image

2 Jan 2026 10:03 PM IST

News

Film Strike-ഇരട്ട നികുതി: സിനിമാ സമരം താത്കാലികമായി മാറ്റിവെച്ചു, സർക്കാർ ചർച്ചയ്ക്ക് സന്നദ്ധം

Vidhya N k

Film Strike-ഇരട്ട നികുതി: സിനിമാ സമരം താത്കാലികമായി മാറ്റിവെച്ചു, സർക്കാർ ചർച്ചയ്ക്ക് സന്നദ്ധം
X

ഇരട്ട നികുതിക്കെതിരെ പ്രഖ്യാപിച്ചിരുന്ന സിനിമാ സമരം ഉടനുണ്ടാകില്ലെന്ന് സിനിമാ സംഘടനകൾ അറിയിച്ചു. സർക്കാർ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചതിനെ തുടർന്നാണ് സമരം താത്കാലികമായി മാറ്റിവെച്ചത്. ഈ മാസം ഒൻപതിന് തിരുവനന്തപുരത്ത് സർക്കാർ–സിനിമാ സംഘടന ചർച്ച നടക്കും. ചർച്ചയ്ക്ക് ശേഷം തുടർനടപടികളിൽ തീരുമാനമെടുക്കുമെന്നാണ് ഫിലിം ചേംബർ യോഗത്തിൽ ധാരണയായത്.

വിനോദ നികുതി ഒഴിവാക്കണം

ജിഎസ്ടിക്കൊപ്പം സിനിമാ ടിക്കറ്റുകൾക്ക് ഏർപ്പെടുത്തിയ വിനോദ നികുതി ഒഴിവാക്കണമെന്നാണ് സിനിമാ സംഘടനകളുടെ പ്രധാന ആവശ്യം. വിനോദ നികുതി പിൻവലിക്കാത്ത പക്ഷം സർക്കാരുമായി സഹകരിക്കില്ലെന്ന് ഫിലിം ചേംബർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കെഎസ്എഫ്ഡിസി തിയേറ്ററുകൾക്ക് ജനുവരി ഒന്നുമുതൽ സിനിമ നൽകില്ലെന്ന തീരുമാനവും പ്രഖ്യാപിച്ചിരുന്നു.

സർക്കാരിനെതിരെ ഫിലിം ചേംബർ

നിലവിലെ സംവിധാനം സർക്കാരിനെ ചുങ്കക്കാരനാക്കി, സിനിമാക്കാരെ കളക്ഷൻ ഏജന്റുകളാക്കി മാറ്റുന്നുവെന്ന് ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ് ആരോപിച്ചു. സിനിമാ മേഖലയ്ക്ക് അനുകൂലമായി സർക്കാർ യാതൊരു പിന്തുണയും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ

മലയാള സിനിമാ മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നിർമാതാക്കളുടെ സംഘടനയും ഫിലിം ചേംബറും വ്യക്തമാക്കി. 2025ലെ ലാഭനഷ്ട കണക്കുകൾ പ്രകാരം മലയാള സിനിമയ്ക്ക് 530 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

2025ലെ കണക്കുകൾ

2025ൽ റിലീസായ 185 ചിത്രങ്ങളിൽ പത്ത് ചിത്രങ്ങൾ മാത്രമാണ് മുടക്കുമുതൽ തിരിച്ചു പിടിച്ചത്. 150 ചിത്രങ്ങൾ പരാജയപ്പെട്ടു. ഒൻപത് ചിത്രങ്ങൾ സൂപ്പർഹിറ്റായി, 16 ചിത്രങ്ങൾ ഹിറ്റായി. റീ റിലീസ് ചെയ്ത എട്ട് ചിത്രങ്ങളിൽ മൂന്ന് ചിത്രങ്ങൾ മാത്രമാണ് ശ്രദ്ധേയമായ വിജയം നേടിയത്.

സർക്കാരുമായുള്ള ചർച്ച സിനിമാ മേഖലയ്ക്ക് ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് സംഘടനകൾ. ചർച്ചയ്ക്ക് ശേഷം സമരപരിപാടികളിൽ അന്തിമ തീരുമാനം എടുക്കും.