20 Jan 2026 4:03 PM IST
Summary
മൂന്ന് മണിക്കൂര്‍ കൊണ്ട് ഇന്ത്യയും യുഎഇയും ഒപ്പിട്ടത് ലോകം ഉറ്റുനോക്കുന്ന വമ്പന്‍ കരാറുകളിലാണ്. പാക്കിസ്ഥാനെ ഞെട്ടിച്ചുകൊണ്ട് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു യുഎഇ പ്രസിഡന്റിന്റെ ഇന്ത്യാസന്ദര്‍ശനം
2032ഓടെ ഇന്ത്യ-യുഎഇ വ്യാപാരം ഇരട്ടിയാക്കും. വ്യാപാരത്തിനപ്പുറം പ്രതിരോധം, ആണവോര്‍ജ്ജം എന്നീ തന്ത്രപ്രധാന മേഖലകളിലും നിര്‍ണ്ണായകമായ ധാരണകളിലെത്തി.
വെറും മൂന്ന് മണിക്കൂര്‍! യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചെലവഴിച്ച സമയമാണിത്. പക്ഷേ, ആ മൂന്ന് മണിക്കൂര്‍ കൊണ്ട് ഇന്ത്യയും യുഎഇയും ഒപ്പിട്ടത് ലോകം ഉറ്റുനോക്കുന്ന വമ്പന്‍ കരാറുകളിലാണ്. പാക്കിസ്ഥാനെ ഞെട്ടിച്ചുകൊണ്ട് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു ഈ സന്ദര്‍ശനം.
ഏറ്റവും വലിയ പ്രഖ്യാപനം സാമ്പത്തിക രംഗത്താണ്. നിലവില്‍ 100 ബില്യണ്‍ ഡോളറിലുള്ള ഉഭയകക്ഷി വ്യാപാരം 2032-ഓടെ ഇരട്ടിയായി വര്‍ദ്ധിപ്പിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഡിജിറ്റല്‍ ട്രേഡ് കോറിഡോറുകള്‍, പുതിയ മാര്‍ക്കറ്റ് ആക്സസ്, ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ എന്നിവയ്ക്കായിരിക്കും ഇതില്‍ മുന്‍ഗണന.
ഇന്ത്യയുടെ പ്രൊഫഷണല്‍ സമീപനത്തിലുള്ള യുഎഇയുടെ വിശ്വാസമാണ് ഈ വന്‍ നിക്ഷേപങ്ങള്‍ക്ക് പിന്നില്‍.പ്രതിരോധം, ആണവോര്‍ജ്ജം എന്നീ തന്ത്രപ്രധാന മേഖലകളിലും നിര്‍ണ്ണായകമായ ധാരണകളിലെത്തി. പശ്ചിമേഷ്യയില്‍ വര്‍ദ്ധിച്ചുവരുന്ന അസ്ഥിരതകള്‍ക്കിടയില്‍ ഇന്ത്യയെ ഏറ്റവും വിശ്വസിക്കാവുന്ന പങ്കാളിയായി യുഎഇ കാണുന്നു എന്നതിന്റെ തെളിവാണ് ഈ നീക്കം.
പ്രതിരോധ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നത് വഴി ഇന്ത്യയുടെ ആഗോള സ്വാധീനം ഒന്നുകൂടി വര്‍ദ്ധിക്കുകയാണ്.ഒരുകാലത്ത് പാക്കിസ്ഥാന്റെ അടുത്ത സഖ്യകക്ഷിയായിരുന്ന യുഎഇ, ഇന്ന് അവരുടെ സാമ്പത്തിക അസ്ഥിരതകളെ തഴഞ്ഞ് ഇന്ത്യയുടെ സുസ്ഥിരമായ വളര്‍ച്ചയെ പിന്തുണയ്ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
പശ്ചിമേഷ്യന്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുമ്പോള്‍, പാക്കിസ്ഥാന്റെ സ്വാധീനം കുറയുകയും ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ഭദ്രമാവുകയും ചെയ്യുന്നു.
ഇന്ത്യയുടെ 'അമൃത് കാലം' ബജറ്റിന് തൊട്ടുമുമ്പ് യുഎഇയുമായുള്ള ഈ സാമ്പത്തിക ഐക്യം ഇന്ത്യന്‍ വിപണിക്കും വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
