18 March 2026 8:46 PM IST
ഇറാന്റെ ഗ്യാസ് ഫീല്‍ഡിനുനേരെ ആക്രമണം; എണ്ണവില കത്തിക്കയറി, വരുന്നത് വന്‍ ഊര്‍ജ്ജപ്രതിസന്ധിയോ?
MyFin Desk
Summary
ഗ്യാസ് വിലയിലും 7.9% വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും നിലയ്ക്കുമ്പോള്‍ ലോകം കണ്ട ഏറ്റവും വലിയ ഊര്‍ജ്ജ പ്രതിസന്ധികളിലൊന്നിനാണ് ഇപ്പോള്‍ തുടക്കമായിരിക്കുന്നത്
ഊര്‍ജ്ജ വിപണിയില്‍ വന്‍ പ്രത്യാഘാതം സൃഷ്ടിച്ച് എണ്ണവില കുതിച്ചുകയറി. ഇറാന്റെ അഭിമാനമായ സൗത്ത് പാര്‍സ് ഗ്യാസ് ഫീല്‍ഡിന് നേരെ യുഎസ്-ഇസ്രയേല്‍ സഖ്യം നടത്തിയ ആക്രമണത്തെതുടര്‍ന്നാണ് എണ്ണവില കത്തിക്കയറിയത്. ഇതോടെ ബ്രെന്റ് ഓയില്‍ വില 5% ഉയര്‍ന്ന് ബാരലിന് 108.60 ഡോളറിലെത്തി. സംഘര്‍ഷം സൈനിക കേന്ദ്രങ്ങളില്‍ നിന്ന് മാറി സാമ്പത്തിക സ്രോതസ്സുകളിലേക്ക് പടര്‍ന്നപ്പോള്‍, ഗ്യാസ് വിലയിലും 7.9% വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും നിലയ്ക്കുമ്പോള്‍ ലോകം കണ്ട ഏറ്റവും വലിയ ഊര്‍ജ്ജ പ്രതിസന്ധികളിലൊന്നിനാണ് ഇപ്പോള്‍ തുടക്കമായിരിക്കുന്നത്.
സൗത്ത് പാര്‍സ് ആക്രമണത്തിന് പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാന് രംഗത്തെത്തിക്കഴിഞ്ഞു. സൗദി അറേബ്യയിലെ സമ്രെഫ് റിഫൈനറി, ഖത്തറിലെ റാസ് ലഫാന്‍, യുഎഇയിലെ അല്‍ ഹോസ്ന്‍ ഗ്യാസ് ഫീല്‍ഡ് തുടങ്ങിയവ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളാണെന്ന് ഇറാന് പ്രഖ്യാപിച്ചത് ഗള്‍ഫ് മേഖലയെ മുള്‍മുനയിലാക്കി. ഈ കേന്ദ്രങ്ങളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുപോകാണമെന്നും ടെഹ്റാന് ആവശ്യപ്പെട്ടു. ഇത് വരാനിരിക്കുന്ന വലിയ ദുരന്തത്തിന്റെ സൂചനയാണ്. ലോകത്തെ ഏറ്റവും വലിയ എല്‍എന്‍ജി പ്ലാന്റായ ഖത്തറിലെ ഉല്‍പ്പാദനം നിലച്ചതും വരും ദിവസങ്ങളില്‍ ആഗോളതലത്തില്‍ ഇന്ധനക്ഷാമം അതിരൂക്ഷമാക്കും.
യുദ്ധം ആരംഭിച്ചതിനുശേഷം ഇറാന്റെ അപ്സ്ട്രീം സൗകര്യങ്ങള്‍ക്ക് നേരെയുള്ള ആദ്യത്തെ ആക്രമണമായിരുന്നു സൗത്ത് പാര്‍സ് ഗ്യാസ് ഫീല്‍ഡിന് നേരെ ഉണ്ടായത്. കഴിഞ്ഞ ആഴ്ച അവസാനം എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപില്‍ യുഎസ് ആക്രമണം നടത്തിയെങ്കിലും, ആ ആക്രമണം സൈനിക ലക്ഷ്യങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.
ഇറാനിയന്‍ എണ്ണ മന്ത്രാലയത്തിന്റെ ഔദ്യോഗിക വാര്‍ത്താ സേവനമായ ഷാനയുടെ കണക്കനുസരിച്ച്, 2025 ല്‍ സൗത്ത് പാര്‍സിലെ പ്രതിദിന വാതക ഉത്പാദനം റെക്കോര്‍ഡ് 730 ദശലക്ഷം ക്യുബിക് മീറ്ററിലെത്തിയിരുന്നു. ഇറാന്റെ ആഭ്യന്തര പ്രകൃതിവാതകത്തിന്റെ 70 ശതമാനവും ഇവിടെ നിന്നാണ് ലഭിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
