image

16 Jan 2023 6:08 AM GMT

Economy

ജിഎസ്ടിയുടെ 64% താഴെ തട്ടിലുള്ളവരുടെ സംഭാവന, ശതകോടീശ്വരൻമാരുടേത് 3% മാത്രം:'സര്‍വൈവല്‍ ഓഫ് റിച്ചസ്റ്റ്' റിപ്പോർട്ട്

MyFin Desk

ജിഎസ്ടിയുടെ 64% താഴെ തട്ടിലുള്ളവരുടെ സംഭാവന, ശതകോടീശ്വരൻമാരുടേത് 3% മാത്രം:സര്‍വൈവല്‍ ഓഫ് റിച്ചസ്റ്റ് റിപ്പോർട്ട്
X

Summary

രാജ്യത്തെ 10 ശതകോടീശ്വരന്മാര്‍ക്ക് ഒറ്റത്തവണ അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തിയാല്‍ (1.37 ലക്ഷം കോടി രൂപ) കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയം ഒരു വര്‍ഷം വകയിരുത്തുന്ന തുകയായ 86,200 കോടി രൂപയുടെ 1.5 ഇരട്ടി വരും.



ദാവോസ്: ഇന്ത്യയില്‍ സാമ്പത്തിക അന്തരം ഗുരുതരമാം വിധം വര്‍ധിക്കുകയാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഒരു ശതമാനത്തോളം വരുന്ന സമ്പന്നരുടെ പക്കലുള്ളത് മൊത്തം സമ്പത്തിന്റെ 40 ശതമാനം. അതേസമയം ഏറ്റവും താഴെ തട്ടില്‍ ജീവിക്കുന്ന 50 ശതമാനം ജനങ്ങളുടെ മൊത്തം ആസ്തി കണക്കാക്കിയാല്‍ അത് മൂന്നു ശതമാനത്തോളമേ ഉണ്ടാകു. ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ഒക്സ്ഫാം ഇന്റര്‍നാഷണല്‍ എന്ന എന്‍ജിഒയുടെ റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.

'സര്‍വൈവല്‍ ഓഫ് റിച്ചസ്റ്റ്' എന്ന റിപ്പോര്‍ട്ടില്‍ 2017 മുതല്‍ 2021 വരെയുള്ള കാലത്ത് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ശതകോടീശ്വരനാണ് ഗൗതം അദാനി. ഇക്കാലയളവില്‍ അദ്ദേഹം 1.79 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് സമാഹരിച്ചത്. ഇത് രാജ്യത്തെ അഞ്ച് ദശലക്ഷം പ്രൈമറി സ്‌കൂള്‍ ടീച്ചര്‍മാര്‍ക്ക് ശമ്പളം നല്‍കാനുള്ള തുകയുണ്ട്. രാജ്യത്തെ ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തിക്ക് ഒറ്റ തവണ രണ്ട് ശതമാനം നികുതി ഏര്‍പ്പെടുത്തിയാല്‍ ആ തുക 40,423 കോടി രൂപ വരും.

പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികള്‍ക്കായി വരുന്ന മൂന്ന് വര്‍ഷം ചെലവിടാന്‍ ഇതു മതി.. രാജ്യത്തെ 10 ശതകോടീശ്വരന്മാര്‍ക്ക് ഒറ്റത്തവണ അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തിയാല്‍ (1.37 ലക്ഷം കോടി രൂപ) കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയം ഒരു വര്‍ഷം വകയിരുത്തുന്ന തുകയായ 86,200 കോടി രൂപയുടെ 1.5 ഇരട്ടി വരും.

റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്തെ പുരുഷന്മാര്‍ ഒരു രൂപ വേതനം വാങ്ങിക്കുമ്പോള്‍ സ്ത്രീകളുടെ വേതനം 63 പൈസയാണ്. കോവിഡ് വ്യാപനം മുതല്‍ 2022 നവംബര്‍ വരെ രാജ്യത്തെ ശതകോടീശ്വരന്മാര്‍ അവരുടെ സമ്പത്തില്‍ 121 ശതമാനം അഥവാ 3,608 കോടി രൂപയാണ് ഒരു ദിവസമുണ്ടാക്കിയ നേട്ടം.

2021-22 ല്‍ രാജ്യത്തെ 14.83 ലക്ഷം കോടി രൂപയുടെ ജിഎസ്ടി കളക്ഷനില്‍ 64 ശതമാനവും രാജ്യത്തെ താഴെ തട്ടിലുള്ള 50 ശതമാനം ജനങ്ങളുടെ സംഭാവനയാണ്. ഉയര്‍ന്ന തട്ടിലുള്ള 10 ശതമാനം പേരില്‍ നിന്നും മൂന്ന് ശതമാനം ജിഎസ്ടി മാത്രമാണ് വരുന്നത്. റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്തെ ശതകോടീശ്വരന്മാര്‍ 2020 ല്‍ 102 ആയിരുന്നെങ്കില്‍ 2022 ല്‍ അത് 166 ആയി. 100 ശതകോടീശ്വരന്മാരുടെ സംയോജിത വരുമാനം 541.12 ലക്ഷം കോടി രൂപയാണ്.രാജ്യത്തെ 80 ശതമാനം ജനങ്ങളും കോവിഡില്‍ റിക്കോഡ് ലാഭമുണ്ടാക്കിയ കമ്പനികള്‍ക്കും കോര്‍പ്പറേറ്റ് സ്ഥാനപങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.