image

30 Sept 2023 9:00 AM IST

Economy

8 മുഖ്യ വ്യവസായങ്ങളുടെ വളര്‍ച്ച 14 മാസത്തെ ഉയര്‍ച്ചയില്‍

MyFin Desk

8 മുഖ്യ വ്യവസായങ്ങളുടെ വളര്‍ച്ച 14 മാസത്തെ ഉയര്‍ച്ചയില്‍
X

Summary

  • കഴിഞ്ഞ വര്‍ഷത്തെ താഴ്ന്ന നില ഇരട്ട അക്ക വളര്‍ച്ചയില്‍ പ്രതിഫലിക്കുന്നു
  • അഞ്ച് മുഖ്യ മേഖലകളില്‍ ഇരട്ടയക്ക വളര്‍ച്ച


വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയുടെ എട്ട് പ്രധാന മേഖലകളുടെ മൊത്തം വളര്‍ച്ച ഓഗസ്റ്റിൽ 12.1 ശതമാനം. കഴിഞ്ഞ 14 മാസങ്ങള്‍ക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. മുന്‍വര്‍ഷം ഓഗസ്റ്റിലെ താണതലമാണ് ഉയര്‍ന്ന നിരക്കിന്‍റെ പ്രധാന കാരണം. കൽക്കരി, ക്രൂഡ് ഓയിൽ, സ്റ്റീൽ, സിമന്റ്, വൈദ്യുതി, രാസവളങ്ങൾ, റിഫൈനറി ഉൽപന്നങ്ങൾ, പ്രകൃതിവാതകം എന്നിവയെയാണ് ഇന്ത്യയുടെ എട്ട് മുഖ്യവ്യവസായ മേഖലകളായി കണക്കാക്കുന്നത്.

ജൂലൈയിലെ കണക്ക് 8.0 ശതമാനത്തിൽ നിന്ന് 8.4 ശതമാനമായി പുതുക്കിയിട്ടുണ്ട്. 2022 ഓഗസ്റ്റിൽ പ്രധാന മേഖലയുടെ വളർച്ച 4.2 ശതമാനമായിരുന്നു.

ഏപ്രിൽ-ഓഗസ്റ്റ് മാസങ്ങളിൽ, മുഖ്യ മേഖലകളുടെ ഉൽപ്പാദന വളര്‍ച്ച 7.7 ശതമാനമാണ്. 2022-23ലെ ആദ്യ അഞ്ച് മാസങ്ങളില്‍ ഇത് 10.0 ശതമാനമാണ്.

സിമന്റ് (18.9 ശതമാനം), കൽക്കരി (17.9 ശതമാനം), വൈദ്യുതി (14.9 ശതമാനം), സ്റ്റീൽ (10.9 ശതമാനം), പ്രകൃതി വാതകം (10.0 ശതമാനം) എന്നിങ്ങനെ അഞ്ച് മുഖ്യ വ്യവസായങ്ങള്‍ ഉൽപ്പാദനത്തിൽ ഇരട്ട അക്ക വർധന ഓഗസ്റ്റില്‍ പ്രകടമാക്കി . ഓഗസ്റ്റിലെ കൽക്കരിയുടെയും വൈദ്യുതിയുടെയും ഉൽപാദനത്തിലെ വർധന 14 മാസത്തിനിടയിലെ ഏറ്റവും ഉയർന്നതാണ്, അതേസമയം സിമന്‍റ് 9 മാസ കാലയളവിലെയും പ്രകൃതി വാതകം 18 മാസങ്ങളിലെയും ഉയര്‍ന്ന വളര്‍ച്ച പ്രകടമാക്കി.

റിഫൈനറി ഉൽപന്നങ്ങളുടെ ഉൽപ്പാദനം ജൂലൈയിലെ 3.6 ശതമാനത്തിൽ നിന്ന് 9.5 ശതമാനമായി വർധിച്ചു 14 മാസത്തിനിടയിലെ ഏറ്റവും ഉയർന്നതാണിത്. ക്രൂഡ് ഓയില്‍ ഉൽപ്പാദനം 2.1 ശതമാനം ഉയർന്നു, 14 മാസങ്ങള്‍ക്കിടെ ആദ്യമായി ജൂലൈയിലാണ് ക്രൂഡ് ഉല്‍പ്പാദനം വര്‍ധന പ്രകടമാക്കിയത്.

ജൂലൈയെ അപേക്ഷിച്ച് (3.3 ശതമാനം) ഓഗസ്റ്റിൽ (1.8 ശതമാനം) കുറഞ്ഞ ഉൽപാദന വളർച്ച രേഖപ്പെടുത്തിയ ഏക മേഖല വളം ആണ്.