23 Nov 2023 12:59 PM IST
Summary
- നവംബര്‍ 26ന് ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി മാറും
- രാജ്യത്തിന്റെ തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ അതിശക്തമായി മഴയുണ്ടാകും
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊളളുന്ന ചുഴലിക്കാറ്റിന്റെ ഫലമായി വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴകനക്കുമെന്ന് സൂചന. ശനിയാഴ്ച ആന്‍ഡമാനിനു മുകളില്‍ ചുഴലിക്കാറ്റ് രൂപംകൊള്ളാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇത് ഈ വര്‍ഷത്തെ നാലാമത്തെ കൊടുങ്കാറ്റായി മാറുമെന്നും ഇന്ത്യ, ബംഗ്ലദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ കര തുടാൻ സാധ്യതയുണ്ടെന്നുമാണ് പ്രവചനം.
സാധാരണയായി, ഇന്ത്യന്‍ കടലില്‍ പ്രതിവര്‍ഷം നാല് കൊടുങ്കാറ്റുകള്‍ ഉണ്ടാകാറുണ്ട്. എന്നിരുന്നാലും, ചൂട് കൂടിയ സമുദ്രോപരിതല താപനില ഒരു വര്‍ഷത്തില്‍ നാലില്‍ കൂടുതല്‍ കൊടുങ്കാറ്റുകള്‍ക്ക് കാരണമാകും. വരാനിരിക്കുന്ന കൊടുങ്കാറ്റ് ഇന്ത്യന്‍ കടലില്‍ വര്‍ഷത്തിലെ ആറാമത്തെയും ബംഗാള്‍ ഉള്‍ക്കടലില്‍ നാലാമത്തെയും ആയിരിക്കും. പ്രതികൂല കാലാവസ്ഥ കാരണം കൂടുതല്‍ കൊടുങ്കാറ്റുകള്‍ ഉണ്ടാകാനുള്ള സാധ്യത സംഖ്യാ മാതൃകകള്‍ സൂചിപ്പിക്കുന്നു.
നവംബര്‍ 26ന് ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി മാറിയേക്കും. തല്‍ഫലമായി രാജ്യത്തിന്റെ തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ അതിശക്തമായി മഴയുണ്ടാകും. കേരളത്തിലുടനീളം കനത്തമഴയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത.
ചുഴലിക്കാറ്റിന്റെ ദിശ ഒന്നുരണ്ടു ദിവസത്തിനുള്ളില്‍ തിരിച്ചറിയാനാകുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.
നിലവില്‍ കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ്. പലജില്ലകളിലും അതിതീവ്ര മഴതന്നെയാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. പ്രത്യേകിച്ചും പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുലാവര്‍ഷത്തിന്റെ രൗദ്രത പ്രകടമാണ്. ജില്ലയില്‍ നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. 22ന് ഉച്ചക്ക് ശേഷം ജില്ലയില്‍ ആരംഭിച്ച മഴ വന്‍ നാശനഷ്ടങ്ങളും കെടുതികളും ജില്ലയിലുടനീളം സൃഷ്ടിച്ചു. ജില്ലയിലെ നദികളില്‍ അപകടകരമാംവിധം ജലനിരപ്പ് ഉയര്‍ന്നു.
ചില പ്രദേശങ്ങള്‍ വെള്ളത്താന്‍ ഒറ്റപ്പെടുകയും ചെയ്തു. ജില്ലയില്‍ രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടകരെ മാത്രം നിരോധനത്തില്‍ നിന്ന് ഒഴിവാക്കി.
ഇടുക്കി ജില്ലയിലും തോരാമഴയാണ് പെയ്തിറങ്ങുന്നത്. പല സ്ഥലങ്ങളിലും മണ്ണിടിച്ചിലുണ്ടായി. തിരുവന്തപുരത്തും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. പുലര്‍ച്ചെയാണ് പലയിടത്തും മഴ ശമിച്ചത്. നിലവില്‍ ആശങ്കപ്പെടേണ്ട അവസ്ഥ ഇല്ലെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.
എന്നാല്‍ ഇനി ദിവസങ്ങള്‍ക്കുശേഷം കനത്ത മഴ വരാനിരിക്കുന്നു എന്നത് ആശങ്ക ഉയര്‍ത്തുന്ന വസ്തുതയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
