image

8 Jan 2024 10:18 AM GMT

Politics

' ചലോ ലക്ഷദ്വീപ് ' ക്യാംപെയ്‌നുമായി ഈസ് മൈ ട്രിപ്പ്; മാലദ്വീപ് ഫ്‌ളൈറ്റ് ബുക്കിംഗ് റദ്ദാക്കി

MyFin Desk

easymytrip with chalo lakshadweep campaign cancels flight bookings to maldives
X

Summary

  • മൂന്ന് മന്ത്രിമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ സര്‍ക്കാരിന്റെ കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്നതല്ലെന്ന് മാലദ്വീപ് വിദേശകാര്യ മന്ത്രാലയം
  • ഇന്ത്യ മാലദ്വീപിനെ ലക്ഷ്യം വെക്കുന്നുവെന്നു മാലദ്വീപ് മന്ത്രിമാര്‍


ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ച് മാലദ്വീപ് മന്ത്രിമാര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി ഓണ്‍ലൈന്‍ ട്രാവല്‍ സ്ഥാപനമായ ഈസ് മൈ ട്രിപ്പ് (EaseMyTrip) മാലിദ്വീപിലേക്കുള്ള എല്ലാ ബുക്കിംഗുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

ഈസ് മൈ ട്രിപ്പ്, ലക്ഷദ്വീപിലേക്ക് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന ഒരു കാമ്പയിന്‍ ആരംഭിക്കുകയും ചെയ്തു.

നിശാന്ത് പിട്ടി, റികാന്ത് പിട്ടി, പ്രശാന്ത് പിട്ടി എന്നിവര്‍ ചേര്‍ന്ന് 2008-ല്‍ സ്ഥാപിച്ചതാണ് ഈസ് മൈ ട്രിപ്പ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 2 ന് ലക്ഷദ്വീപ് സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ മോദിയുടെ സന്ദര്‍ശനത്തെ പരാമര്‍ശിച്ച് മാലദ്വീപിലെ മന്ത്രിയായ അബ്ദുല്ല മഹ്‌സൂം മാജിദ് ഒരു പോസ്റ്റ് എക്‌സ് എന്ന പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

ഇന്ത്യ മാലദ്വീപിനെ ലക്ഷ്യം വെക്കുന്നുവെന്നും ബീച്ച് ടൂറിസത്തില്‍ ഇന്ത്യ വെല്ലുവിളി നേരിടുന്നുണ്ടെന്നുമാണ് മാജിദ് കുറിച്ചത്.

' എന്തൊരു കോമാളി, ഇസ്രയേലിന്റെ പാവ നരേന്ദ്ര മോദി ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് ഡൈവ് ചെയ്യുന്നു ' എന്നാണ് മറ്റൊരു മന്ത്രിയായ മറിയം എക്‌സില്‍ കുറിച്ചത്.

സംഭവം വിവാദമായതോടെ ഈ പോസ്റ്റ് മറിയം പിന്‍വലിച്ചു.

മൂന്ന് മന്ത്രിമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ സര്‍ക്കാരിന്റെ കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്നതല്ലെന്ന് മാലദ്വീപ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.