image

4 May 2024 6:16 AM GMT

Economy

ഫോക്‌സ്‌കോണിനായി ഭൂമി ഇടപാട്; ബെംഗളൂരുവില്‍ കര്‍ഷക പ്രതിഷേധം

MyFin Desk

foxconn project, farmers strike raised a challenge
X

Summary

  • 300 ഏക്കര്‍ ഫോക്സ്‌കോണിന് കര്‍ണാടക വ്യവസായ മേഖല വികസന ബോര്‍ഡ് അനുവദിച്ചത്
  • നഷ്ടപരിഹാരം കൈമാറാന്‍ വൈകുന്നതിന് കാരണം കോടതി ഉത്തരവെന്ന് അധികൃതര്‍
  • തുക കോടതിയില്‍ കെട്ടിവെക്കുമെന്ന് കെഐഎഡിബി അധികൃതര്‍


ബെംഗളൂരുവില്‍ ഫോക്സ്‌കോണിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കര്‍ഷക പ്രതിഷേധം. നഷ്ടപരിഹാരം ലഭിക്കാത്തതും ഉപജീവനത്തിനായി കൃഷിഭൂമിയെ ആശ്രയിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് കര്‍ഷക പ്രതിനിധികള്‍ ഭൂമി ഏറ്റെടുക്കലിനെ എതിര്‍ക്കുന്നത്. അരവനഹള്ളി, ദൊഡ്ഡഗൊല്ലഹള്ളി, ചപ്പരദഹള്ളി, ബൈരദേനഹള്ളി വില്ലേജുകളിലായി 867.37 ഏക്കര്‍ ഭൂമിയാണ് കര്‍ണാടക വ്യവസായ മേഖല വികസന ബോര്‍ഡ് (കെഐഎഡിബി ) ഏറ്റെടുത്തത്. ഈ ഭൂമിയില്‍ 300 ഏക്കര്‍ ഫോക്സ്‌കോണിന് അനുവദിച്ചു.

ദൊഡ്ഡഗൊല്ലഹള്ളി, ചപ്പരദഹള്ളി വില്ലേജുകളില്‍ ഫോക്സ്‌കോണിന് അനുവദിച്ച ഭൂമിക്ക് ലാന്‍ഡ് അക്വിസിഷന്‍ ഓഫീസറുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ഫെന്‍സിങ് നടത്തുമെന്ന് കെഐഎഡിബി അറിയിച്ചു.ദേവനഹള്ളി താലൂക്കിലെ കുന്ദന വില്ലേജില്‍ ഫോക്സ്‌കോണിന് അനുവദിച്ച 300 ഏക്കറുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തുക കോടതിയില്‍ കെട്ടിവെക്കുമെന്നും അവര്‍ പറയുന്നു.

സ്ഥലമുടമകള്‍ക്ക് നേരിട്ട് നഷ്ടപരിഹാരം വിതരണം ചെയ്യരുതെന്ന് കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാലാണ് തുക കോടതിയില്‍ കെട്ടിവെക്കുന്നത്. അതേസമയം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് കര്‍ഷകര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഭൂവുടമകളുടെ കുടുംബ ഭൂമി തര്‍ക്കമാണ് നഷ്ടപരിഹാരം വൈകാന്‍ കാരണമെന്ന് കെഐഎഡിബി അധികൃതരും പറയുന്നു.

2023 ഒക്ടോബറിലും 2024 ജനുവരിയിലും കര്‍ണാടകയിലെ വന്‍കിട, ഇടത്തരം വ്യവസായ മന്ത്രി എം ബി പാട്ടീല്‍ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് കര്‍ഷകരുമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. എന്നാല്‍, പ്രശ്‌നം ഇതുവരെ പരിഹരിച്ചിട്ടില്ല.

2023 മെയ് മാസത്തില്‍, ഹോണ്‍ ഹായ് പ്രിസിഷന്‍ ഇന്‍ഡസ്ട്രി (ഫോക്സ്‌കോണ്‍) 300 കോടി രൂപയ്ക്കാണ് ഭൂമി ഏറ്റെടുത്തത്. ദേവനഹള്ളി താലൂക്കിലെ ദൊഡ്ഡബല്ലാപ്പൂരിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍വെസ്റ്റ്മെന്റ് റീജിയന്‍ (ഐടിഐആര്‍) വ്യാവസായിക മേഖലയിലാണ് നിര്‍മാണ കേന്ദ്രം സ്ഥാപിക്കുക. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന നിര്‍മ്മാണ യൂണിറ്റിനായി 8,500 കോടി രൂപയുടെ നിക്ഷേപമാണ് ഫോക്സ്‌കോണ്‍ നടത്തുന്നത്.