image

17 Sept 2026 11:11 AM IST

Economy

ഒരു ഫെഡറല്‍ പണി! ഇന്ത്യന്‍ വിപണിയിലും സമ്പദ് വ്യവസ്ഥയിലും ഇനി എന്തു സംഭവിക്കും?

Amritha Elizabath Abraham

ഒരു ഫെഡറല്‍ പണി!  ഇന്ത്യന്‍ വിപണിയിലും   സമ്പദ് വ്യവസ്ഥയിലും ഇനി എന്തു സംഭവിക്കും?
X

Summary

വിലക്കയറ്റം നിയന്ത്രിക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് വ്യക്തമാക്കിയ ഫെറല്‍ റിസര്‍വ് ഈ വര്‍ഷം അവസാനത്തോടെ പലിശ നിരക്ക് ഇനിയും ഉയര്‍ന്നേക്കാമെന്ന സൂചനയും പങ്കുവെച്ചു


യുഎസ് ഫെഡറല്‍ റിസര്‍വ് മൂന്ന് വര്‍ഷത്തിനു ശേഷം അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തി. ബെഞ്ച്മാര്‍ക്ക് നിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി 3.75% - 4.00% റേഞ്ചിലെത്തിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ വില സ്ഥിരത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് പുതിയ ചെയര്‍ കെവിന്‍ വാര്‍ഷ് പറഞ്ഞു. ഇനിയും നിരക്ക് കൂട്ടിയേക്കുമെന്ന ഹോക്കിഷ് സൂചനയാണ് ഫെഡ് ഇതുവഴി നല്‍കിയത്. ഡിസംബറില്‍ വീണ്ടും പലിശ ഉയരാന്‍ 78% സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.

വിലക്കയറ്റം നിയന്ത്രിക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് വ്യക്തമാക്കിയ വാര്‍ഷ്, 2026 അവസാനത്തോടെ പലിശ നിരക്ക് 4.1 ശതമാനത്തിലേക്ക് ഇനിയും ഉയര്‍ന്നേക്കാമെന്ന സൂചനയും പങ്കുവെച്ചു. അതോടൊപ്പം ബാങ്കുകളുടെ റിസര്‍വ് ബാലന്‍സിന് നല്‍കുന്ന പലിശ നിരക്ക് 3.90 ശതമാനമായും പ്രൈമറി ക്രെഡിറ്റ് നിരക്ക് 4.00 ശതമാനമായും ഫെഡറല്‍ റിസര്‍വ് ഉയര്‍ത്തിയിട്ടുണ്ട്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയിലെ ഉപഭോക്തൃ ചെലവഴിക്കലുകളും ഉല്‍പ്പാദനക്ഷമതയും വലിയ പ്രതിസന്ധികളില്ലാതെ കരുത്തുറ്റ രീതിയിലാണ് മുന്നേറുന്നതെന്ന് ഫെഡ് വിലയിരുത്തുന്നു.

യുഎസില്‍ പണപ്പെരുപ്പം ഇപ്പോഴും ഫെഡിന്റെ ലക്ഷ്യമായ 2 ശതമാനത്തിന് ഏറെ മുകളില്‍, അതായത് ഏകദേശം 3.4 ശതമാനത്തില്‍ തന്നെ തുടരുന്നതും ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നതുമാണ് വീണ്ടുമൊരു നിരക്ക് വര്‍ദ്ധനവിലേക്ക് നയിച്ചത്. ഫെഡ് പ്രഖ്യാപനം വന്നയുടന്‍ ആഗോളതലത്തില്‍ യുഎസ് ഡോളര്‍ സൂചിക കുതിച്ചുയരുകയും 10 വര്‍ഷത്തെ യുഎസ് ട്രഷറി ബോണ്ട് യീല്‍ഡ് 4.96 ശതമാനത്തിലേക്ക് ശക്തിപ്പെടുകയും ചെയ്തു.

പലിശയില്ലാത്ത സുരക്ഷിത നിക്ഷേപമായ സ്വര്‍ണ്ണത്തില്‍ നിന്ന് ഉറപ്പുള്ള ആദായം നല്‍കുന്ന യുഎസ് ബോണ്ടുകളിലേക്ക് വലിയ തോതില്‍ നിക്ഷേപകര്‍ പണം മാറ്റാന്‍ തുടങ്ങിയതോടെ അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ കാര്യമായ ഇടിവുണ്ടായി. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 4,270 ഡോളര്‍ നിലവാരത്തിലേക്ക് വില താഴ്ന്നു. ആഗോളതലത്തില്‍ സ്വര്‍ണ ഇടപാടുകള്‍ ഡോളറിലായതിനാല്‍, ഡോളര്‍ കരുത്താര്‍ജ്ജിക്കുമ്പോള്‍ മറ്റ് കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് കൂടുതല്‍ ചെലവേറിയതാകുന്നു.

ഫെഡറല്‍ റിസര്‍വിന്റെ ഈ കടുത്ത പണനയ നീക്കം ഇന്ത്യന്‍ വിപണിയെയും സാമ്പത്തിക വ്യവസ്ഥയെയും സങ്കീര്‍ണ്ണമായ രീതിയിലാണ് ബാധിക്കാന്‍ പോകുന്നത്. ലോകത്തെ ഏറ്റവും സുരക്ഷിതമായ വിപണിയായ അമേരിക്കയില്‍ ബോണ്ട് റിട്ടേണുകള്‍ 5 ശതമാനത്തോട് അടുക്കുമ്പോള്‍, ഉയര്‍ന്ന റിസ്‌കുള്ള ഇന്ത്യ പോലുള്ള വളര്‍ന്നുവരുന്ന വിപണികളില്‍ നിന്ന് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ സാധ്യതയേറെയാണ്. ഇത് ഇന്ത്യന്‍ ഓഹരി വിപണിയില്‍ വരും ദിവസങ്ങളില്‍ വില്‍പ്പന സമ്മര്‍ദ്ദവും ചാഞ്ചാട്ടവും സൃഷ്ടിച്ചേക്കാം. കൂടാതെ, വിദേശ നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്കും ശക്തമായ ഡോളറും ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കും.

രൂപയുടെ മൂല്യം ദുര്‍ബലമാകുന്നത് ഇന്ത്യയുടെ ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, ഇലക്ട്രോണിക്‌സ് എന്നിവയുടെ ഇറക്കുമതിച്ചെലവ് ക്രമാതീതമായി ഉയര്‍ത്തുകയും രാജ്യത്ത് വീണ്ടും ഇറക്കുമതി ചെയ്ത പണപ്പെരുപ്പത്തിന് വഴിതുറക്കുകയും ചെയ്യും. ചുരുക്കത്തില്‍, യുഎസില്‍ തുടങ്ങിയ ഈ പലിശ കൊടുങ്കാറ്റ് ആഗോള നാണയ വിപണിയെയും ഇന്ത്യന്‍ ഓഹരി-നാണ്യ സമ്പദ് വ്യവസ്ഥയെയും വരും മാസങ്ങളില്‍ വലിയ ജാഗ്രതയില്‍ നിര്‍ത്തുമെന്നുറപ്പാണ്.