image

2 Nov 2025 4:38 PM IST

Economy

പ്രത്യക്ഷ നികുതി വരുമാനത്തിലെ കുറവ് സാമ്പത്തിക വളര്‍ച്ചയ്ക്ക് വെല്ലുവിളി

MyFin Desk

പ്രത്യക്ഷ നികുതി വരുമാനത്തിലെ കുറവ്   സാമ്പത്തിക വളര്‍ച്ചയ്ക്ക് വെല്ലുവിളി
X

Summary

ധനക്കമ്മി ജിഡിപിയുടെ 4.4 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യം


പ്രത്യക്ഷ നികുതി വരുമാനത്തിലെ കുറവ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വെല്ലുവിളിയെന്ന് റിപ്പോര്‍ട്ട്. കോര്‍പ്പറേറ്റ്, ആദായനികുതി വരുമാനം ഇടിയുന്നത് ആശങ്കയെന്ന് യൂണിയന്‍ ബാങ്ക്.

നടപ്പ് സാമ്പത്തിക വര്‍ഷം ധനക്കമ്മി ജിഡിപിയുടെ 4.4 ശതമാനത്തിലെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ പ്രതീക്ഷിച്ച അത്ര വേഗത്തില്‍ നികുതി വരുമാനം ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ചെലവും വരുമാനവും തമ്മിലുള്ള വിടവ് കുറയ്ക്കുക എന്നത് പ്രയാസമാണെന്നും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പറയുന്നു.

ഉപഭോഗവും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ മൂലധന ചെലവുകള്‍ പ്രോത്സാഹിപ്പിക്കുകയാണ്. ആര്‍ബിഐയില്‍ നിന്നുള്ള ലാഭവിഹിതം, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ നിന്നുള്ള ലാഭം എന്നിങ്ങനെ നികുതിയേതര വരുമാനം പിന്തുണ നല്‍കുന്നുണ്ട്. ഇവ 30.5% ഉയര്‍ന്ന് 4.66 ലക്ഷം കോടിയായി.

അതുപോലെ ഓഹരി വില്‍പ്പന വരുമാനവും തുണയാണ്. എങ്കിലും ലക്ഷ്യം കൈവരിക്കാന്‍ ഇത് മാത്രം പോരെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്‍പ്പനയിലൂടെ പ്രതീക്ഷിച്ചതിലും കൂടുതല്‍ പണം ലഭിച്ചു. ഇതും പര്യാപ്തമല്ല. ചില ജിഎസ്ടി നിരക്ക് കുറവുകള്‍ വരും മാസങ്ങളില്‍ വരുമാനം കുറച്ചേക്കാം, എങ്കിലും ജിഎസ്ടി നഷ്ടപരിഹാര ഫണ്ട് ഉപയോഗിച്ച് ഈ ആഘാതം ഭാഗികമായി നികത്താനാകും. എന്നാല്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വരുമാനം ഉയര്‍ന്നില്ലെങ്കില്‍ 2026 സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.