image

5 Oct 2023 9:36 AM GMT

News

ഇന്ത്യൻ കമ്പനി നിർമ്മിക്കുന്നത് വിഷം കലർന്ന സിറപ്പ്

MyFin Desk

indian company manufactures poisonous syrup
X

Summary

141 കുട്ടികളുടെ മരണത്തിന് ഇന്ത്യയില്‍ നിര്‍മ്മിച്ച കഫ് സിറപ്പുകള്‍ കാരണമായി


ഇന്ത്യയില്‍ നിന്നുള്ള നോറിസ് മെഡിസിന്‍സ് നിര്‍മ്മിക്കുന്ന കഫ് സിറപ്പും ആന്റി അലര്‍ജി സിറപ്പും വിഷാംശമുള്ളതാണെന്ന് ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്റിംഗ് അതോറിറ്റി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ലോകത്ത് 141 കുട്ടികളുടെ മരണത്തിന് ഇന്ത്യയില്‍ നിര്‍മ്മിച്ച കഫ് സിറപ്പുകള്‍ കാരണമായിയെന്ന് കണ്ടെത്തിയത് മാസങ്ങള്‍ക്കു മുമ്പായിരുന്നു.

കഴിഞ്ഞ വര്‍ഷം പകുതിയോടെ ഗാംബിയ, ഉസ്ബക്കിസ്ഥാന്‍, കാമറൂണ്‍ എന്നിവിടങ്ങളിലെ കുട്ടികളുടെ മരണത്തിന് ഇടയാക്കിയ മരുന്നുകളില്‍ അടങ്ങിയിട്ടുണ്ടായിരുന്ന ഡൈഥിലീന്‍ ഗ്ലൈക്കോള്‍ (ഡിഇജി) അല്ലെങ്കില്‍ എഥിലീന്‍ ഗ്ലൈക്കോള്‍ നോറിസ് മെഡിസിന്റെ മരുന്നുകളിലും അടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ മാസം നോറിസിന്റെ ഫാക്ടറിയില്‍ പരിശോധന നടത്തുകയും ഉല്‍പാദനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടുകയും ചെയ്തതായി ഗുജറാത്ത് സംസ്ഥാന ഫുഡ് ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ എച്ച് ജി കോഷിയ റോയിട്ടേഴ്‌സിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കമ്പനിയുടെ ഉത്പാദന ഗുണനിലവാര പരിശോധനയില്‍ പല മാനദണ്ഡങ്ങളും പാലിക്കുന്നതില്‍ കമ്പനി ദയനീയമായി പരാജയപ്പെട്ടു. 'മതിയായ ജല സംവിധാനം ഉണ്ടായിരുന്നില്ല. എയര്‍ ഹാന്‍ഡ്‌ലിംഗ് യൂണിറ്റും നിലവാരം പുലര്‍ത്തിയിരുന്നില്ല. പാതുജനാരോഗ്യം പരിഗണിച്ച് ഉല്‍പാദനം നിര്‍ത്താന്‍ ഉത്തരവ് നല്‍കിയെന്നും കോഷിയ പറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, നോറിസ് വിവാദങ്ങളോട് പ്രതികരിച്ചിട്ടില്ല.

ഫെഡറല്‍ ഡ്രഗ് റെഗുലേറ്ററായ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ് സിഒ) ഇന്ത്യയില്‍ നിന്നുള്ള ഫോര്‍ട്ട്‌സ് ലബോറട്ടറികള്‍ നിര്‍മ്മിച്ച മൂന്ന് ബാച്ച് കോള്‍ഡ് ഔട്ട് സിറപ്പും ഡിഇജിയും ഇജിയും കലര്‍ന്നതായി കണ്ടെത്തിയിരുന്നു. ഇത് ഓഗസ്റ്റില്‍ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്ത ഗുണനിലവാരമില്ലാത്ത വ്യാജമായ അല്ലെങ്കില്‍ മായം കലര്‍ന്ന ്ബ്രാന്‍ഡഡ് മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇറാഖില്‍ വില്‍ക്കുന്ന ഒരു ബാച്ച് കോള്‍ഡ് ഔട്ടിലും വലിയ അളവില്‍ ഡിഇജിയും ഇജിയും ഉണ്ടെന്ന് ലോകാരോഗ്യ സംഘടന ഓഗസ്റ്റില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനോട് ഫോര്‍ട്ട്‌സ് ചെയര്‍മാന്‍ എസ്.വി.വീരമണിയും പ്രതികരിക്കാന്‍ തയ്യാറായില്ലായിരുന്നു.

സര്‍ക്കാര്‍ പിന്തുണയുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനാണ് വീരമണി. അദ്ദേഹം ഓഗസ്റ്റില്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞത് കോള്‍ഡ് ഔട്ടിന്റെ സാമ്പിളുകളുടെ പരിശോധനയില്‍ വിഷവസ്തുക്കളോ മറ്റെന്തെങ്കിലും മോശമായ ഘടകങ്ങളോ ഇല്ലെന്നാണ്. ഉത്പന്നം മൂലം എന്തെങ്കിലും മോശം അനുഭവമോ, മരണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും 'വളരെയധികം ജാഗ്രതയോടെ, ഇറാഖ് വിപണിയിലെ ഉത്പന്നങ്ങളെല്ലാം ഞങ്ങള്‍ സ്വമേധയാ തിരിച്ചുവിളിച്ചമെന്നുമായിരുന്നു.