image

8 April 2025 12:24 PM IST

Economy

തീരുവ ഇനിയും വര്‍ധിപ്പിച്ചാല്‍ യുഎസ് വിവരമറിയുമെന്ന് ചൈന

MyFin Desk

china says us will be informed if additional tariffs are imposed
X

Summary

  • ചൈന യുഎസിനെതിരെ പ്രഖ്യാപിച്ച 34% തീരുവ പിന്‍വലിച്ചില്ലെങ്കില്‍ 50% അധിക തീരുവ ചുമത്തുമെന്ന് ട്രംപ്
  • യുഎസ് തെറ്റുകള്‍ ആവര്‍ത്തിക്കുകയാണെന്ന് ബെയ്ജിംഗിന്റെ മുന്നറിയിപ്പ്


അധിക തീരുവ ഇനിയും വര്‍ധിപ്പിച്ചാല്‍ യുഎസ് വിവരമറിയുമെന്ന് ചൈന. യുഎസിനെതിരെ ചൈന പ്രഖ്യാപിച്ച 34 ശതമാനം പ്രതികാര താരിഫുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന ട്രംപിന്റെ പുതിയ ഭീഷണിയെത്തുടര്‍ന്നാണ് ചൈനയുടെ പ്രതികരണം.

യുഎസിന്റെ നീക്കത്തെ ചൈനീസ് വാണിജ്യ മന്ത്രാലയം അപലപിച്ചു. അതിനെ 'ഒരു തെറ്റിനു മുകളില്‍ മറ്റൊരു തെറ്റ്' എന്ന് ബെയ്ജിംഗ് വിശേഷിപ്പിച്ചു. ഏറ്റവും പുതിയ സംഘര്‍ഷം 'യുഎസിന്റെ ചൂഷണ സ്വഭാവം തുറന്നുകാട്ടുന്നു' എന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകള്‍ തമ്മിലുള്ള ഒരു പുതിയ വ്യാപാര യുദ്ധത്തിന്റെ ഭയം വര്‍ധിപ്പിക്കുന്ന തരത്തില്‍, വാഷിംഗ്ടണും ബെയ്ജിംഗും ഈ ആഴ്ച പരസ്പരം വലിയ താരിഫ് ഉയര്‍ത്താന്‍ ഒരുങ്ങുകയാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നു.

ഏപ്രില്‍ 9 മുതല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ട്രംപ് തന്റെ സ്വകാര്യ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ ഭീഷണി മുഴക്കി.

ഏപ്രില്‍ 2 ന് അവതരിപ്പിച്ച 34 ശതമാനം 'പരസ്പര' താരിഫിനും ഈ വര്‍ഷം ആദ്യം ഏര്‍പ്പെടുത്തിയ 20 ശതമാനം താരിഫിനും പുറമേയായിരിക്കും പുതിയ 50 ശതമാനം താരിഫ് എന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് അഭിപ്രായപ്പെട്ടു. ഇത് നടപ്പിലാക്കിയാല്‍, ചൈനക്കെതിരായ താരിഫ് നിരക്ക് 104 ശതമാനത്തിലെത്തും.

അതേസമയം ട്രംപ് അമേരിക്കക്കാരോട് 'ശക്തരും ധൈര്യശാലികളുമായിരിക്കാന്‍' ആഹ്വാനം ചെയ്തു, 'മഹത്വമായിരിക്കും ഫലം' എന്നും കൂട്ടിച്ചേര്‍ത്തു. വ്യാപാര കരാറുകളില്‍ മറ്റ് രാജ്യങ്ങള്‍ യുഎസിനെ ചൂഷണം ചെയ്യുന്നുവെന്ന് ട്രംപ് ആവര്‍ത്തിച്ച് ആരോപിച്ചിട്ടുണ്ട്, പലപ്പോഴും ചൈനയെ 'ഏറ്റവും വലിയ ദുരുപയോഗം ചെയ്യുന്നയാള്‍' ആയി ഒറ്റപ്പെടുത്തുന്നു.

ഈ ആഴ്ച ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പത്രത്തിലെ ഒരു എഡിറ്റോറിയല്‍, ചൈന യുഎസുമായി ഒരു വ്യാപാര കരാറിനായി സജീവമായി ശ്രമിക്കുന്നില്ല, എങ്കിലും ചര്‍ച്ചകള്‍ക്ക് തയ്യാറാണ് എന്നും വ്യക്തമാക്കിയിട്ടുണ്ട്.