image

19 July 2023 9:15 AM IST

Economy

ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം 6.4%ല്‍ നിലനിര്‍ത്തി എഡിബി

MyFin Desk

Tax calculator
X

Summary

  • ഏഷ്യ-പസഫിക് സ്ഥിരതയാര്‍ന്ന വേഗതയില്‍ കരകയറുന്നു
  • ടൂറിസത്തിന്‍റെ വീണ്ടെടുക്കല്‍ പ്രകടമെന്നും നിരീക്ഷണം
  • ആഭ്യന്തര ആവശ്യകത ഉയരുന്നത് ഇന്ത്യന്‍ വളര്‍ച്ചയെ പിന്തുണയ്ക്കും


നടപ്പു സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചയെ സംബന്ധിച്ച നിഗമനം ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്ക് (എഡിബി) നിലനിര്‍ത്തി. ഇന്ത്യ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 2023 -24ല്‍ 6.4 ശതമാനവും 2024 -25ല്‍ 6.7 ശതമാനവും വളര്‍ച്ച നേടുമെന്നാണ് എഡിബി വിലയിരുത്തുന്നത്. സാമ്പത്തിക പ്രതിസന്ധിയും ഉയർന്ന എണ്ണവിലയും കാരണം നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.4 ശതമാനമായി കുറയുമെന്ന് ഏപ്രിലിലും ബാങ്ക് പറഞ്ഞിരുന്നു.

പണപ്പെരുപ്പം കുറയുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഏഷ്യൻ ഡെവലപ്‌മെന്റ് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടില്‍ എഡിബി പറഞ്ഞ., ഇന്ധനത്തിന്റെയും ഭക്ഷണത്തിന്റെയും വില കുറയുന്നതിനാൽ കൊറോണ മഹാമാരിക്ക് മുമ്പുണ്ടായിരുന്ന നിലയിലേക്ക് പണപ്പെരുപ്പം അടുക്കുന്നുണ്ട്. ഏഷ്യയിലെ വികസ്വര സമ്പദ്‌വ്യവസ്ഥകൾക്ക് മൊത്തമായി ഈ വർഷം 3.6 ശതമാനവും 2024 ൽ 3.4 ശതമാനവും പണപ്പെരുപ്പം അനുഭവപ്പെടുമെന്നാണ് എഡിബി-യുടെ നിഗമനം .

ശക്തമായ ആഭ്യന്തര ഡിമാൻഡ് ഇന്ത്യയുടെ വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്നത് തുടരുമെന്നും നിരീക്ഷിക്കുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7.2 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. “ഏഷ്യയും പസഫിക്കും സ്ഥിരതയാര്‍ന്ന വേഗതയോടെ കൊറോണ കാലത്തില്‍ നിന്ന് കരകയറുന്നത് തുടരുകയാണ്,” എഡിബി ചീഫ് ഇക്കണോമിസ്റ്റ് ആൽബർട്ട് പാർക്ക് പറഞ്ഞു.

"ആഭ്യന്തര ഡിമാൻഡും സേവന മേഖലയുമാണ് വളർച്ചയെ നയിക്കുന്നത്. വിനോദസഞ്ചാരത്തിലെ ശക്തമായ വീണ്ടെടുക്കലില്‍ നിന്ന് പല സമ്പദ്‌വ്യവസ്ഥകളും പ്രയോജനം നേടുന്നുണ്ട്. എന്നിരുന്നാലും, വ്യാവസായിക പ്രവർത്തനങ്ങളും കയറ്റുമതിയും ദുർബലമായി തുടരുന്നു, ഇതിനാല്‍ അടുത്ത വർഷത്തെ ആഗോള വളർച്ചയും ആവശ്യകതയും സംബന്ധിച്ച കാഴ്ചപ്പാട് മോശമായി,' പാർക്ക് കൂട്ടിച്ചേർത്തു.