5 Jan 2024 3:49 PM IST
Summary
- 2016-2017 സാമ്പത്തിക വര്‍ഷത്തില്‍ 10 കോടി രൂപയാണു താരം നികുതിയായി അടച്ചത്
- ഇന്ത്യയിലെ തന്നെ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് ദീപിക
- 2024 ജനുവരി 25ന് റിലീസ് ചെയ്യാനിരിക്കുന്ന ഫൈറ്റര്‍ എന്ന സിനിമയാണ് ദീപികയുടെ പുതിയ ചിത്രം
ബോളിവുഡ് താരം ദീപിക പദുക്കോണിന് ഇന്ന് 38-ാം ജന്മദിനം. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് ഇന്ന് ദീപിക പദുക്കോണ്‍.
നിരവധി സ്റ്റാര്‍ട്ടപ്പുകളിലും ബിസിനസ്സുകളിലും നിക്ഷേപം നടത്തിയിട്ടുള്ള ദീപികയുടെ കണക്കാക്കപ്പെടുന്ന ആസ്തി 500 കോടി രൂപയിലധികമാണ്.
ബോളിവുഡില്‍ ശ്രദ്ധേയമായ കരിയര്‍ കെട്ടിപ്പടുക്കാന്‍ ദീപിക 17 വര്‍ഷം ചെലവഴിച്ചു. ഇതിനിടെ അവര്‍ ആഗോളതലത്തിലുള്ള വിനോദ വ്യവസായത്തിലും ഒരു പ്രത്യേക സ്ഥാനം നേടിയെടുത്തു. 2020-ല്‍ പ്രമുഖ ആഡംബര ബ്രാന്‍ഡായ ലൂയി വിറ്റന്റെ ആദ്യ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറായി. തുടര്‍ന്ന് രണ്ട് വര്‍ഷത്തിനു ശേഷം മറ്റൊരു ആഡംബര ജ്വല്ലറി ബ്രാന്‍ഡായ കാര്‍ട്ടിയറിന്റെ അംബാസഡറുമായി.
അഡിഡാസ്, ഏഷ്യന്‍ പെയിന്റ്‌സ്, ലെവീസ്, ലോയ്ഡ്, പോട്ടറി ബാണ്‍, എന്‍യുഎ, ഡൈസണ്‍, ഖത്തര്‍ എയര്‍വേയ്‌സ്, കാര്‍ട്ടിയര്‍, ഡാബര്‍ അംല തുടങ്ങി ഐക്കണിക് ബ്രാന്‍ഡുകളുമായി ദീപിക സഹകരിക്കുന്നുണ്ട്. ഏറ്റവും പുതുതായി ബ്രാന്‍ഡ് അംബാസഡറായി ദീപിക രംഗത്തുവന്നിരിക്കുന്നത് ഹ്യുണ്ടായി എന്ന ബ്രാന്‍ഡിനു വേണ്ടിയാണ്.
എപിഗാമിയ, ഫര്‍ലെന്‍കോ, ബ്ലു സ്മാര്‍ട്ട്, ബെല്ലാട്രിക്‌സ്, ആറ്റംബെര്‍ഗ് ടെക്‌നോളജീസ്, ഫ്രണ്ട് റോ, മൊക്കോബാറ, സൂപ്പര്‍ ടെയ്ല്‍സ്, നുവ തുടങ്ങിയ സംരംഭങ്ങളില്‍ ദീപിക നിക്ഷേപം നടത്തിയിട്ടുണ്ട്.
2016-2017 സാമ്പത്തിക വര്‍ഷത്തില്‍ 10 കോടി രൂപയാണു താരം നികുതിയായി അടച്ചത്.
വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നികുതി അടയ്ക്കുന്ന അഭിനേത്രിയും ദീപിക പദുക്കോണ്‍ ആണ്.
2007-ല്‍ ഷാരൂഖ് നായകനായി അഭിനയിച്ച ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയാണ് ദീപിക ബോളിവുഡിലേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് പദ്മാവത് പോലുള്ള ശ്രദ്ധേയ സിനിമകളിലും പ്രധാന വേഷം ചെയ്തു.
2024 ജനുവരി 25ന് റിലീസ് ചെയ്യാനിരിക്കുന്ന ഫൈറ്റര്‍ എന്ന സിനിമയാണ് ദീപികയുടെ പുതിയ ചിത്രം. ഋത്വിക് റോഷനാണ് ഈ ചിത്രത്തിലെ നായകന്‍.
പഠിക്കാം & സമ്പാദിക്കാം
Home
