image

8 Nov 2023 4:07 PM IST

News

നോട്ട് നിരോധനത്തിന് 7 വര്‍ഷം; പ്രചാരത്തിലുള്ള നോട്ടുകളുടെ എണ്ണം 2016-നെക്കാള്‍ ഇരട്ടിയായി

MyFin Desk

7 years for demonetisation, number of notes in circulation has doubled from 2016
X

Summary

  • 2016 നവംബറില്‍ പ്രചാരത്തിലുണ്ടായിരുന്നത് 17 ലക്ഷം കോടി രൂപയുടെ കറന്‍സി നോട്ടുകള്‍
  • 2023 ഒക്ടോബറില്‍ പ്രചാരത്തിലുള്ളത്‌ 33 ലക്ഷം കോടി രൂപയുടെ കറന്‍സി നോട്ടുകള്‍


നോട്ട് നിരോധനത്തിന് ഇന്ന് (8-11-2023) ഏഴ് വര്‍ഷം തികയുന്നു. 500, 1000 രൂപയുടെ മൂല്യമുള്ള കറന്‍സി നോട്ടുകള്‍ 2016 നവംബര്‍ 8-ന് രാത്രി 8.15നാണ് അസാധുവാക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ് ഇക്കാര്യം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

വന്‍തോതില്‍ പ്രചരിക്കുന്ന കള്ളപ്പണം ഭീകരവാദത്തിനും അഴിമതിക്കും ഇടയാക്കുന്നതായി ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.

പേയ്‌മെന്റിന് കറന്‍സി നോട്ടുകള്‍ ഉപേക്ഷിച്ച് ഡിജിറ്റല്‍ സംവിധാനം പ്രോത്സാഹിപ്പിക്കുക എന്നതും നോട്ട് നിരോധനത്തിന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു.

2016 നവംബറില്‍ പ്രചാരത്തിലുണ്ടായിരുന്നത് 17 ലക്ഷം കോടി രൂപയുടെ കറന്‍സി നോട്ടുകളായിരുന്നു. എന്നാല്‍ 2023 ഒക്ടോബറില്‍ 33 ലക്ഷം കോടി രൂപയിലെത്തി.

ഇന്ന് നഗരജീവിതത്തിന്റെ പ്രധാന ഭാഗമായിരിക്കുന്നു യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് അഥവാ യുപിഐ.

2023 മെയ് വരെയുള്ള കണക്ക്പ്രകാരം, ഇന്ത്യയിലെ മൊത്തം ചില്ലറ കച്ചവടങ്ങളുടെ പണമിടപാടുകളില്‍ 78 ശതമാനവും നടന്നത് യുപിഐയിലൂടെയാണ്. കഴിഞ്ഞ മാസം നടന്ന യുപിഐ ഇടപാട് 17.6 ലക്ഷം കോടി രൂപയുടേതാണ്.

ലോക്കല്‍ സര്‍ക്കിള്‍സ് നടത്തിയ സര്‍വേ പ്രകാരം, കഴിഞ്ഞ 7 വര്‍ഷത്തിനിടെ വസ്തു വാങ്ങിയവരില്‍ 76 ശതമാനം പേര്‍ക്കും വിലയുടെ ഒരു ഭാഗം പണമായി നല്‍കേണ്ടി വന്നു.

ഇന്ത്യയിലെ 363 ജില്ലകളിലെ പൗരന്മാരില്‍ നിന്ന് 44,000 പ്രതികരണങ്ങളാണു സര്‍വേയ്ക്ക് ലഭിച്ചത്.

കഴിഞ്ഞ 12 മാസത്തിനുള്ളില്‍ പര്‍ച്ചേസുകള്‍ക്കായി പണം ഉപയോഗിച്ച 82 ശതമാനം ആളുകളും പലചരക്ക് സാധനങ്ങള്‍ക്കും ഭക്ഷണം കഴിക്കാനും, ഭക്ഷണ വിതരണ സേവനങ്ങള്‍ക്കുമാണ്.

വീട്ടുജോലിക്കാരുടെ ശമ്പളം നല്‍കാനും, മുടി വെട്ടാനും, വീട്ടു സാധനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്താനുമൊക്കെ കറന്‍സി നോട്ടുകള്‍ തന്നെയാണു ഇപ്പോഴും ഉപയോഗിക്കുന്നതെന്നു സര്‍വേ കണക്കുകള്‍ വ്യക്തമാക്കുന്നു.