image

13 Jan 2026 4:19 PM IST

Economy

വീണ്ടും അതിര്‍ത്തി തര്‍ക്കം; പ്രകോപനവുമായി ചൈന

MyFin Desk

വീണ്ടും അതിര്‍ത്തി തര്‍ക്കം; പ്രകോപനവുമായി ചൈന
X

Summary

ഷക്സ് ഗാം താഴ്‌വരയില്‍ ചൈന നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് പുതിയ വിവാദത്തിന് വഴിതെളിച്ചത്. എവിടെയാണ് ഷക്സ് ഗാം താഴ്‌വര? അവിടെ ചൈനക്കെന്തു കാര്യം?


വീണ്ടും അതിര്‍ത്തി തര്‍ക്കത്തിലേക്ക് ഇന്ത്യയും ചൈനയും. ഇന്ത്യ-യുഎസ് സഖ്യം ശക്തമാവുന്നതിന്റെ പിന്നാലെയുള്ള ചൈനീസ് പ്രകോപനം വ്യാപാര മേഖലയെയും വിപണിയെയും ബാധിക്കാന്‍ സാധ്യത. ഷക്സ് ഗാം താഴ്‌വരയെ ചൊല്ലി ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കമാണ് പുതിയ തലത്തിലേക്ക് എത്തിയത്.

ഈ പ്രദേശം പൂര്‍ണ്ണമായും ചൈനയുടേതാണെന്നും ഇവിടുത്തെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും ചൈന ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇത് കേവലം ഒരു അതിര്‍ത്തി തര്‍ക്കമല്ല, മറിച്ച് ദശകോടികളുടെ നിക്ഷേപം നടപ്പിലാക്കുന്ന ചൈന-പാക് സാമ്പത്തിക ഇടനാഴിയുടെ സുരക്ഷയും ഭാവിയും നിര്‍ണ്ണയിക്കുന്ന വലിയൊരു നീക്കമാണ്. ജമ്മു കശ്മീരിന്റെ ഭാഗമായിരുന്ന 5,180 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഷക്സ്ഗാം താഴ്‌വര, 1963-ലെ വിവാദപരമായ ഒരു കരാറിലൂടെ പാക്കിസ്ഥാന്‍ നിയമവിരുദ്ധമായി ചൈനയ്ക്ക് കൈമാറിയതാണ്.

ഇന്ത്യ ഈ കരാര്‍ അംഗീകരിച്ചിട്ടില്ല. നിലവില്‍ ഈ മേഖലയില്‍ ചൈന വന്‍തോതിലുള്ള സൈനിക റോഡുകളും അടിസ്ഥാന സൗകര്യങ്ങളും നിര്‍മ്മിക്കുകയാണ്. സിയാച്ചിന്‍ ഗ്ലേസിയറിന് തൊട്ടടുത്ത് ചൈന നടത്തുന്ന ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇതിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയപ്പോഴാണ്, ഈ പ്രദേശം പൂര്‍ണ്ണമായും ചൈനയുടേതാണെന്ന മറുപടി ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് നല്‍കിയത്.

വ്യാപാര ബന്ധത്തെ ബാധിക്കുമോ?

ഈ നയതന്ത്ര സംഘര്‍ഷം കേവലം രാഷ്ട്രീയത്തില്‍ ഒതുങ്ങുന്നില്ല. ഇത് വ്യാപാര മേഖലയെയും വിപണിയെയും ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന്റെ ഭാഗമായ സിപിഇസി ഇന്ത്യയുടെ പരമാധികാരത്തെ ലംഘിച്ചുകൊണ്ട് നമ്മുടെ മണ്ണിലൂടെയാണ് കടന്നുപോകുന്നത്. ഇതിനെതിരെയുള്ള ഇന്ത്യയുടെ ഓരോ നീക്കവും ആഗോള വിതരണ ശൃംഖലയെ ബാധിച്ചേക്കാം.

ട്രംപ് ഭരണകൂടം ചൈനയ്ക്കും ഇന്ത്യയ്ക്കും മേല്‍ കടുത്ത താരിഫുകള്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍, ഈ സംഘര്‍ഷം ഏഷ്യയിലെ രണ്ട് വലിയ സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര ചര്‍ച്ചകളെ പിന്നോട്ടടിക്കാന്‍ സാധ്യതയുണ്ട്.ലഡാക്കിനും ജമ്മു കശ്മീരിനും സമീപമുള്ള ഇത്തരം വിദേശ നിര്‍മ്മാണങ്ങള്‍ ഭാരതത്തിന് പ്രതിരോധ ചെലവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും, ഇത് രാജ്യത്തിന്റെ ധനനയങ്ങളെയും വികസന ബജറ്റുകളെയും സ്വാധീനിക്കും. ഇന്ത്യ-യുഎസ് സഖ്യം കരുത്താര്‍ജിച്ചേക്കുമെന്ന സാഹചര്യത്തിലാണ് ചൈനയുടെ നീക്കമെന്നതും ശ്രദ്ധേയമാണ്.