന്ന മീറ്റിംഗുകള്‍ റദ്ദാക്കുകയാണെന്നും, ജീവനക്കാര്‍ക്ക് അവരുടെ സമയം തിരികെ നല്‍കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു. കമ്പനി ജീവനക്കാര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഇന്റേണല്‍ ചാറ്റ് സംവിധാനവും നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് വ്യാപനം ശക്തമായി നിന്നിരുന്ന സമയത്ത് ഒട്ടേറെ വെര്‍ച്വല്‍ മീറ്റിംഗുകളാണ് കമ്പനി നടത്തിയിരുന്നത്.