image

8 April 2025 9:39 AM IST

Economy

മാര്‍ച്ചില്‍ വെജിറ്റേറിയന്‍ താലിയുടെ വില കുറഞ്ഞു

MyFin Desk

vegetarian thali prices reduced in march
X

Summary

  • വാര്‍ഷികാടിസ്ഥാനത്തില്‍ മൂന്നുശതമാനം വിലക്കുറവാണ് രേഖപ്പെടുത്തിയത്
  • തക്കാളിവിലയിലെ ഇടിവാണ് വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ ചെലവ് കുറച്ചത്


വീട്ടില്‍ പാകം ചെയ്യുന്ന പരമ്പരാഗത വെജിറ്റേറിന്‍ ഭക്ഷണത്തിന്റെ (താലി) ചെലവ് മാര്‍ച്ചില്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. വാര്‍ഷികാടിസ്ഥാനത്തില്‍ മൂന്നുശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. അതേസമയം നോണ്‍ വെജിറ്റേറിയന്‍ താലിയുടെ വിലയില്‍ മാറ്റമില്ല. ക്രിസില്‍ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം, പച്ചക്കറി വിലയിലെ - പ്രത്യേകിച്ച് തക്കാളിയുടെ - കുത്തനെയുള്ള ഇടിവാണ് മൊത്തത്തിലുള്ള വിലക്കുറവിന് കാരണമായത്.

മാര്‍ച്ചില്‍ പച്ചക്കറിവിലകള്‍ നിയന്ത്രണ വിധേയമായിരുന്നു. ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയുടെ പുതിയ വരവ് കാരണം വിലകള്‍ കുറഞ്ഞു. എങ്കിലും, കഴിഞ്ഞ വര്‍ഷം ഉരുളക്കിഴങ്ങിന്റെയും തക്കാളിയുടെയും കാര്യത്തില്‍ കണ്ടതുപോലെ, ഏപ്രിലില്‍ വിലകള്‍ ഉയരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ശക്തമായ കയറ്റുമതി ആവശ്യകത ഉള്ളി വിലയെ പിന്തുണയ്ക്കാനും സാധ്യതയുണ്ട്. ഉരുളക്കിഴങ്ങിന്റെ വിലയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. റാബി വരവ് കുറഞ്ഞതിനാല്‍ തക്കാളി വിലയിലും മിതമായ വര്‍ദ്ധനവ് ഉണ്ടായേക്കാമെന്ന് ക്രിസില്‍ ഇന്റലിജന്‍സിലെ ഗവേഷണ ഡയറക്ടര്‍ പുഷന്‍ ശര്‍മ്മ പറയുന്നു.

വെജിറ്റേറിയന്‍ താലിയുടെ വിലയിലുണ്ടായ ഇടിവിന് പ്രധാന കാരണം തക്കാളി വിലയിലുണ്ടായ 34 ശതമാനം ഇടിവാണ്. 2024 മാര്‍ച്ചില്‍ കിലോഗ്രാമിന് 32 രൂപ ആയിരുന്ന തക്കാളി 2025 മാര്‍ച്ചില്‍ കിലോഗ്രാമിന് 21 രൂപ ആയി കുറഞ്ഞു. ഉരുളക്കിഴങ്ങിന് 2 ശതമാനവും ഉള്ളിക്ക് 6 ശതമാനവും സസ്യ എണ്ണയ്ക്ക് 19 ശതമാനവും വില വര്‍ധനവാണ് ഇതിന് ഭാഗികമായി പരിഹാരമായത്.

ബ്രോയിലര്‍ വിലയില്‍ രണ്ട് ശതമാനം വര്‍ധനവ് ഉണ്ടായതിനാല്‍ നോണ്‍-വെജിറ്റേറിയന്‍ താലിയുടെ വില മാറ്റമില്ലാതെ തുടര്‍ന്നു. ഇത് മൊത്തം വിലയുടെ പകുതിയോളം വരും. തക്കാളി വിലയിലെ കുത്തനെയുള്ള ഇടിവ് വില വര്‍ദ്ധനവ് തടയാന്‍ സഹായിച്ചെങ്കിലും, മറ്റ് ചേരുവകളുടെ വിലക്കയറ്റം ഇടിവിനെ സന്തുലിതമാക്കി.

പ്രതിമാസ അടിസ്ഥാനത്തില്‍ കണക്കുകൂട്ടിയാല്‍, 2025 മാര്‍ച്ചില്‍ വെജിറ്റേറിയന്‍, നോണ്‍-വെജിറ്റേറിയന്‍ താലികളുടെ വില യഥാക്രമം 2 ശതമാനവും ഏകദേശം 5 ശതമാനവും കുറഞ്ഞിട്ടുണ്ട്.