9 Jun 2025 1:48 PM IST
Summary
- കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരത്തിലേക്ക്
- ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 65 ആയി
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ആറായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 358 പുതിയ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് നിലവില്‍ രോഗികളുടെ എണ്ണം 6,491 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആറ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കര്‍ണാടകയില്‍ രണ്ട്, കേരളത്തില്‍ മൂന്ന്, തമിഴ്നാട്ടില്‍ ഒന്ന് എന്നിങ്ങനെയാണ് കണക്കുകള്‍.
കര്‍ണാടകയില്‍, 46 ഉം 78 ഉം വയസ്സുള്ള രണ്ട് പുരുഷന്മാര്‍ വിവിധ രോഗങ്ങളാല്‍ ചികിത്സയിലിരിക്കെ മരിച്ചു. ഇരുവര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചു. കേരളത്തില്‍, 51, 64, 92 വയസ്സ് പ്രായമുള്ള മൂന്ന് പുരുഷന്മാര്‍ വിവിധ അനുബന്ധ രോഗങ്ങളാല്‍ ചികിത്സയിലിരിക്കെ മരിച്ചു. ഇവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തമിഴ്നാട്ടില്‍ അനിയന്ത്രിതമായ പ്രമേഹവും ഗുരുതരമായ വൃക്കരോഗവുമുള്ള ഒരാളാണ് മരിച്ചത്.
2025 ജനുവരി 1 മുതല്‍ രാജ്യത്ത് കോവിഡ്-19 ബാധിച്ച് ഇതുവരെ 65 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കേരളത്തില്‍ 144 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തൊട്ടുപിന്നാലെ ഗുജറാത്തിലും പശ്ചിമ ബംഗാളിലും യഥാക്രമം 105 ഉം 71 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 624 പേര്‍ കോവിഡ് -19 ല്‍ നിന്ന് സുഖം പ്രാപിച്ചിട്ടുമുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ 1,957 സജീവ കേസുകള്‍ ഉള്ള കേരളം ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനമായി തുടരുന്നു.
പുതിയ ഒമിക്രോണ്‍ ഉപ വകഭേദങ്ങളാണ് ഇന്ത്യയില്‍ കോവിഡ് കേസുകളുടെ നിലവിലെ കുതിച്ചുചാട്ടത്തിന് കാരണം. ഇവയില്‍ വ്യാപന സാധ്യത വര്‍ദ്ധിച്ചതായാണ് സൂചന.