25 Feb 2026 4:31 PM IST
പൊന്നും വിലയുള്ള വാണിജ്യ ഇടങ്ങള്‍, കോടികളുടെ വ്യാപാരം; ബില്യണ്‍ ഡോളര്‍ വിസ്മയമായി ധാരാവി
MyFin Desk
Summary
ആഗോള ഏജന്‍സികളുടെ കണക്കനുസരിച്ച്, 1.5 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വിറ്റുവരവുള്ള ഒരു വമ്പന്‍ അനൗദ്യോഗിക സമ്പദ് വ്യവസ്ഥയാണ് ധാരാവിയിലേത്. അതിജീവനത്തിന്റെ കരുത്തില്‍ ഒരു വ്യവസായ വിപ്ലവം തന്നെയാണ് ഇവിടെ നടക്കുന്നത്
മുംബൈയിലെ ഇടുങ്ങിയ വഴികളും അഴുക്കുചാലുകളും നിറഞ്ഞ ദൃശ്യങ്ങളിലൂടെയാണ് സിനിമകളും വാര്‍ത്തകളും എന്നും ധാരാവിയെ അടയാളപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ രണ്ടര ചതുരശ്ര കിലോമീറ്ററിനുള്ളില്‍ 12 ലക്ഷം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശം കേവലം ഒരു ചേരിമാത്രമല്ല. മറിച്ച് ഇന്ത്യയുടെ ഉല്‍പ്പാദന-പുനരുപയോഗ മേഖലയുടെ നട്ടെല്ലുകൂടിയാണ്. ആഗോള ഏജന്‍സികളുടെ കണക്കനുസരിച്ച്, 1.5 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വിറ്റുവരവുള്ള ഒരു വമ്പന്‍ അനൗദ്യോഗിക സമ്പദ് വ്യവസ്ഥയാണിവിടെ സ്പന്ദിക്കുന്നത്. ദാരിദ്ര്യത്തിന്റെ കണ്ണിലൂടെ ലോകം നോക്കുമ്പോള്‍, അതിജീവനത്തിന്റെ കരുത്തില്‍ ഒരു വ്യവസായ വിപ്ലവം തന്നെയാണ് ഇവിടെ നടക്കുന്നത്.
ചതുരശ്ര അടിക്ക് 7000 രൂപ വരെ
ധാരാവിയിലെ റിയല്‍ എസ്റ്റേറ്റ് വിപണി ഏതൊരു മെട്രോ നഗരത്തെയും വെല്ലുവിളിക്കുന്നതാണ്. 100 ചതുരശ്ര അടി വീടുകള്‍ക്ക് 3,000 മുതല്‍ 7,000 രൂപ വരെ വാടകയുള്ളപ്പോള്‍, ഇവിടുത്തെ വാണിജ്യ ഇടങ്ങള്‍ക്ക് പൊന്നുംവിലയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമാണെങ്കിലും ബിസിനസ്സ് സാധ്യതകള്‍ കണക്കിലെടുത്ത് പ്രതിമാസം 5 ലക്ഷം രൂപ വരെ വാടക നല്‍കുന്ന വ്യവസായ യൂണിറ്റുകള്‍ ഇവിടെയുണ്ട്. 20,000-ത്തിലധികം ചെറുകിട സംരംഭങ്ങളാണ് ഈ ഇടുങ്ങിയ ഇടങ്ങളില്‍ നിന്ന് മുംബൈ നഗരത്തിന്റെ ദൈനംദിന ജീവിതത്തിന് ഊര്‍ജ്ജം പകരുന്നത്.
ധാരാവിയുടെ സാമ്പത്തിക മുഖങ്ങളില്‍ ഏറ്റവും പ്രധാനം തുകല്‍ വ്യവസായവും മണ്‍പാത്ര നിര്‍മ്മാണവുമാണ്. ലോകപ്രശസ്ത ബ്രാന്‍ഡുകള്‍ക്കായി ബാഗുകളും ജാക്കറ്റുകളും നിര്‍മ്മിക്കുന്ന 5,000-ത്തോളം യൂണിറ്റുകള്‍ ഇവിടെയുണ്ട്. കോളിവാഡ റോഡിലെ ലെതര്‍ ബെല്‍റ്റ് മാത്രം വര്‍ഷം തോറും 250 കോടി രൂപ ലാഭമുണ്ടാക്കുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മണ്‍പാത്ര കേന്ദ്രമായ 'കുംഭര്‍വാഡ'യില്‍ നിന്ന് വര്‍ഷം തോറും 1,000 കോടിയിലധികം രൂപയുടെ ബിസിനസ്സാണ് നടക്കുന്നത്. തമിഴ്, കന്നഡ, മലയാളി കുടുംബങ്ങളുടെ രുചി വൈവിധ്യങ്ങള്‍ മുംബൈയിലുടനീളം എത്തിക്കുന്ന സ്ട്രീറ്റ് ഫുഡ് ശൃംഖലയും ധാരാവിയുടെ വരുമാനത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു.
സംസ്കരിക്കുന്നത് 20000 ടൺ മാലിന്യം
മുംബൈ നഗരത്തിന്റെ മാലിന്യസംസ്‌കരണത്തിന്റെ 80 ശതമാനവും നിര്‍വ്വഹിക്കുന്നത് ധാരാവിയിലെ 'റീസൈക്ലിംഗ്' യൂണിറ്റുകളാണ്. പ്രതിദിനം 20,000 ടണ്‍ മാലിന്യമാണ് രണ്ടര ലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ ഇവിടെ സംസ്‌കരിച്ച് പുതിയ ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നത്. പ്ലാസ്റ്റിക്, മെറ്റല്‍, പേപ്പര്‍ എന്നിവ പുനരുല്‍പ്പാദിപ്പിക്കുന്നതിലൂടെ വലിയൊരു പരിസ്ഥിതി ദൗത്യം കൂടി ഈ പ്രദേശം ഏറ്റെടുക്കുന്നു. സാധാരണക്കാരായ തൊഴിലാളികള്‍ക്ക് പ്രതിദിനം 400 രൂപ മുതല്‍ വരുമാനം നല്‍കുന്ന ഈ മേഖല മുംബൈയുടെ നിലനില്‍പ്പിന് തന്നെ അത്യന്താപേക്ഷിതമാണ്.
പുനര്‍വികസന പദ്ധതികള്‍ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ വലിയൊരു ആശങ്കയിലാണ് ഈ സംരംഭകര്‍. ആധുനിക കെട്ടിടങ്ങളിലേക്ക് മാറുമ്പോള്‍ പതിറ്റാണ്ടുകളായി തങ്ങള്‍ നെയ്‌തെടുത്ത ഈ സങ്കീര്‍ണ്ണമായ ബിസിനസ്സ് ശൃംഖല അറ്റുപോകുമോ എന്നതാണ് ധാരാവി നിവാസികള്‍ ഭയപ്പെടുന്നു. എങ്കിലും, ഏത് പ്രതിസന്ധിയെയും അതിജീവിക്കാനുള്ള കരുത്താണ് ധാരാവിയുടെ ചരിത്രം.
പഠിക്കാം & സമ്പാദിക്കാം
Home
