image

23 Sept 2026 5:24 PM IST

Corporates

വിപണി വിഹിതം ഇടിഞ്ഞ് സ്പൈസ്ജെറ്റ്! 'ഇൻഡിഗോ 'എയറിൽ' തന്നെ.

MyFin Desk

വിപണി വിഹിതം ഇടിഞ്ഞ് സ്പൈസ്ജെറ്റ്! ഇൻഡിഗോ എയറിൽ തന്നെ.
X

Summary

ഓഗസ്റ്റിൽ സ്പൈസ്ജെറ്റിന്റെ വിപണി വിഹിതം 1.2 ശതമാനത്തിലേക്കും കൃത്യത നിരക്ക് 17.9 ശതമാനത്തിലേക്കും ഇടിഞ്ഞു. 65 ശതമാനം വിഹിതവുമായി ഇൻഡിഗോയും പിന്നാലെ എയർ ഇന്ത്യയും ആകാശ എയറും ആഭ്യന്തര വിമാന സർവീസ് വിപണിയിലെ മേൽക്കോയ്മ നിലനിർത്തി. എന്നാൽ സാമ്പത്തിക പ്രതിസന്ധിയും സർവീസ് തടസ്സങ്ങളും രൂക്ഷമായതോടെ സ്പൈസ്ജെറ്റിനെതിരെ ഡിജിസിഎ വിപുലമായ പ്രവർത്തന-സാമ്പത്തിക പരിശോധന ആരംഭിച്ചിരിക്കുകയാണ്.


ഇന്ത്യൻ ആഭ്യന്തര വിമാന സർവീസ് വിപണിയിൽ ബജറ്റ് എയർലൈനായ സ്പൈസ്ജെറ്റിന്റെ വിപണി വിഹിതം വെറും 1.2 ശതമാനമായി ഇടിഞ്ഞു. ഓഗസ്റ്റ് മാസത്തിൽ ആകെ 1.40 ലക്ഷം യാത്രക്കാരെ മാത്രമാണ് സ്പൈസ്ജെറ്റിന് കൊണ്ടുപോകാനായത്. വ്യോമയാന മേഖലയിലെ മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 6.34 ശതമാനം കുറവ് രേഖപ്പെടുത്തി 1.21 കോടിയായി ചുരുങ്ങി. വിമാനങ്ങൾ കൃത്യസമയത്ത് സർവീസ് നടത്തുന്നതിലും (ഓൺ-ടൈം പെർഫോമൻസ്) വലിയ പരാജയമാണ് സ്പൈസ്ജെറ്റ് നേരിട്ടത്; കമ്പനിയുടെ കൃത്യത നിരക്ക് കുത്തനെ ഇടിഞ്ഞ് 17.9 ശതമാനത്തിലെത്തി.

ഇൻഡിഗോ മുന്നിൽ; മൂന്നാം സ്ഥാനം നിലനിർത്തി ആകാശ എയർ

വിപണിയിൽ തങ്ങളുടെ അപ്രമാദിത്വം തുടരുന്ന ഇൻഡിഗോ 65 ശതമാനം വിപണി വിഹിതത്തോടെ ഒന്നാം സ്ഥാനം കാത്തുസൂക്ഷിച്ചു. ഓഗസ്റ്റിൽ മാത്രം 78.87 ലക്ഷം യാത്രക്കാരാണ് ഇൻഡിഗോയിൽ പറന്നത്. എയർ ഇന്ത്യ ഗ്രൂപ്പ് 26.7 ശതമാനം വിഹിതവും 32.32 ലക്ഷം യാത്രക്കാരുമായി രണ്ടാം സ്ഥാനത്ത് തുടർന്നു. പുതിയ വിമാനക്കമ്പനിയായ ആകാശ എയർ 5.5 ശതമാനം വിഹിതവും 6.68 ലക്ഷം യാത്രക്കാരുമായി മൂന്നാം സ്ഥാനം ഉറപ്പിച്ചു. കൃത്യസമയത്ത് സർവീസ് നടത്തുന്നതിൽ ഇൻഡിഗോ 91 ശതമാനവും ആകാശ എയർ 90.5 ശതമാനവും നേടി മുന്നിലെത്തിയപ്പോൾ എയർ ഇന്ത്യ 83.9 ശതമാനം നിരക്ക് കൈവരിച്ചു.

ഡിജിസിഎയുടെ കർശന പരിശോധനയും നിരീക്ഷണവും

സാമ്പത്തിക പ്രതിസന്ധിയും സർവീസ് തടസ്സങ്ങളും രൂക്ഷമായതോടെ സ്പൈസ്ജെറ്റിനെതിരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിപുലമായ പ്രവർത്തന-സാമ്പത്തിക പരിശോധന ആരംഭിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു വ്യക്തമാക്കി.

വിമാനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ, എൻജിനീയറിംഗ് സജ്ജീകരണങ്ങൾ, ജീവനക്കാരുടെ ശമ്പള കുടിശ്ശികകൾ എന്നിവ അതോറിറ്റി സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. എയർലൈൻ സർവീസുകൾ മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി കമ്പനിക്ക് ഡിജിസിഎ കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ സ്വീകരിക്കുക.