20 Feb 2026 8:09 PM IST
തട്ടിപ്പിന്റെ രഹസ്യക്കൂട്ടുമായി ബിരിയാണി വിപണി; നികുതി വെട്ടിപ്പ് 70,000 കോടിയുടേത്
MyFin Desk
Summary
മനംമയക്കുന്ന ബിരിയാണി ഗന്ധത്തിനിടയില്‍ രാജ്യം ഞെട്ടിയ ഒരു നികുതി വേട്ടയുടെ ഞെട്ടിക്കുന്ന കഥയുണ്ട്. ഏകദേശം 70,000 കോടി രൂപയുടെ ഭീമമായ നികുതി വെട്ടിപ്പാണ് ഈ മേഖലയില്‍ നടന്നത്
ബിരിയാണിയില്ലാത്ത ഒരു വാരാന്ത്യത്തെക്കുറിച്ച് ഇന്ന് ഭൂരിപക്ഷം പേര്‍ക്കും ചിന്തിക്കാനാകുമോ എന്ന് സംശയമാണ്. എന്നാല്‍ മനംമയക്കുന്ന ബിരിയാണി ഗന്ധത്തിനിടയില്‍ രാജ്യം ഞെട്ടിയ ഒരു നികുതി വേട്ടയുടെ കഥയുണ്ട്. ഏകദേശം 70,000 കോടി രൂപയുടെ ഭീമമായ നികുതി വെട്ടിപ്പാണ് ഈ മേഖലയില്‍ നടന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നായി ഇത് മാറുമ്പോള്‍, നമ്മള്‍ ആസ്വദിച്ചു കഴിക്കുന്ന ഓരോ പ്ലേറ്റ് ബിരിയാണിക്ക് പിന്നിലും മറഞ്ഞിരുന്ന അഴിമതിയുടെ കയ്‌പേറിയ കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
തട്ടിപ്പിന്റെ 'രഹസ്യക്കൂട്ട്'
ഈ തട്ടിപ്പിന്റെ 'രഹസ്യക്കൂട്ട്' റസ്റ്റോറന്റുകള്‍ ഉപയോഗിച്ചിരുന്ന ഒരു പ്രത്യേക ബില്ലിംഗ് സോഫ്റ്റ്വെയറായിരുന്നു. ഒരൊറ്റ ക്ലിക്കിലൂടെ തങ്ങളുടെ വില്‍പന റെക്കോര്‍ഡുകള്‍ മുഴുവനായി മായ്ച്ചുകളയാന്‍ ഈ സോഫ്റ്റ്വെയര്‍ സൗകര്യം ഒരുക്കി. പണമായി ലഭിക്കുന്ന ഇടപാടുകള്‍ ഡിജിറ്റല്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്യുന്നതിലൂടെ ആകെ വില്‍പനയുടെ ശരാശരി 25 മുതല്‍ 27 ശതമാനം വരെ നികുതി പട്ടികയില്‍ നിന്ന് മറച്ചുവെക്കപ്പെട്ടു. ഇത്തരത്തില്‍ രാജ്യത്തുടനീളമുള്ള 1.7 ലക്ഷത്തിലധികം റസ്റ്റോറന്റ് ഐഡികള്‍ ചേര്‍ന്നാണ് ഖജനാവിന് വന്‍ നഷ്ടം വരുത്തിവെച്ചത്.
എഐയുടെ നികുതിവേട്ട
ഈ ഡിജിറ്റല്‍ കള്ളക്കളി പിടിക്കാന്‍ ആദായനികുതി വകുപ്പ് ആയുധമാക്കിയത് അത്യാധുനിക ബിഗ് ഡാറ്റ അനാലിസിസും ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ആണ്. ഏകദേശം 60 ടെറാബൈറ്റിലധികം ഇടപാട് വിവരങ്ങള്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍, കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ നടന്ന ബില്‍ തിരിമറികള്‍ കൃത്യമായി കണ്ടെത്തി.
ഹൈദരാബാദിലെ പ്രശസ്തമായ ബിരിയാണി ശൃംഖലകളില്‍ തുടങ്ങിയ ഈ അന്വേഷണം തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങി ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന വന്‍ നികുതി വെട്ടിപ്പ് ശൃംഖലയെയാണ് വെളിച്ചത്തുകൊണ്ടുവന്നത്.
പിസ്ത ഹൗസ്, ഷാ ഗൗസ്, മെഹ്ഫില്‍ എന്നിവയുള്‍പ്പെടെ ഹൈദരാബാദിലെ പ്രശസ്തമായ ബിരിയാണി ശൃംഖലകളില്‍ പതിവ് പരിശോധനകളോടെയാണ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ അത് പെട്ടെന്ന് 1.7 ലക്ഷത്തിലധികം റെസ്റ്റോറന്റ് ഐഡികള്‍ ഉള്‍പ്പെട്ട ഒരു പാന്‍-ഇന്ത്യ അന്വേഷണത്തിലേക്ക് പിന്നീട് വ്യാപിക്കുകയായിരുന്നു. 2019-20 മുതല്‍ ഈ ഭക്ഷണശാലകള്‍ ഏകദേശം 70,000 കോടി രൂപയുടെ വില്‍പ്പന വിറ്റുവരവ് മറച്ചുവെച്ചിട്ടുണ്ടെന്ന് അന്വേഷണത്തിന് ശേഷം കണ്ടെത്തി.
ബിരിയാണി എന്ന ഭക്ഷണത്തെയോ അത് വില്‍ക്കുന്നവരെയോ വ്യക്തിപരമായി ലക്ഷ്യം വെച്ചല്ല ഈ നീക്കമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മറിച്ച്, സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് സാമ്പത്തിക വ്യവസ്ഥയെ കബളിപ്പിക്കുന്ന രീതി അവസാനിപ്പിക്കുകയാണ് ലക്ഷ്യം. കര്‍ണാടക (2,000 കോടി), തെലങ്കാന (1,500 കോടി), തമിഴ്നാട് (1,200 കോടി) എന്നീ സംസ്ഥാനങ്ങളാണ് നികുതി വെട്ടിപ്പില്‍ മുന്‍പന്തിയിലുള്ളത്.
പഠിക്കാം & സമ്പാദിക്കാം
Home
