image

24 Feb 2026 3:11 PM IST

Economy

ഇനി റെയിൽവേ സ്റ്റേഷനുകളും സ്വകാര്യമേഖലക്ക്? ഇന്ത്യയെ എങ്ങനെ ബാധിക്കും?

Rinku Francis

ഇനി റെയിൽവേ സ്റ്റേഷനുകളും സ്വകാര്യമേഖലക്ക്?   ഇന്ത്യയെ എങ്ങനെ ബാധിക്കും?
X

Summary

റെയിൽവേയും വിമാനത്താവളങ്ങളും ഉൾപ്പെടെ ഇന്ത്യയിൽ കൂടുതൽ മേഖലകൾ സ്വകാര്യവൽക്കരിക്കുന്നു . പ്രതീക്ഷിക്കുന്നത് ജിഡിപിയിൽ 40 ലക്ഷം കോടി രൂപയുടെ വർധന. രാജ്യത്ത് വരുന്ന മാറ്റങ്ങൾ എന്തൊക്കെ?


റെയിൽവേയും വിമാനത്താവളവും ഉൾപ്പെടെ പ്രധാന മേഖലകൾ എല്ലാം സ്വകാര്യ മേഖലക്ക് തുറന്ന് കൊടുക്കാൻ ഒരുങ്ങുകയാണ് സ‍ർക്കാർ. ഉടമസ്ഥാവകാശം നിശ്ചിത കാലയളവിലേക്കായിരിക്കും സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറുക. അതേസമയം പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലെെൻ 2.0 എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിക്ക് കീഴിൽ ഇന്ത്യയുടെ ജിഡിപിയിൽ 40 ലക്ഷം കോടി രൂപയുടെ വ‍ർധനയാണ് ലക്ഷ്യമിടുന്നത്. അടുത്ത 5 -10 വ‍ർഷങ്ങൾക്കുള്ളിലാണിത്.

അടുത്ത അഞ്ചു വ‍ർഷത്തിനുള്ളിൽ 12 മേഖലകളിൽ നിന്ന് മാത്രം 16 .72 ലക്ഷം കോടി രൂപയാണ് സമാഹരിക്കാൻ ഒരുങ്ങുന്നത്. സ്വകാര്യമേഖലയിലെ പദ്ധതികളും പൊതു സ്വകാര്യ ഉടമസ്ഥതയിലെ പദ്ധതികളും പ്രോത്സാഹിപ്പിക്കും.അടിസ്ഥാന സൗകര്യ വികസന രം​ഗത്ത് കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരാൻ സ്വകാര്യവൽക്കരണത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഊർജ മേഖല, തുറമുഖം, റെയിൽവേ, കൽക്കരി തുടങ്ങിയ പ്രധാന മേഖലകളും സ്വകാര്യമേഖലക്ക് തുറന്ന് കൊടുക്കും. സ്വകാര്യ നിക്ഷേപവും പൊതു സ്വകാര്യ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കും.

നികുതി ഇതര വരുമാനം ഉയരും

നിലവിലെ ആസ്തികളിൽ നിന്ന് തന്നെ കൂടുതൽ തുക കണ്ടെത്തി ആ മൂലധനം പുതിയ പദ്ധതികളിലേക്ക് വീണ്ടും നിക്ഷേപിക്കുന്ന രീതിയാണ് വിഭാവനം ചെയ്യുന്നത്. സാമ്പത്തിക പ്രവർത്തനങ്ങൾക്കായി കൂടുതൽ തുക ഇങ്ങനെ കണ്ടെത്താനാകും. ഈ രീതിയിൽ നികുതി ഇതര വരുമാനം വർധിപ്പിക്കുന്നതിലൂടെ, ധനക്കമ്മിയോ പൊതു കടമോ ഗണ്യമായി വർധിക്കാതെ തന്നെ സർക്കാരിന് അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് പണം കണ്ടെത്താനാകും.

റോഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയുടെ നവീകരണം പ്രതീക്ഷിക്കാം. പുതിയ എക്സ്പ്രസ് വേകൾക്ക് ധനസഹായം നൽകുന്നതിന് ടോൾ-ഓപ്പറേറ്റ്-ട്രാൻസ്ഫർ (ടിഒടി) മോഡലുകൾ ഉൾപ്പെടെ വന്നേക്കും. വൈദ്യുതി ഗ്രിഡുകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് പുതിയ ട്രാൻസ്മിഷൻ ലൈനുകൾ സഹായകരമാകും. റെയിൽവേയും തുറമുഖങ്ങളും സ്വകാര്യമേഖലക്ക് തുറന്ന് കൊടുക്കുന്നത് റെയിൽവേസ്റ്റേഷനുകളും തുറമുഖ ടെർമിനലുകളും നവീകരിക്കാൻ കാരണമാകുമെന്നും വിദഗ്ധർ സൂചിപ്പിക്കുന്നു. കൽക്കരി ഖനികൾ സ്വകാര്യ മേഖലക്ക് തുറന്ന് കൊടുക്കുന്നതോടെ ഈ രം​ഗത്ത് നിന്ന് കൂടുതൽ വരുമാനം നേടാനാകും.

പ്രാദേശിക അമസമത്വവും വർധിക്കും

അതേസമയം സ്വകാര്യവൽക്കരണ ശ്രമങ്ങൾ നിശിതമായ വിമ‍ർശനങ്ങളും നേരിടുന്നുണ്ട്. പൊതുമേഖല സ്വകാര്യ മേഖലക്ക് തുറന്ന് കൊടുക്കുന്നതോടെ കരാ‍ർ കാലാവധി വരെ സ്വകാര്യ കമ്പനികളുടെ കുത്തകവൽക്കരണം ഉണ്ടാകും എന്നത് തന്നെയാണ് ഏറ്റവും വലിയ വിമ‍ർശനം. പൂർണമായ ഉടമസ്ഥാവകാശം സ്വകാര്യ മേഖലക്ക് കൈമാറില്ലെന്ന് പറയുമ്പോഴും കരാ‍ർ കാലാവധി വരെ സ്വകാര്യ കമ്പനികൾക്ക് തന്നെയായിരിക്കും അവകാശം. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ടെലികോം തുടങ്ങിയ പ്രധാന അടിസ്ഥാന സൗകര്യ മേഖലകൾ ചില വമ്പൻ കമ്പനികളിലേക്ക് കേന്ദ്രീകരിക്കപ്പെടാനും ഇത് കാരണമാകും.

ഒരു രാജ്യത്തിന്റെ പ്രധാന അടിസ്ഥാന സൗകര്യ മേഖലകൾ ഒന്നോ രണ്ടോ സ്വകാര്യ സ്ഥാപനങ്ങൾ മാത്രം നിയന്ത്രിക്കുമ്പോൾ, കമ്പനികളുടെ സാങ്കേതികമോ സാമ്പത്തിക രം​ഗത്തപുണ്ടാകുന്ന പരാജയങ്ങൾ സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കുന്ന രീതിയിലാകാം. സ്വകാര്യ കമ്പനികൾ സ്വാഭാവികമായും ഉയർന്ന വരുമാനത്തിന് മുൻഗണന നൽകും. ഇത് പ്രാദേശിക അസമത്വം വീണ്ടും വഷളാക്കാം.