23 Oct 2026 12:06 PM IST
Summary
കയറ്റുമതിയിലും ഇന്ത്യയ്ക്ക് തിളക്കമാര്‍ന്ന നേട്ടം. ആറ് മാസത്തിനിടയിലെ ഏറ്റവും വേഗതയേറിയ വളര്‍ച്ചയാണ് കയറ്റുമതി ഓര്‍ഡറുകളില്‍ രേഖപ്പെടുത്തിയത്
സേവന മേഖലയുടെ കരുത്തില്‍ ഇന്ത്യന്‍ സ്വകാര്യ മേഖല കുതിക്കുന്നു. പുതിയ ഓര്‍ഡറുകളിലെ വന്‍ വര്‍ധനയോടെ ഒക്ടോബറില്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നാല് മാസത്തിനിടയിലെ ഏറ്റവും വേഗതയേറിയ വളര്‍ച്ച രേഖപ്പെടുത്തി. എച്ച്എസ്ബിസി ഫ്‌ലാഷ് കോമ്പോസിറ്റ് സൂചിക സെപ്റ്റംബറിലെ 55.9 ല്‍ നിന്ന് 56.7 ആയി ഉയര്‍ന്നു. ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തുടര്‍ച്ചയായ 63 മാസമായി സൂചിക 50ന് മുകളില്‍ തുടരുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ കരുത്ത് തെളിയിക്കുന്നു.
സേവന മേഖലയാണ് ഈ കുതിപ്പിന് ചുക്കാന്‍ പിടിച്ചത്. സര്‍വീസസ് പിഎംഐ 55.2ല്‍ നിന്ന് 56.2 ആയി കുതിച്ചപ്പോള്‍, ഉല്‍പ്പാദന മേഖല പിഎംഐ 55.1ല്‍ നിന്ന് 54.9 ആയി നേരിയ തോതില്‍ താഴ്ന്നു. എങ്കിലും മാനുഫാക്ചറിംഗ് ഔട്ട്പുട്ട് 57.5ല്‍ നിന്ന് 57.6ലേക്ക് ഉയര്‍ന്നത് ആശ്വാസമായി. ആഭ്യന്തര വിപണിയിലെ ഉണര്‍വും പുതിയ ഓര്‍ഡറുകളുടെ പ്രവാഹവുമാണ് വളര്‍ച്ചയ്ക്ക് ഇന്ധനമായത്.
കയറ്റുമതിയിലും ഇന്ത്യയ്ക്ക് തിളക്കമാര്‍ന്ന നേട്ടം. ആറ് മാസത്തിനിടയിലെ ഏറ്റവും വേഗതയേറിയ വളര്‍ച്ചയാണ് കയറ്റുമതി ഓര്‍ഡറുകളില്‍ രേഖപ്പെടുത്തിയത്. അമേരിക്ക, യുകെ, പശ്ചിമേഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ശക്തമായ ഡിമാന്‍ഡാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് തുണയായത്.
എന്നാല്‍ വളര്‍ച്ചയ്ക്കിടയിലും തൊഴില്‍ വിപണി തണുപ്പന്‍ പ്രതികരണമാണ് നല്‍കിയത്. തൊഴിലവസരങ്ങളിലെ വര്‍ധന ഈ വര്‍ഷത്തെ ഏറ്റവും മന്ദഗതിയിലായി. സേവന മേഖലയിലെ ഒമ്പത് മാസത്തെ തൊഴില്‍ സൃഷ്ടി നിലച്ചു, ഉല്‍പ്പാദന മേഖലയിലും നിയമനം നാമമാത്രം. അതേസമയം അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധന ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതും ഉല്‍പ്പന്ന വില വര്‍ധന നാല് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായതും കമ്പനികള്‍ക്ക് വലിയ ആശ്വാസമാണ്.
പഠിക്കാം & സമ്പാദിക്കാം
Home
