image

21 Dec 2022 10:16 AM IST

Corporates

കൂട്ടപ്പിരിച്ചുവിടലിന് ഷവോമിയും, നീക്കം ഇന്ത്യന്‍ വിപണിയില്‍ മങ്ങലേല്‍ക്കുമ്പോള്‍

MyFin Desk

xiaomi
X

Summary

  • ഷവോമിയില്‍ സെപ്റ്റംബര്‍ 30 വരെ 35,314 ജീവനക്കാരാണുണ്ടായിരുന്നത്.


ചൈനയിലെ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഷവോമി കോര്‍പറേഷനും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങുന്നു. കമ്പനിയുടെ സ്മാര്‍ട്ട് ഫോണ്‍ യൂണിറ്റുകള്‍, ഇന്റര്‍നെറ്റ് സേവന ബിസിനസ് എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചു വിടുന്നതെന്നാണ് സൂചന. ചൈനയിലെ പ്രാദേശിക മാധ്യമങ്ങളും, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ വെയ്ബോ, ഷാവോഹോങ്സു, മിയാമി എന്നിവയിലെല്ലാം ഇതു സംബന്ധിച്ച പോസ്റ്റുകള്‍ വരുന്നെണ്ടെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ആദ്യഘട്ടത്തില്‍ 15 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് സൂചന.

ഷവോമിയില്‍ സെപ്റ്റംബര്‍ 30 വരെ 35,314 ജീവനക്കാരാണുണ്ടായിരുന്നത്. അതില്‍ 32,000 പേരും കമ്പനിയുടെ ആസ്ഥാനമായ ചൈനയിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുതുതായി നിയമിക്കപ്പെട്ട ജീവനക്കാരും പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നവംബറില്‍ മൂന്നാംപാദത്തിലെ വരുമാനത്തില്‍ 9.7 ശതമാനത്തിന്റെ കുറവാണ് കമ്പനി രേഖപ്പെടുത്തിയത്. കോവിഡ് നിയന്ത്രണങ്ങളും, ഉപഭോക്തൃ ഡിമാന്‍ഡിലെ കുറവുമായിരുന്നു ഇതിനു കാരണം. കമ്പനിയുടെ മൊത്തം വില്‍പ്പന വരുമാനത്തില്‍ 60 ശതമാനത്തോളം സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ ഇത് 11 ശതമാനത്തോളം കുറഞ്ഞുവെന്നും ഷവോമി വ്യക്തമാക്കിയിരുന്നു.

ഇന്ത്യയും യൂറോപ്പുമാണ് ഷവോമി ഫോണുകളുടെ ഏറ്റവും വിലിയ മാര്‍ക്കറ്റ്. ഈ വര്‍ഷത്തെ ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ സാംസങ്, ഒപ്പോ, റിയല്‍മീ എന്നീ ബ്രാന്‍ഡുകളുമായി ഷവോമി കടുത്ത മത്സരം നേരിടുന്നുണ്ടെന്നും മുന്‍വര്‍ഷത്തെക്കാള്‍ വില്‍പന കുറയുന്നുവെന്നും സര്‍വേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.