image

3 May 2023 7:35 AM GMT

News

പാപ്പരത്ത പരിഹാര നടപടികളുമായി ഗോ ഫസ്റ്റ്, 3 ദിവസത്തേക്ക് സര്‍വ്വീസുകള്‍ റദ്ദാക്കി

MyFin Desk

go first service
X

Summary

  • പ്രമോട്ടര്‍മാര്‍ മൂന്ന് വര്‍ഷത്തിനിടെ 3,200 കോടി രൂപ നിക്ഷേപം നടത്തി
  • ജെറ്റ് എയര്‍വേയ്‌സിന് ശേഷം പാപ്പരത്ത നടപടികള്‍ക്ക് പരിഹാരം തേടുന്ന എയര്‍ലൈൻ


മുംബൈ: സാമ്പത്തിക ബാധ്യതകള്‍ ഗുരുതരമായി ബാധിച്ചതിനാല്‍ ഗോ ഫസ്റ്റ് എയര്‍ലൈന്‍ സ്വമേധയാ പാപ്പരത്ത നടപടികളിലേക്ക് നീങ്ങുന്നു. ഇതേ തുടര്‍ന്ന് ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് എല്ലാ വിമാന സര്‍വ്വീസുകളും കമ്പനി റദ്ദാക്കിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ബുക്ക് ചെയ്ത് യാത്രക്കാര്‍ക്ക് മുഴുവന്‍ പണവും തിരിച്ച് നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. പ്രതിദിനം 30,000 യാത്രക്കാരാണ് കമ്പനിക്കുള്ളത്.

പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി എഞ്ചിനുകളുടെ ലഭ്യതക്കുറവ് മൂലം പകുതിയോളം വിമാനങ്ങള്‍ സര്‍വ്വീസ് നടത്താന്‍ കഴിയാത്ത അവസ്ഥയിലാണുള്ളത്. എഞ്ചിനുകളുടെ ലഭ്യക്കുറവ് മൂലം 28 ഓളം വിമാനങ്ങള്‍ സര്‍വ്വീസ് നടത്താന്‍ കഴിയാത്ത സ്ഥിതിയിലാണുള്ളത്. ഇതാണ് ഫണ്ട് പ്രതിസന്ധിയ്ക്ക് കാരണമായത്. 'നിര്‍ഭാഗ്യവശാല്‍ സ്വമേധയാ പാപ്പരത്ത നടപടികള്‍ ഫയല്‍ ചെയ്യേണ്ടി വന്നിരിക്കുകയാണ്. കമ്പനിയുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാനാണിത്, ' എയര്‍ലൈന്‍ സിഇഒ കൗശിക് ഖോന പറഞ്ഞു. പാപ്പരത്ത പരിഹാര നടപടികള്‍ സ്വമേധയാ ആവശ്യപ്പെട്ട് ഡെല്‍ഹിയിലെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. ജെറ്റ് എയര്‍വേയ്‌സിന് ശേഷം പാപ്പരത്ത നടപടികള്‍ക്ക് പരിഹാരം തേടുന്ന രണ്ടാമത്തെ വലിയ എയര്‍ലൈനാണ് ഗോ ഫസ്റ്റ്.

പ്രമോട്ടര്‍മാര്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എയര്‍ലൈനിലേക്ക് 3,200 കോടി രൂപയുടെ ഫണ്ട് നിക്ഷേപം നടത്തിയിട്ടുണ്ട്. മൊത്തം തുകയില്‍ 2,400 കോടി രൂപ കഴിഞ്ഞ 24 മാസത്തിനുള്ളിലുള്ളതാണ്. ഈ വര്‍ഷം ഏപ്രിലില്‍ 290 കോടി രൂപയാണ് നിക്ഷേപിച്ചത്. എയര്‍ലൈനിന്റെ തുടക്കം മുതല്‍ ഏതാണ്ട് 6500 കോടി രൂപയുടെ മൊത്ത നിക്ഷേപം നടന്നിട്ടുണ്ട്. കൂടാതെ ഗവണ്‍മെന്റിന്റെ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീമിന് (ECLGS) കീഴില്‍ ഗോ ഫസ്റ്റ് ഫണ്ട് സ്വീകരിച്ചിട്ടുണ്ട്. കമ്പനിയുടെ കട ബാധ്യത ഏതാണ്ട് 9000 കോടി രൂപയോളമാണ് കണക്കാക്കുന്നത്. 7000 ത്തോളം ജീവനക്കാരാണ് ഗോ ഫസ്റ്റിനുള്ളത്.

എഞ്ചിനുകള്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഒന്നര വര്‍ഷത്തിലേറെയായി പ്രാറ്റ് ആന്‍ഡ് വിറ്റ്‌നിയുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ് ഗോ ഫസ്റ്റ്.

ഏതാണ്ട് 17 വര്‍ഷത്തോളമായി വ്യോമയാന മേഖലയിലുള്ള കമ്പനിയാണ് ഗോ ഫസ്റ്റ്. വാഡിയ ഗ്രൂപ്പിന്റെ കീഴിലുള്ളതാണ് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്. അതേസമയം മുന്നറിയിപ്പ് കൂടാതെയാണ് കമ്പനി സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. ഈ നടപടിക്കെതിരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.