image

3 May 2023 11:45 AM IST

Corporates

വന്‍ പ്രതിസന്ധിയില്‍ ; യുകെയില്‍ അടച്ചുപൂട്ടാന്‍ ടാറ്റാസ്റ്റീല്‍?

MyFin Desk

steel prices fall - sell or hold shares of steel companies tata steel
X

Summary

  • 300 മില്യണ്‍ പൗണ്ട് അധിക മൂലധനം
  • 24 മാസങ്ങള്‍ നിര്‍ണായകം
  • സര്‍ക്കാരുമായി ചര്‍ച്ച


ടാറ്റാ സ്റ്റീല്‍ യുകെയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്ന് സിഇഓയും എംഡിയുമായ ടിവി നരേന്ദ്രന്‍. യുകെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മതിയായ പിന്തുണയില്ലെന്നും ടാറ്റാസ്റ്റീല്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതിനെ കുറിച്ച് ചിന്തിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഡീകാര്‍ബണൈസേഷന്‍ ട്രാന്‍സിഷന്‍ പ്രൊജക്ടിന് സര്‍ക്കാര്‍ മതിയായ ധനസഹായം നല്‍കുന്നില്ലെങ്കില്‍ തിരിച്ചടിയാകും. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനായി ബ്ലാസ്റ്റ് ചൂളകള്‍ക്ക് പകരം വൈദ്യുത ചൂളകള്‍ സ്ഥാപിക്കേണ്ടതുണ്ട്. ഡീ കാര്‍ബണൈസേഷന്‍ പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി യുകെ സര്‍ക്കാരില്‍ നിന്ന് ഒന്നര ബില്യണ്‍ പൗണ്ടിന്റെ സാമ്പത്തിക പാക്കേജ് കമ്പനി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും പോസിറ്റീവായുള്ള നീക്കങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. വരുന്ന 12 മുതല്‍ 24 മാസങ്ങള്‍ ടാറ്റാസ്റ്റീലിനെ സംബന്ധിച്ച് യുകെയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമാണെന്ന് ടാറ്റാ സ്റ്റീല്‍ എംഡി ടിവി നരേന്ദ്രന്‍ പറയുന്നു. ബിസിനസ് ലൈന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കാരണങ്ങള്‍ നിരവധി

പുതിയ മാറ്റങ്ങള്‍ നടപ്പാക്കാന്‍ മതിയാകുന്ന പണം യുകെ ബിസിനസില്‍ നിന്ന് ലഭിച്ചുതുടങ്ങിയിട്ടില്ല. കൂടാതെ യുകെയിലെ കോക്ക് ഓവന്‍, ബ്ലാസ്റ്റ് ഫര്‍ണസുകള്‍, സ്റ്റീല്‍ മെല്‍റ്റ് ഷോപ്പുകള്‍ പോലുള്ള ഫാക്ടറികൡലെ ഉയര്‍ന്ന ആസ്തികളൊക്കെ കാലഹരണപ്പെട്ട് തുടങ്ങിയിട്ടുണ്ട്. പുതിയത് നിര്‍മിക്കാതെ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത് സുരക്ഷിതമല്ലാത്ത സാഹചര്യമാണ്. അതുകൊണ്ട് തന്നെ മതിയായ സാമ്പത്തിക പിന്തുണയില്ലെങ്കില്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന സാഹചര്യമാണെന്ന് നരേന്ദ്രന്‍ പറയുന്നു. എന്നാല്‍ പണത്തിന് വേണ്ടി ഒരുപാട് സമയം കാത്തിരിക്കാനും സാധിക്കില്ല. അതുകൊണ്ട് തന്നെ അടച്ചുപൂട്ടുന്നതിന് മുന്നോടിയായി യുകെ സര്‍ക്കാരുമായും ഔദ്യോഗിക വൃത്തങ്ങളുമായും കൂടിയാലോചനകളും നിയമാനുസൃത നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 12 മുതല്‍ 24 മാസങ്ങള്‍ക്കുള്ളില്‍ തന്നെ പ്ലാന്റില്‍ പുതിയ സംവിധാനങ്ങള്‍ നടപ്പാക്കാനുള്ള പരമാവധി കാലയളവാണെന്നാണ് വിവരം. ഇതൊക്കെ പരിഷ്‌കരിക്കാന്‍ സാധിക്കാത്ത പക്ഷം സ്റ്റീല്‍ പ്ലാന്റ് ബിസിനസില്‍ യുകെയില്‍ ഷട്ടര്‍ വീഴുമെന്നാണ് ടാറ്റാ അധികൃതരില്‍ നിന്നുള്ള സൂചന. അതേസമയം സര്‍ക്കാര്‍ സാമ്പത്തികമായി പിന്തുണ നല്‍കിയാല്‍ തുടരാനുള്ള താല്‍പ്പര്യവും കമ്പനി നല്‍കുന്നുണ്ട്.

എബിറ്റാഡ നഷ്ടം

ടാറ്റാസ്റ്റീലിന്റെ യൂറോപ്പിലെ ബിസിനസുകളില്‍ പ്രത്യേകിച്ചും യുകെ യൂനിറ്റ് നഷ്ടത്തിലാണെന്നാണ് വിവരം. 2022 മാര്‍ച്ച് മാസം സമാപിച്ച നാലാം പാദത്തില്‍ ബിസിനസില്‍ നഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. ടാറ്റാസ്റ്റീല്‍ യൂറോപ്പിന്റെ എബിറ്റാഡ നഷ്ടം 1,641 കോടി രൂപയാണ്. മുന്‍വര്‍ഷം സമാന പാദത്തില്‍ എബിറ്റാഡ നേട്ടമായി 4349 കോടി രൂപ രേഖപ്പെടുത്തിയിരുന്നു. ശ്രേണി അടിസ്ഥാനത്തില്‍ നോക്കിയാല്‍ ടാറ്റാ സ്റ്റീല്‍ യൂറോപ്പിന് ഡിസംബറിലെ ത്രൈമാസ ഫലത്തിലും എബിറ്റാഡ നഷ്ടത്തില്‍ തന്നെയാണ് ഉണ്ടായിരുന്നത്. 1551കോടി രൂപയായിരുന്നു ഇത്. ഓഡിറ്റര്‍മാരുടെ അഭിപ്രായത്തില്‍ ടാറ്റാ സ്റ്റീല്‍ യൂറോപ്പ് വലിയ ആശങ്കയിലേക്കാണ് നീങ്ങുന്നത്. ഭാവിയിലേക്ക് മതിയായ നിക്ഷേപമില്ലാതെ കമ്പനിക്ക് മുമ്പോട്ട് പോകുന്നത് ബുദ്ധിമുട്ടാണെന്ന് ഓഡിറ്റര്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

2024 ജൂണിന് മുമ്പോ കാലാവധി തീരുന്നതിന് മുമ്പോ ക്രെഡിറ്റ് തിരിച്ചടയ്ക്കുകയോ റീഫിനാന്‍സ് ചെയ്യുകയോ വേണമെന്ന് യുകെ ബിസിസന് വിഭാഗത്തിന് ടാറ്റാ സ്റ്റീല്‍ യൂറോപ്പ് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ടിഎസ് ഗ്ലോബല്‍ പ്രൊക്വര്‍മെന്റ് കമ്പനി യുകെ യൂനിറ്റിന് മുന്നൂറ് മില്യണ്‍ പൗണ്ട് അധിക പ്രവര്‍ത്തന മൂലധനമായി നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ യൂനിറ്റിനെ പിടിച്ചുനിര്‍ത്താന്‍ വേണ്ടിയാണിത് . വരുന്ന 12 മാസം പ്രവര്‍ത്തിക്കാന്‍ വേണ്ടി കണക്കാക്കിയ തുകയേക്കാള്‍ കൂടുതലാണിത്. ഇതൊക്കെ ചിലപ്പോള്‍ യുകെ ബിസിനസിനെ തുടരാന്‍ പ്രേരിപ്പിച്ചേക്കാം.