27 Dec 2025 4:14 PM IST
Summary
2026 രൂപയ്ക്ക് എങ്ങനെ? മൂല്യം ഇടിയുമോ? അതോ വീണ്ടും കുതിക്കുമോ?
2025ല്‍ ഇന്ത്യന്‍ രൂപ നേരിട്ടത് സമീപകാലത്തെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്. ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങളും വ്യാപാര യുദ്ധങ്ങളും ഇന്ത്യന്‍ കറന്‍സിയെ എങ്ങനെയെല്ലാമാണ് ബാധിച്ചത്? 2026 രൂപയ്ക്ക് എങ്ങനെയായിരിക്കും? 2025 ജനുവരി ഒന്നിന് ഡോളറിനെതിരെ 85.64 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം.
എന്നാല്‍ വര്‍ഷം അവസാനിക്കുമ്പോഴേക്കും ചിത്രം ആകെ മാറി. ഡിസംബറില്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 91.14 വരെ എത്തി. ഏകദേശം 6.4 ശതമാനത്തിന്റെ ഇടിവാണ് ഈ വര്‍ഷം രൂപ നേരിട്ടത്. സാധാരണ 2-3 ശതമാനം ഇടിവ് സ്വാഭാവികമാണെങ്കിലും, ഇത്തവണ അത് പരിധി ലംഘിച്ചു. എങ്കിലും ഡിസംബര്‍ 26-ഓടെ റിസര്‍വ് ബാങ്കിന്റെ സജീവമായ ഇടപെടലുകളെ തുടര്‍ന്ന് രൂപ 89.85 എന്ന നിലയിലേക്ക് തിരിച്ചുകയറിയിട്ടുണ്ട്.
എന്തുകൊണ്ടാണ് ഇടിവ്?
രൂപയെ തളര്‍ത്തിയ പ്രധാന ഘടകം വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പണം പിന്‍വലിച്ചതാണ്. 2024-ല്‍ 19 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയെങ്കിൽ, 2025-ല്‍ മാത്രം ഏകദേശം 10.8 ബില്യണ്‍ ഡോളറാണ് പിന്‍വലിച്ചത്. ഇതില്‍ ഓഹരി വിപണിയില്‍ നിന്ന് മാത്രം 18 ബില്യണ്‍ ഡോളര്‍ പുറത്തേക്കൊഴുകി. അമേരിക്കന്‍ രാഷ്ട്രീയത്തിലെ മാറ്റങ്ങളും വ്യാപാര നയങ്ങളിലെ അവ്യക്തതയുമെല്ലാം പിന്‍വാങ്ങലിന് കാരണമായി
ആഗോള ഘടകങ്ങളാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ കടുത്ത തീരുവ നയങ്ങളും ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ അനിശ്ചിതത്വവും നിക്ഷേപകരെ ആശങ്കയിലാഴ്ത്തി. ഇന്ത്യന്‍ ജിഡിപി വളര്‍ച്ചാ നിരക്ക് മികച്ചതാണെങ്കിലും, അമേരിക്ക ഏര്‍പ്പെടുത്തിയ 50 ശതമാനം തീരുവ ഇന്ത്യന്‍ കയറ്റുമതി മേഖലയ്ക്ക് വലിയ വെല്ലുവിളിയായി.
വിപണിയിലെ പണലഭ്യത ഉറപ്പാക്കാനും രൂപയെ സ്ഥിരപ്പെടുത്താനും റിസര്‍വ് ബാങ്ക് ശക്തമായ നടപടികളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 2 ലക്ഷം കോടി രൂപയുടെ ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍ വാങ്ങുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 29 മുതല്‍ ജനുവരി 22 വരെ നടപടികള്‍ തുടരും.
പുതുവർഷം രൂപക്ക് നേട്ടമാകുമോ?
ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ രൂപക്ക് നേട്ടമാകുമോ? നിലവില്‍ 50 ശതമാനമുള്ള താരിഫുകള്‍ കുറയുന്ന ഒരു വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ അത് ഇന്ത്യന്‍ വിപണിയിലേക്ക് നിക്ഷേപം തിരികെയെത്തിക്കും. ബ്ലൂംബെര്‍ഗ് ഇന്‍ഡക്‌സിൽ ഇന്ത്യന്‍ ബോണ്ടുകള്‍ ഈ സൂചികയില്‍ ഉള്‍പ്പെട്ടാല്‍ ഏകദേശം 25 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപം ഇന്ത്യന്‍ കടപ്പത്ര വിപണിയിലേക്ക് ഒഴുകിയെത്തും. യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാര കരാറും 2026-ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇതും രൂപക്ക് നേട്ടമാകാം.
സിംഗപ്പൂരിലെ ഡിബിഎസ് ബാങ്ക് ചൂണ്ടിക്കാട്ടുന്നത്, 2026 അവസാനത്തോടെ രൂപ 89.5 മുതല്‍ 92.8 വരെയുള്ള പരിധിയില്‍ നില്‍ക്കാനാണ് സാധ്യത എന്നാണ്. എന്നാല്‍ യുഎസ് വ്യാപാര കരാര്‍ വിജയിച്ചാല്‍ 86.3 രൂപ വരെയായി കരുത്താര്‍ജ്ജിച്ചേക്കാം. 2027 സാമ്പത്തിക വര്‍ഷത്തില്‍ രൂപ 89-90 നിലവാരത്തില്‍ തുടരുമെന്ന് കെയര്‍എഡ്ജ് റേറ്റിംഗ്സ് പ്രവചിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
