21 May 2025 9:46 AM IST
Summary
- കോവിഡ് വ്യാപനത്തില്‍ കേരളം മുന്നില്‍
- ഇതുവരെ 95 സജീവ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു
- രാജ്യത്താകെ 257 അണുബാധ സ്ഥിരീകരിക്കപ്പെട്ടു
വീണ്ടുമൊരു മാസ്‌ക് കാലം കൂടി വരുമോ എന്ന ആശങ്കയിലാണ് പൊതുജനം. കാരണം മറ്റൊന്നുമല്ല, കോവിഡ് വകഭേദം ഏഷ്യയില്‍ അതിവേഗം പടരുന്നു. അതില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു.
രാജ്യത്ത് ഇതുവരെ 257 സജീവ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ രാജ്യത്ത് മുന്നിട്ടു നില്‍ക്കുന്നത് കേരളമാണ്. 95 സജീവ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്. ഒരു മരണവും ഇതുവരെ ഉണ്ടായിട്ടുണ്ട്. തൊട്ടുപിന്നാലെ മഹാരാഷ്ട്ര (44), തമിഴ്നാട് (34). കര്‍ണാടക (8), ഗുജറാത്ത് (6), ഡല്‍ഹി (3) തുടങ്ങിയ സംസ്ഥാനങ്ങളുമുണ്ട്. ഹരിയാന, രാജസ്ഥാന്‍, സിക്കിം എന്നിവിടങ്ങളിലും പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്‍ഫ്‌ലുവന്‍സ പോലുള്ള അസുഖങ്ങള്‍, കടുത്ത ശ്വാസകോശ അണുബാധകള്‍ എന്നിവ സംബന്ധിച്ച് ആശുപത്രികള്‍ ജാഗ്രത പാലിക്കണമെന്നും നിരീക്ഷിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാം , ഐസിഎംആര്‍ നെറ്റ്വര്‍ക്കുകള്‍ എന്നിവ വഴി അധികൃതര്‍ നിരീക്ഷണം നടത്തിവരുന്നു. ഇത് സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന ഏതെങ്കിലും മാറ്റങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും അവയോട് പ്രതികരിക്കുന്നതിനും സഹായിക്കുന്നു.
സിംഗപ്പൂരിലും ഹോങ്കോംഗിലും ചൈനയിലും മറ്റും രോഗം അതിവേഗം പടരുന്നുണ്ട്. സിംഗപ്പൂരില്‍ ഇപ്പോള്‍ 14,000ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
അതേസമയം, ഹോങ്കോങ്ങില്‍ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കോവിഡ്-അനുബന്ധ പ്രതിവാര മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്തു. മെയ് ആദ്യ വാരത്തില്‍ 31 മരണങ്ങള്‍. അവിടെ പുതിയ അണുബാധകള്‍ കഴിഞ്ഞ ആഴ്ച 972 ല്‍ നിന്ന് 1,042 ആയി ഉയര്‍ന്നു.
തെക്കുകിഴക്കന്‍ ഏഷ്യയില്‍ പുതിയൊരു തരംഗ അണുബാധയെക്കുറിച്ചുള്ള ആശങ്കകള്‍ ആഗോളതലത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ആരോഗ്യ അധികൃതര്‍ രാജ്യത്തിന്റെ തയ്യാറെടുപ്പ് അവലോകനം ചെയ്യുകയും ആഭ്യന്തര സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു.
സിംഗപ്പൂരിലും ഹോങ്കോങ്ങിലും കോവിഡ് കേസുകളുടെ കുത്തനെയുള്ള വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച സമഗ്രമായ അവലോകനം നടത്തിയിരുന്നു.
മുന്‍ കോവിഡ് വകഭേദങ്ങളുടെ അതേ രീതിയിലാണ് ഈ വൈറസും പടരുന്നത്. എന്നാല്‍ ഒരു പരിഭ്രാന്തിക്ക് അടിസ്ഥാനമില്ലെന്ന് അധികൃതര്‍ സൂചിപ്പിക്കുന്നു. എന്നാവല്‍ മറ്റ് രോഗങ്ങളുള്ളവര്‍ക്ക് ഇതൊരു ഭീഷണിയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
