image

29 Sep 2023 11:43 AM GMT

News

മണ്‍സൂണില്‍ രാജ്യത്ത് ലഭിച്ച മഴ 814 മില്ലീമീറ്റര്‍

MyFin Desk

814 mm of rain received in the country during monsoon
X

Photo : Tibin Jose MyFin

Summary

  • കേരളം നേരിട്ടത് 36 ശതമാനം മഴക്കുറവ്
  • എല്‍ നിനോ പ്രതിഭാസമാണ് മഴക്കുറവിന് കാരണമായത്
  • ഏറ്റവും കുറവ് മഴ ലഭിച്ചത് മണിപ്പൂരില്‍


2023 ലെ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ സീസണ്‍ ( ജൂണ്‍- സെപ്റ്റംബര്‍) അവസാനിക്കവേ (സെപ്റ്റംബര്‍ 29 വരെ) രാജ്യത്തു ലഭിച്ചത് 814.9 മില്ലീമീറ്റര്‍. ഇത് സാധാരണ ലഭിക്കേണ്ട 865 മില്ലിമീറ്ററിനേക്കാള്‍ ആറു ശതമാനം കുറവാണ്.

തുടര്‍ച്ചയായി മൂന്നുവര്‍ഷം സാധാരണയേക്കാള്‍ മെച്ചപ്പെട്ട മഴ ലഭിച്ച ശേഷമാണ് 2023 സീസണില്‍ 6 ശതമാനം കുറവ് മഴ രേഖപ്പെടുത്തിയത്. എല്‍ നിനോ പ്രതിഭാസത്തില്‍ ആദ്യ മണ്‍സൂണ്‍ പകുതിയില്‍ മഴക്കുറവ് അനുഭവപ്പെട്ടുവെങ്കിലും രണ്ടാം പകുതിയില്‍ മഴ കനത്തിരുന്നു.

മഴ അല്‍പ്പം കുറഞ്ഞുവെങ്കിലും രാജ്യത്തെ ഖാരിഫ് വിതയുടെ വിസ്തൃതി മുന്‍വര്‍ഷത്തേക്കാള്‍ നേരിയ ഉയര്‍ച്ച കാണിച്ചിട്ടുണ്ട്. മഴയുടെ വരവില്‍ വലിയ കയറ്റിറക്കങ്ങള്‍ കാണിച്ച ഈ സീസണില്‍ റിസര്‍വോയറുകളിലെ ജലനിരപ്പ് 19 ശതമാനം കുറവാണ് കാണിച്ചിട്ടുള്ളത്.

മണ്‍സൂണ്‍ സീസണ് അവസാനം കുറിച്ചുകൊണ്ട് രാജസ്ഥാനില്‍നിന്ന് സെപ്റ്റംബര്‍ 25 മുതല്‍ മഴ പിന്‍മാറ്റം തുടങ്ങിയിട്ടുണ്ട്. സാധാരണ സെപ്റ്റംബര്‍ 17-നാണ് മണ്‍സൂണ്‍ പിന്‍വാങ്ങല്‍ ആരംഭിച്ചിരുന്നത്. മൂന്‍മാസങ്ങളിലെ മഴക്കുറവു നികത്താന്‍ താമസിച്ചുള്ള പിന്‍മാറ്റം സഹായിച്ചിട്ടുണ്ട്.

എന്നാല്‍ മധ്യേന്ത്യയിലും കിഴക്കന്‍ ഇന്ത്യയിലും രൂപമെടുത്ത ന്യൂന മര്‍ദ്ദം ഈ മേഖലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മെച്ചപ്പെട്ട മഴയ്ക്കു സാധ്യതയുണ്ട്.

കേരളത്തില്‍ 36 % മഴക്കുറവ്

രാജ്യത്തെ ഭൂവിസ്തൃതിയുടെ 18 ശതമാനം സ്ഥലത്ത് മഴക്കുറവ് അനുഭവപ്പെട്ടപ്പോള്‍ 11 ശതമാനം പ്രദേശത്ത് അധികമഴകിട്ടി. എഴുപത്തിയൊന്ന് ശതമാനം സ്ഥലത്ത് സാധാരണപോലെ മഴ ലഭിച്ചു. ഏറ്റവും കുറവ് മഴ ലഭിച്ചത് മണിപ്പൂരിലാണ്. സാധാരണ ലഭിക്കേണ്ട 1033 മില്ലീമീറ്ററിന്റെ സ്ഥാനത്ത് കിട്ടിയത് 559.3 മില്ലീമീറ്ററാണ്. തൊട്ടുടത്ത് കേരളമാണ്. ഈ സീസണില്‍ 2010.7 മില്ലീമീറ്റര്‍ മഴ കിട്ടേണ്ടിയിരുന്ന സ്ഥാനത്തു ലഭിച്ചത് 1292.3 മില്ലീമീറ്ററാണ്. കുറവ് 36 ശതമാനം. മിസോറം ( -28 ശതമാനം) ജാര്‍ഖണ്ഡ്, (-27 ശതമാനം), ബീഹാര്‍ (-24 ശതമാനം) ആസാം ( -20 ശതമാനം) തുടങ്ങിയവ മഴക്കുറവ് നേരിട്ട സംസ്ഥാനങ്ങളാണ്. കേരളത്തിന്റെ അയല്‍ സംസ്ഥാനമായ കര്‍ണാടകത്തില്‍ 18 ശതമാനം മഴക്കുറവ് കാണിച്ചപ്പോള്‍ തമിഴ്നാട്ടില്‍ 9 ശതമാനം അധികമഴ കിട്ടി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ അധികമഴ കിട്ടിയത് ലഡാക്കിലാണ്. നൂറ്റിമൂന്നു ശതമാനം കൂടുതല്‍. ഗുജറാത്തില്‍ 19 ശതമാനവും ആന്‍ഡമാനില്‍ 54 ശതമാനവും ചണ്ഡീഗഡില്‍ 43 ശതമാനവും തെലുങ്കാനയില്‍ 15 ശതമാനവും അധിക മഴ കിട്ടി.

ഖാരിഫ് വിത

സെപ്റ്റംബര്‍ 22 വരെ ഈ സീസണില്‍ 1103 ലക്ഷം ഹെക്ടറില്‍ ഖാരിഫ് വിളയിറക്കി. ഇതു മൂന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ 0.34 ശതമാനം കൂടുതലാണ്. ഇതില്‍ നെല്‍കൃഷിയുടെ വിസ്തൃതി 2.2 ശതമാനം വര്‍ധിച്ചു. അതേ സമയം പരുത്തിക്കൃഷിയുടെ വിസ്തൃതി 3 ശതമാനവൂം പയറുല്‍പ്പന്നങ്ങളുടെ കൃഷിവിസ്തൃതിയില്‍ 5 ശതമാനവും കുറവുണ്ടായിട്ടുണ്ട്.