4 Jun 2025 11:44 AM IST
Summary
- സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വ്യാജം
- 100, 200 രൂപ നോട്ടുകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കും
ഇന്ത്യ ഡിജിറ്റല്‍ പേയ്മെന്റുകള്‍ വര്‍ദ്ധിപ്പിക്കുകയാണ്. എന്നാല്‍ ഈ സാഹചര്യത്തിലും 500 രൂപയുടെ നോട്ടുകള്‍ പ്രചാരത്തിലുണ്ടാകും എന്നുതന്നെയാണ് അധികൃതര്‍ നല്‍കുന്ന വിവരം. 500 രൂപയുടെ നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കാനൊരുങ്ങുന്നു എന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളും മറ്റും ജനങ്ങളെ അസ്വസ്ഥരാക്കിയിരുന്നു.
100, 200 രൂപ നോട്ടുകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ ബാങ്കുകളോടും എടിഎം ഓപ്പറേറ്റര്‍മാരോടും ആര്‍ബിഐ നിര്‍ദ്ദേശിച്ചിരുന്നു. കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെ ലഭ്യത മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എടിഎമ്മുമായി ബന്ധപ്പെട്ട ഈ നിര്‍ദ്ദേശങ്ങള്‍ എന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. ഇതാണ് തെറ്റിദ്ധാരണക്ക് വഴിയൊരുക്കിയത്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ആര്‍ബിഐയുടെ മുമ്പാകെ അത്തരമൊരു നിര്‍ദ്ദേശമില്ലെന്നും വൃത്തങ്ങള്‍ പറഞ്ഞു.
മഹാത്മാഗാന്ധി (പുതിയ) പരമ്പരയിലുള്ള പുതിയ 500 നോട്ടുകള്‍ ഇപ്പോഴും അച്ചടിച്ച് വിതരണം ചെയ്യുന്നുണ്ട്. ഇത് ആര്‍ബിഐയുടെ തുടര്‍ച്ചയായ 500 നോട്ടുകളുടെ ഉപയോഗത്തെ അടിവരയിടുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ നയരൂപകര്‍ത്താക്കള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, 500 നോട്ട് പിന്‍വലിക്കാന്‍ സമയപരിധിയോ നിര്‍ദ്ദേശമോ നിലവില്‍ ഇല്ല.
ന്യൂഡല്‍ഹിയില്‍ നടന്ന ഒരു സെമിനാറില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഈ സമീപനത്തിലെ മാറ്റത്തെ പ്രതിധ്വനിപ്പിച്ചു. ''കറന്‍സി താഴ്ന്ന മൂല്യങ്ങളിലായിരിക്കുമെന്നും ഉയര്‍ന്ന മൂല്യങ്ങളേക്കാള്‍ കൂടുതല്‍ ഉപയോഗിക്കുമെന്നും ഉറപ്പാക്കാന്‍ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തുന്നു' അവര്‍ പറഞ്ഞു.
''2000 രൂപ നോട്ട് പൂര്‍ണ്ണമായും പ്രചാരത്തിലില്ല, ഒരുപക്ഷേ 0.02% നോട്ട് ഇപ്പോഴും തിരിച്ചത്തിയിട്ടില്ല. മറ്റുള്ളവര്‍ അത് ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്,'' അവര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ഡിജിറ്റല്‍ പേയ്മെന്റുകള്‍ കുത്തനെ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. 2024 ഡിസംബറില്‍ മാത്രം 23.25 ലക്ഷം കോടി രൂപ മൂല്യമുള്ള 16.73 ബില്യണ്‍ ഇടപാടുകള്‍ യുപിഐ വഴി പ്രോസസ്സ് ചെയ്തു. നവംബറില്‍ 21.55 ലക്ഷം കോടിയില്‍ നിന്ന് ഇത് ഉയര്‍ന്നു. വാര്‍ഷിക യുപിഐ ഇടപാടുകള്‍ 2024 ല്‍ 172 ബില്യണിലെത്തി - മുന്‍ വര്‍ഷത്തേക്കാള്‍ 46% വര്‍ധനയാണിത്.
പഠിക്കാം & സമ്പാദിക്കാം
Home
