16 March 2026 2:34 PM IST
Summary
1970-കളില്‍ നിന്ന് വ്യത്യസ്തമായി അമേരിക്ക ഇന്ന് ലോകത്തെ മുന്‍നിര എണ്ണ ഉല്‍പ്പാദകരാണെന്നും, അതിനാല്‍ ഇറാന്റെ ഭീഷണികള്‍ തങ്ങളെ സാമ്പത്തികമായി ബാധിക്കില്ലെന്നും യുഎസ്. വൈറ്റ് ഹൗസ് ഉടന്‍ തന്നെ 50 ബില്യണ്‍ ഡോളറിന്റെ അധിക സഹായം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടേക്കുമെന്നും സൂചന
ഫെബ്രുവരി 28-ന് ആരംഭിച്ച പശ്ചിമേഷ്യന്‍ സംഘര്‍ഷം അമേരിക്കയ്ക്ക് ഇതുവരെ വരുത്തിവെച്ചത് 12 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 1 ലക്ഷം കോടി രൂപ) ഭീമമായ ചെലവ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെവിന്‍ ഹാസെറ്റാണ് സൈനിക വിന്യാസത്തിനും ആയുധങ്ങള്‍ക്കുമായി രാജ്യം ചിലവഴിച്ച തുക പുറത്തുവിട്ടത്. എന്നാല്‍, ഈ യുദ്ധം യുഎസ് സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന തരത്തിലുള്ള ആശങ്കകളെ അദ്ദേഹം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു.
സിബിഎസിന്റെ 'ഫേസ് ദി നേഷന്‍' പരിപാടിയില്‍ സംസാരിക്കവെ, ഊര്‍ജ്ജ വിപണിയിലെ താല്‍ക്കാലിക ആശ്വാസത്തെക്കുറിച്ച് ഹാസെറ്റ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍ രാജ്യത്ത് ഇന്ധനവില വര്‍ദ്ധിക്കുന്നതായുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് വൈറ്റ് ഹൗസ് ഉപദേഷ്ടാവിന്റെ ഈ അവകാശവാദമെന്നത് ശ്രദ്ധേയമാണ്.
ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത തടസ്സം അമേരിക്കയെക്കാള്‍ കൂടുതല്‍ ബാധിക്കുക മറ്റു രാജ്യങ്ങളെയാകുമെന്നും ഹാസെറ്റ് നിരീക്ഷിച്ചു. 1970-കളില്‍ നിന്ന് വ്യത്യസ്തമായി അമേരിക്ക ഇന്ന് ലോകത്തെ മുന്‍നിര എണ്ണ ഉല്‍പ്പാദകരാണെന്നും, അതിനാല്‍ ഇറാന്റെ ഭീഷണികള്‍ തങ്ങളെ സാമ്പത്തികമായി ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാവിയിൽ സാമ്പത്തിക നഷ്ടം കനക്കും
നിലവില്‍ പ്രതിരോധ ഫണ്ടുകള്‍ ആവശ്യത്തിനുണ്ടെന്നാണ് ഹാസെറ്റ് പറയുന്നതെങ്കിലും, വൈറ്റ് ഹൗസ് ഉടന്‍ തന്നെ 50 ബില്യണ്‍ ഡോളറിന്റെ അധിക സഹായം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടേക്കുമെന്നാണ് വിലയിരുത്തല്‍. മിസൈലുകള്‍, വിമാനങ്ങള്‍, രഹസ്യാന്വേഷണം തുടങ്ങിയ നേരിട്ടുള്ള സൈനിക ചെലവുകള്‍ക്ക് പുറമെ, ഇന്‍ഷുറന്‍സ് നിരക്ക് വര്‍ദ്ധനയും വ്യാപാര തടസ്സങ്ങളും മൂലം യുഎസിന് 40 മുതല്‍ 95 ബില്യണ്‍ ഡോളര്‍ വരെ ഭാവിയില്‍ നഷ്ടം സംഭവിച്ചേക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
യുദ്ധം കൂടുതല്‍ രൂക്ഷമാകുമെന്ന പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ മുന്നറിയിപ്പിന് പിന്നാലെ മേഖലയിലെ മരണസംഖ്യയും ഉയരുകയാണ്. സംഘര്‍ഷം ആരംഭിച്ച ശേഷം ഇറാനില്‍ 1,444 പേര്‍ കൊല്ലപ്പെട്ടു. 13 യുഎസ് സൈനികര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 140-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലെബനനിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ മേഖലയെ കൂടുതല്‍ യുദ്ധഭീതിയിലാഴ്ത്തുകയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
