6 March 2026 9:51 PM IST
Summary
ഈ സഹായധനത്തിന്റെ സിംഹഭാഗവും ആര്‍ബിഐ നേരിട്ടാണ് വഹിക്കുന്നത്. മൊത്തം നഷ്ടത്തിന്റെ 65 ശതമാനം ആര്‍ബിഐ നല്‍കുമ്പോള്‍ ബാക്കി 20 ശതമാനം അതത് ബാങ്കുകള്‍ നല്‍കും
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പെരുകുന്ന കാലത്ത് സാധാരണക്കാരായ ഇടപാടുകാര്‍ക്ക് ആശ്വാസവാര്‍ത്തയുമായി റിസര്‍വ് ബാങ്ക്. ഡിജിറ്റല്‍ ഇടപാടുകളിലൂടെ പണം നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്ന വിപ്ലവകരമായ കരട് നിര്‍ദ്ദേശങ്ങളാണ് ആര്‍ബിഐ പുറത്തിറക്കിയിരിക്കുന്നത്. തട്ടിപ്പിനിരയാകുന്നവര്‍ക്ക് നഷ്ടപ്പെട്ട തുകയുടെ 85 ശതമാനം വരെ അല്ലെങ്കില്‍ പരമാവധി 25,000 രൂപ വരെ തിരികെ ലഭിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഈ സഹായധനത്തിന്റെ സിംഹഭാഗവും ആര്‍ബിഐ നേരിട്ടാണ് വഹിക്കുന്നത്. മൊത്തം നഷ്ടത്തിന്റെ 65 ശതമാനം ആര്‍ബിഐ നല്‍കുമ്പോള്‍ ബാക്കി 20 ശതമാനം അതത് ബാങ്കുകള്‍ നല്‍കും. രാജ്യത്ത് ഡിജിറ്റല്‍ പേയ്മെന്റുകള്‍ വര്‍ദ്ധിക്കുന്നതിനൊപ്പം സൈബര്‍ തട്ടിപ്പുകളും വ്യാപകമാകുന്ന സാഹചര്യത്തിലാണ് സാധാരണക്കാരന്റെ പോക്കറ്റ് സംരക്ഷിക്കാന്‍ ഇത്തരമൊരു പദ്ധതിയെന്നത് ശ്രദ്ധേയമാണ്.
എന്നാല്‍, ഈ ആനുകൂല്യം ലഭിക്കാന്‍ കൃത്യമായ നിബന്ധനകളുണ്ട്. തട്ടിപ്പ് നടന്നാല്‍ അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ 1930 എന്ന നാഷണല്‍ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ നമ്പറിലോ, പോര്‍ട്ടലിലോ അല്ലെങ്കില്‍ ബാങ്കിലോ നേരിട്ടോ പരാതി നല്‍കിയിരിക്കണം. കൂടാതെ, ഈ ആനുകൂല്യം ഒരാള്‍ക്ക് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ലഭിക്കൂ എന്ന നിബന്ധനയുമുണ്ട്. തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.
പ്രാരംഭ ഘട്ടത്തില്‍ ഒരു വര്‍ഷത്തേക്കായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. അതിനുശേഷം ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. പരാതികള്‍ പരിഹരിക്കാനുള്ള സമയം കുറയ്ക്കാനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിടുന്ന ഈ നിര്‍ദ്ദേശങ്ങള്‍ അന്തിമമാക്കിയാല്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
പഠിക്കാം & സമ്പാദിക്കാം
Home
