image

21 Feb 2024 6:31 AM GMT

Economy

സവാള കയറ്റുമതി നിരോധനം മാര്‍ച്ച് 31 വരെ തുടരും

MyFin Desk

No change in onion prices, no change in export ban
X

Summary

  • വ്യാജ വാര്‍ത്തയെ തുടര്‍ന്ന ഉള്ളിവില ഉയര്‍ന്നിരുന്നു
  • മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവയാണ് പ്രധാന ഉള്ളി ഉല്‍പ്പാദന സംസ്ഥാനങ്ങള്‍
  • വെളുത്തുള്ളി വില കുതപ്പില്‍


സവാളയുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പാക്കുന്നതിനുമായി സവാളയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം മാര്‍ച്ച് 31 വരെ തുടരും. ഇതിനു പിന്നാലെ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ലാസന്‍ഗാവ് മണ്ടിയില്‍ ഉള്ളിവില ക്വിന്റലിന് 150 രൂപ കൂറഞ്ഞു. രാജ്യത്തെ ഉള്ളിയുടെ ഏറ്റവും വലിയ മൊത്തക്കച്ചവട വിപണിയാണ് ലാസ്ഗാവിലേത്. ഇക്കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയത്. ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാറാണ് ഇത് സംബന്ധിച്ച വ്യക്തത വരുത്തിയത്.

വിലക്ക് നീക്കുമെന്ന ആഭ്യൂഹങ്ങള്‍ മൂലം പരന്നതിന് പിന്നാലെ ക്വിന്റലിന് 1280 രൂപയില്‍ നിന്ന് 40.62 ശതമാനം ഉയര്‍ന്ന് 1800 രൂപയില്‍ എത്തിയിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ ഏറെ സ്വാധീനം ചെലുത്താന്‍ കഴിവുള്ള ഒന്നാണ് ഉള്ളി. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ മാര്‍ച്ച് 31 ശേഷവും നിരോധനം തുടര്‍ന്നേക്കും. മഹാരാഷ്ട്ര അടക്കമുള്ള പ്രധാന കേന്ദ്രങ്ങളില്‍ ഈ കാലയളവില്‍ ഉല്‍പ്പാദനം കുറയുന്നതാണ് ഇതിന് കാരണം.

ഫെബ്രുവരി 20 ന് (ചൊവ്വാഴ്ച) വില ക്വിന്റലിന് 150 രൂപ കുറഞ്ഞ് 8,500 ക്വിന്റല്‍ ഉള്ളി ലേലം ചെയ്തതോടെ ക്വിന്റലിന് ശരാശരി വില 1,650 രൂപയായി. കഴിഞ്ഞ ആഴ്ച്ച വില അല്‍പ്പം വര്‍ധിച്ചു. എന്നിരുന്നാലും സര്‍ക്കാര്‍ പ്രമേയമോ ഉള്ളി കയറ്റുമതി നിരോധനം നീക്കുന്നതിനുള്ള പ്രഖ്യാപനമോ ഇല്ലാതെ വില സ്ഥിരത കൈവരിച്ചതായി ലസല്‍ഗാവ് അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ്ഡ് മാര്‍ക്കറ്റ് കമ്മിറ്റി ചെയര്‍മാന്‍ ബാലാസാഹേബ് ക്ഷീരസാഗര്‍ പറഞ്ഞു.

2023 റാബി സീസണില്‍ ഉള്ളി ഉല്‍പ്പാദനം 22.7 ദശലക്ഷം ടണ്ണായിരിക്കുമെന്നാണ് കണക്കാക്കുന്നത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ റാബി കാലത്തെ ഉള്ളി വിളകളുടെ കണക്കെടുപ്പ് വരും ദിവസങ്ങളില്‍ കൃഷി മന്ത്രാലയ ഉദ്യോഗസ്ഥര്‍ വിലയിരുത്തും. ഇതിനെ ആശ്രയിച്ചാകും ഉള്ളിവിലയുടെ അന്തിമ തീരുമാനം നടപ്പിലാകുക.

കേരളത്തില്‍ സവാള കിലോയ്ക്ക് 28.21 രൂപയാണ് നിലവില്‍. അതേസമയം വെളുത്തുള്ളി വില ഉയര്‍ന്നു തന്നെയാണ്. 100 ഗ്രാം വെളുത്തുള്ളിക്ക് 35.50 രൂപയാണ്.