21 Nov 2023 10:44 AM IST
Summary
പെട്ടെന്നുള്ള മരണത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്ന നിരവധി ഘടകങ്ങള്‍ പഠനം കണ്ടെത്തി
കോവിഡ്19 വാക്‌സിനേഷന്‍ ഇന്ത്യയിലെ ചെറുപ്പക്കാര്‍ക്കിടയില്‍ പെട്ടെന്നുള്ള മരണസാധ്യത വര്‍ധിപ്പിക്കുന്നില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പറഞ്ഞു.
നേരെമറിച്ച്, വാക്‌സിന്‍ കുറഞ്ഞത് ഒരു ഡോസ് സ്വീകരിക്കുന്നത് യഥാര്‍ത്ഥത്തില്‍ അത്തരം മരണങ്ങളുടെ സാധ്യത കുറയ്ക്കുമെന്നും ഐസിഎംആര്‍ പഠനം സൂചിപ്പിക്കുന്നു.
പെട്ടെന്നുള്ള മരണത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്ന നിരവധി ഘടകങ്ങള്‍ പഠനം കണ്ടെത്തി.
ചില ജീവിതശൈലി ശീലങ്ങള്‍ ഇന്ത്യയിലെ ചെറുപ്പക്കാര്‍ക്കിടയില്‍ പെട്ടെന്നുള്ള മരണങ്ങളുടെ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ടെന്നു പഠനം കണ്ടെത്തി. പെട്ടെന്നുള്ള മരണം സംഭവിച്ചിട്ടുള്ളതിന്റെ കുടുംബ പാരമ്പര്യം, ഉന്മാദ മരുന്നുകളുടെയോ വസ്തുക്കളുടെയോ ഉപയോഗം എന്നിവ പെട്ടെന്നുള്ള മരണത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം പറയുന്നു.
കോവിഡ്19 അണുബാധയുമായോ വാക്‌സിനേഷനുമായോ ബന്ധിപ്പിച്ച് ഇന്ത്യയിലെ ആരോഗ്യമുള്ള യുവാക്കളില്‍ പെട്ടെന്നുള്ള മരണങ്ങള്‍ നടക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതു കണക്കിലെടുത്താണു ഐസിഎംആര്‍ ഗവേഷണം നടത്തിയത്.
2021 ഒക്ടോബര്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെ നീണ്ടുനിന്നതായിരുന്നു ഗവേഷണം.
18-45 വയസ് പ്രായമുള്ള ആളുകളെ കേന്ദ്രീകരിച്ചായിരുന്നു പഠനം. ഇതില്‍ അറിയപ്പെടാത്ത രോഗങ്ങള്‍ ഇല്ലാത്തവരെയും വിശദീകരിക്കാനാകാത്ത കാരണത്താലും മരിച്ച 18നും 45നും ഇടയില്‍ പ്രായമുള്ളവരും ഉണ്ടായിരുന്നു.
യുവാക്കള്‍ക്കിടയില്‍ പെട്ടെന്നുള്ള മരണത്തിനു കോവിഡ്19 വാക്‌സിനേഷനുമായി ബന്ധമുണ്ടെന്ന പ്രചാരണങ്ങള്‍ ഐസിഎംആര്‍ തള്ളിക്കളയുന്നു. പകരം ഈ അപ്രതീക്ഷിത സംഭവങ്ങളില്‍ കൂടുതല്‍ പ്രധാന പങ്ക് വഹിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും, ജീവിതശൈലി രോഗങ്ങളുമാണെന്നും ഐസിഎംആറിന്റെ പഠനം വിരല്‍ ചൂണ്ടുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
