image

10 Feb 2026 1:19 PM IST

Economy

വീണ്ടും യുഎസ് കുരുക്കില്‍ അദാനി; എണ്ണ ഇറക്കുമതിയിൽ വിശദീകരണം തേടി

MyFin TV

അദാനി ഗ്രൂപ്പിന് പിന്നാലെ വീണ്ടും യുഎസ് അന്വേഷണ ഏജന്‍സികള്‍. ഇത്തവണ വിഷയം ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയാണ് വിഷയം. അദാനി എന്റര്‍പ്രൈസസിന് അമേരിക്കയുടെ ഉപരോധ നിരീക്ഷണ ഏജന്‍സിയായ ഒഫാക് (യൂഎസ് ഓഫീസ് ഓഫ് ഫോറിന്‍ അസെറ്റ് കണ്‍ട്രോള്‍) വിവരശേഖരണത്തിനായി നോട്ടീസ് അയച്ചു. ഇറാനുമായുള്ള ഇടപാടുകളില്‍ സിവില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള ഈ ഏജന്‍സി വിശദീകരണം തേടിയിരിക്കുന്നത്.യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ വാള്‍ സ്ട്രീറ്റ് ജേണലില്‍ വന്ന ഒരു റിപ്പോര്‍ട്ടാണ് ഈ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള മുന്ദ്ര പോര്‍ട്ട് വഴി ഇറാന്റെ എണ്ണ ഉല്‍പ്പന്നങ്ങളും പെട്രോോകെമിക്കല്‍സും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തു എന്നതായിരുന്നു പ്രധാന ആരോപണം.യുഎസ് ഉപരോധം നിലനില്‍ക്കുന്ന ഇറാനുമായുള്ള ഇടപാടുകള്‍ അമേരിക്കന്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ വഴി പ്രോസസ്സ് ചെയ്തിട്ടുണ്ടോ എന്നാണ് ഒഫാക് പ്രധാനമായും പരിശോധിക്കുന്നത്. 2023 ജൂണ്‍ മുതല്‍ നിലവില്‍ വരെയുള്ള ഇടപാടുകളാണ് നിരീക്ഷണത്തിലുള്ളത്.എന്നാല്‍ ഈ വാര്‍ത്തയോട് അദാനി ഗ്രൂപ്പ് പ്രതികരിച്ചത് വളരെ തന്ത്രപരമായാണ്. ഈ അന്വേഷണവുമായി കമ്പനി സന്നദ്ധമായി തന്നെ സഹകരിക്കുന്നുണ്ടെന്നും, ഇതുവരെ യാതൊരു വിധത്തിലുള്ള പിഴയോ നിയന്ത്രണങ്ങളോ തങ്ങള്‍ക്ക് മേല്‍ ചുമത്തിയിട്ടില്ലെന്നും അദാനി എന്റര്‍പ്രൈസസ് സെബിയെ അറിയിച്ചു.നിക്ഷേപകര്‍ ഉറ്റുനോക്കുന്നത് ഇതിന്റെ സാമ്പത്തിക ആഘാതമാണ്. എല്‍പിജി ഇറക്കുമതി അദാനി എന്റര്‍പ്രൈസസിന്റെ ആകെ വരുമാനത്തിന്റെ വെറും 1.46 ശതമാനം മാത്രമാണ്. ഗ്രൂപ്പിന്റെ മൊത്തം വരുമാനത്തില്‍ ഇത് 0.5 ശതമാനം പോലുമില്ല. അതുകൊണ്ട് തന്നെ സാമ്പത്തികമായി വലിയ തിരിച്ചടി ഉണ്ടാകില്ലെന്നാണ് കമ്പനിയുടെ വാദം. കൂടാതെ, മുന്‍കരുതല്‍ നടപടിയായി 2025 ജൂണ്‍ മുതല്‍ തന്നെ ഇറാനില്‍ നിന്നുള്ള എല്‍പിജി ഇറക്കുമതി അദാനി ഗ്രൂപ്പ് നിര്‍ത്തിവെച്ചിരുന്നു.വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ രണ്ട് ശതമാനത്തോളം ഇടിഞ്ഞെങ്കിലും പിന്നീട് നഷ്ടം നികത്തി തിരിച്ചുകയറി. അമേരിക്കന്‍ ഏജന്‍സികളുടെ ഈ നീക്കം വരും ദിവസങ്ങളില്‍ അദാനി ഗ്രൂപ്പ് ഓഹരികളെ എങ്ങനെ ബാധിക്കുമെന്ന് വിപണി ഉറ്റുനോക്കുകയാണ്.