image

19 Sep 2023 6:10 AM GMT

Economy

പ്രത്യക്ഷ നികുതി സമാഹരണ൦ 3.55 ലക്ഷം കോടി, 23.5% വര്‍ധന

MyFin Desk

direct tax collection | income tax collection
X

Summary

  • സാമ്പത്തിക വര്‍ഷത്തില്‍ നികുതി സമാഹരണത്തില്‍ ലക്ഷ്യമിടുന്നത് 10 ശതമാനം വളര്‍ച്ച
  • മുൻകൂർ നികുതി പിരിവില്‍ 20.73 % വർധന


സെപ്റ്റംബര്‍ പകുതി വരെയുള്ള കണക്ക് പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷം കോർപ്പറേഷനുകളിൽ നിന്നും വ്യക്തികളിൽ നിന്നുമുള്ള മുൻകൂർ നികുതി പിരിവ് 20.73 ശതമാനം വർധിച്ച് 3.55 ലക്ഷം കോടി രൂപയിലെത്തി. മുന്‍ വര്‍ഷം സമാന കാലയളവില്‍ ഇത് 2.94 ലക്ഷം കോടി രൂപയായിരുന്നു. രണ്ടാം പാദത്തിലെ കമ്പനികളുടെ മെച്ചപ്പെട്ട ലാഭക്ഷമത, നികുതി പാലനം മെച്ചപ്പെട്ടത്, വിവിധ എൻഫോഴ്‌സ്‌മെന്റ് നടപടികൾ എന്നിവയാണ് നേരിട്ടുള്ള നികുതി സമാഹരണത്തിലെ വർദ്ധനവിന് കാരണം.. ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 16 വരെയുള്ള മൊത്തം മുൻകൂർ നികുതി പിരിവിൽ, ഇന്ത്യന്‍ കമ്പനികള്‍ 2.8 ലക്ഷം കോടി രൂപ സംഭാവന ചെയ്തപ്പോൾ, വ്യക്തികളില്‍ നിന്ന് 74,858 കോടി രൂപ സമാഹരിച്ചു.

മൊത്തത്തിലുള്ള പ്രത്യക്ഷ നികുതി പിരിവ് (റീഫണ്ടുകള്‍ കഴിച്ചുള്ളത്) 23.5 ശതമാനത്തിലധികം വളർച്ച കൈവരിച്ച് 8.65 ലക്ഷം കോടി രൂപയിലെത്തി. ഇതിൽ 4.16 ലക്ഷം രൂപ കോർപ്പറേറ്റ് ആദായനികുതിയാണ് സെക്യൂരിറ്റീസ് ഇടപാട് നികുതി ഉൾപ്പടെയുള്ള വ്യക്തിഗത ആദായനികുതി 4.47 ലക്ഷം കോടി രൂപയാണ്. നികുതി വരുമാനം വര്‍ധിക്കുന്നത് ചെലവിടല്‍ പദ്ധതികള്‍ കൂടുതല്‍ സുഗഗമമാക്കുന്നതിനും ധനക്കമ്മി കുറയ്ക്കുന്നതിനും സര്‍ക്കാരിനെ സഹായിക്കും.

മൊത്തം സാമ്പത്തിക വര്‍ഷത്തില്‍ 10 ശതമാനം വളര്‍ച്ച പ്രത്യക്ഷ നികുതി വരുമാനത്തില്‍ നേടുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇത് സുഗമമായി സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ സാമ്പത്തിക വർഷം (2023-24) പ്രത്യക്ഷ നികുതിയിനത്തിൽ 18.23 ലക്ഷം കോടി രൂപ സമാഹരിക്കുന്നതിനാണ് ബജറ്റ് നിര്‍ദേശിക്കുന്നത്. കോർപ്പറേറ്റുകളിൽ നിന്ന് 9.2 ലക്ഷം കോടി രൂപയും വ്യക്തികളിൽ നിന്ന് 9 ലക്ഷം കോടി രൂപയും സമാഹരണ ലക്ഷ്യമായി നിശ്ചയിച്ചിട്ടുണ്ട്.. ഏപ്രിൽ-ജൂലൈ കാലയളവിൽ കോർപ്പറേറ്റ് നികുതി വരുമാനത്തിൽ ഇടിവുണ്ടായതിനാൽ പ്രത്യക്ഷ നികുതി സമാഹരണം സംബന്ധിച്ച് ആശങ്ക ഉയര്‍ന്നിരുന്നു.