13 Nov 2026 4:45 PM IST
Trade Deficit ; പ്രവചനങ്ങളെല്ലാം തെറ്റിച്ചു; ഇന്ത്യയുടെ വ്യാപാര കമ്മി ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍
MyFin Desk
Summary
സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങളെയും മറികടന്നാണ് വ്യാപാര കമ്മി ഉയര്‍ന്നത്. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കയറ്റുമതിയേക്കാള്‍ ഇറക്കുമതി വേഗത്തില്‍ വര്‍ധിച്ചതോടെ ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി (Merchandise Trade Deficit) ഒക്ടോബറില്‍ ഒരു വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 39.88 ബില്യണ്‍ ഡോളറിലെത്തി. സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങളെയും മറികടന്നാണ് വ്യാപാര കമ്മി ഉയര്‍ന്നത്. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സെപ്റ്റംബറില്‍ 30.21 ബില്യണ്‍ ഡോളറായിരുന്ന വ്യാപാര കമ്മി ഒക്ടോബറില്‍ 39.88 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 2025 ഒക്ടോബറില്‍ രേഖപ്പെടുത്തിയ 33 ബില്യണ്‍ ഡോളറിനേക്കാളും കൂടുതലാണിത്. റോയിട്ടേഴ്സ് നടത്തിയ സര്‍വേയില്‍ ഒക്ടോബറിലെ വ്യാപാര കമ്മി 32.25 ബില്യണ്‍ ഡോളറായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നത്.
കയറ്റുമതിയും ഇറക്കുമതിയും ഉയര്‍ന്നു
ഒക്ടോബറില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി സെപ്റ്റംബറിലെ 44.40 ബില്യണ്‍ ഡോളറില്‍ നിന്ന് 49.47 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇറക്കുമതിയാകട്ടെ 74.61 ബില്യണ്‍ ഡോളറില്‍ നിന്ന് 89.35 ബില്യണ്‍ ഡോളറിലെത്തി.
കയറ്റുമതിയില്‍ പ്രതിമാസം 11.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ഇറക്കുമതിയില്‍ 19.7 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. ഇറക്കുമതിയിലെ വന്‍ കുതിപ്പാണ് വ്യാപാര കമ്മി ഉയരാന്‍ കാരണം.
2026 ഒക്ടോബറില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിരക്കിലെത്തിയതായി വ്യാപാര സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പറഞ്ഞു.
ആഗോള സമ്മര്‍ദ്ദങ്ങള്‍ വെല്ലുവിളി
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവായ ഇന്ത്യയ്ക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ ഏകദേശം 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ആഗോള ഊര്‍ജ വിപണിയിലുണ്ടായ തടസ്സങ്ങള്‍ ഇന്ത്യയുടെ ഇറക്കുമതി ചെലവിനെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.
ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധന, ദീര്‍ഘമായ കപ്പല്‍ ഗതാഗത പാതകള്‍, ചരക്കുകൂലി, യുദ്ധസാധ്യതാ ഇന്‍ഷുറന്‍സ് പ്രീമിയം എന്നിവ ഇറക്കുമതി ചെലവ് ഉയര്‍ത്തുന്നു. ഇറക്കുമതി ചെയ്യുന്ന ഊര്‍ജത്തെയും അസംസ്കൃത വസ്തുക്കളെയും ആശ്രയിക്കുന്ന വ്യവസായങ്ങള്‍ക്കും ഇത് അധിക ബാധ്യതയാകുന്നു. ഉല്‍പ്പാദനച്ചെലവ് വര്‍ധിക്കുന്നത് കയറ്റുമതി സ്ഥാപനങ്ങളുടെ ലാഭവിഹിതത്തെയും ബാധിച്ചേക്കാം.
അതേസമയം, ബ്രെന്റ് ക്രൂഡ് ഓയില്‍ ഫ്യൂച്ചേഴ്സ് വില പിന്നീട് ബാരലിന് ഏകദേശം 92 ഡോളറായി കുറഞ്ഞത് ഇന്ത്യയ്ക്ക് നേരിയ ആശ്വാസമായി. പശ്ചിമേഷ്യയിലെ സംഘര്‍ഷം കുറയുമെന്ന പ്രതീക്ഷയും വിപണിയില്‍ നിലനില്ക്കുന്നു.
ബാഹ്യമേഖലയിലെ വെല്ലുവിളികള്‍
ഊര്‍ജ, ഗതാഗത ചെലവുകള്‍ ദീര്‍ഘകാലം ഉയര്‍ന്നുനിന്നാല്‍ രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി വര്‍ധിക്കാനും ആഭ്യന്തര വ്യവസായങ്ങളുടെ ഉല്‍പ്പാദനച്ചെലവ് ഉയരാനും പണപ്പെരുപ്പ സമ്മര്‍ദം ശക്തമാകാനും സാധ്യതയുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സെപ്റ്റംബറില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 23.05 ശതമാനം വര്‍ധിച്ച് 44.40 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. ഇറക്കുമതി 8.01 ശതമാനം ഉയര്‍ന്ന് 74.61 ബില്യണ്‍ ഡോളറുമായി. ഓഗസ്റ്റില്‍ 26.86 ബില്യണ്‍ ഡോളറായിരുന്ന പ്രതിമാസ വ്യാപാര കമ്മി സെപ്റ്റംബറില്‍ 30.21 ബില്യണ്‍ ഡോളറായിരുന്നു.
ഒക്ടോബറിലെ നയ അവലോകനത്തില്‍ 2027 സാമ്പത്തിക വര്‍ഷത്തെ ചരക്ക് കയറ്റുമതി വളര്‍ച്ച 11.6 ശതമാനവും ഇറക്കുമതി വളര്‍ച്ച 11.7 ശതമാനവുമായിരിക്കുമെന്ന് ആര്‍ബിഐ പ്രവചിച്ചിരുന്നു. കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 1.2 ശതമാനമായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍.
സേവന കയറ്റുമതിയിലെ വളര്‍ച്ച, പ്രവാസികളുടെ പണമയയ്ക്കല്‍, പുതിയ വ്യാപാര കരാറുകള്‍ എന്നിവ ഇന്ത്യയുടെ ബാഹ്യമേഖലയെ പിന്തുണയ്ക്കുമെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍. എന്നാല്‍ ഉയര്‍ന്ന ഊര്‍ജവില, വ്യാപാര നയങ്ങളിലെ അനിശ്ചിതത്വം, ആഗോള വ്യാപാരത്തിലെ മന്ദഗതി എന്നിവ വെല്ലുവിളികളായി തുടരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
