image

29 Jan 2026 2:57 PM IST

Economy

ഇന്ത്യ 7.2ശതമാനം വരെ വളരുമെന്ന് സാമ്പത്തിക സര്‍വേ; താരിഫ് തിരിച്ചടിയായില്ല

MyFin Desk

ഇന്ത്യ 7.2ശതമാനം വരെ വളരുമെന്ന്   സാമ്പത്തിക സര്‍വേ; താരിഫ് തിരിച്ചടിയായില്ല
X

Summary

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സ്ഥിരതയോടെ തുടരുന്നുവെന്ന് സാമ്പത്തിക സര്‍വേ പറഞ്ഞു. എങ്കിലും, പ്രധാന ആഗോള വിപണികളിലെ മന്ദഗതിയിലുള്ള വളര്‍ച്ചയും താരിഫുകള്‍ മൂലമുണ്ടാകുന്ന വ്യാപാര തടസ്സങ്ങളും കയറ്റുമതിയെയും നിക്ഷേപകരുടെ ആത്മവിശ്വാസത്തെയും ബാധിച്ചേക്കാമെന്നും മുന്നറിയിപ്പ്


അടുത്ത സാമ്പത്തികവര്‍ഷവും ലോകത്തിലെ അതിവേഗം വളരുന്ന സാമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ 6.8 ശതമാനം മുതല്‍ 7.2 ശതമാനം വരെ വളരുമെന്നും ധനമന്ത്രി ലോക്സഭയില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേയില്‍ പറയുന്നു. ഈ സാമ്പത്തിക വര്‍ഷത്തേക്കുള്ള 7.4 ശതമാനം വളര്‍ച്ചാ നിരക്കിനേക്കാള്‍ കുറവാണിത്.

അന്താരാഷ്ട്ര നാണയ നിധി നടത്തിയ സാമ്പത്തിക വളര്‍ച്ചാ പ്രവചനങ്ങള്‍ക്ക് അനുസൃതമായാണ് ഈ പ്രവചനം. 2025-26 ലെ ഇന്ത്യയുടെ വളര്‍ച്ചാ എസ്റ്റിമേറ്റ് 7.3 ശതമാനമായി ഐഎംഎഫ് വര്‍ദ്ധിപ്പിച്ചിരുന്നു. ഒക്ടോബര്‍ മാസത്തിലെ പ്രവചനത്തില്‍ നിന്ന് 0.7 ശതമാനം പോയിന്റുകളാണ് വര്‍ദ്ധിപ്പിച്ചത്. പ്രതീക്ഷിച്ചതിലും ശക്തമായ സാമ്പത്തിക പ്രകടനം ഐഎംഎഫ് ചൂണ്ടിക്കാട്ടി.

2026-27 ലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം ഐഎംഎഫ് നേരത്തെ 6.2 ശതമാനമായിരുന്നതില്‍ നിന്ന് 6.4 ശതമാനമായി പരിഷ്‌കരിക്കുകയും ചെയ്തു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സ്ഥിരതയോടെ തുടരുന്നുവെന്ന് സാമ്പത്തിക സര്‍വേ പറഞ്ഞു. എങ്കിലും, പ്രധാന ആഗോള വിപണികളിലെ മന്ദഗതിയിലുള്ള വളര്‍ച്ചയും താരിഫുകള്‍ മൂലമുണ്ടാകുന്ന വ്യാപാര തടസ്സങ്ങളും കയറ്റുമതിയെയും നിക്ഷേപകരുടെ ആത്മവിശ്വാസത്തെയും ബാധിക്കുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ 7.4 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് സര്‍വേ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ സര്‍വേയില്‍ പ്രവചിച്ച 6.3 ശതമാനം മുതല്‍ 6.8 ശതമാനം വരെയുള്ള പരിധിയേക്കാള്‍ കൂടുതലാണിത്.

അമേരിക്ക ഏര്‍പ്പെടുത്തിയ കടുത്ത താരിഫ് വര്‍ദ്ധനവ് നേരിട്ടതിനുശേഷവും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വേഗത കൈവരിച്ചുവെന്ന് 2026 ലെ സാമ്പത്തിക സര്‍വേ പറഞ്ഞു. ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് സംയോജിതമായി 50% താരിഫ് ചുമത്താനുള്ള യുഎസ് തീരുമാനത്തെത്തുടര്‍ന്ന് വളര്‍ച്ചാ കണക്കുകള്‍ വെട്ടിക്കുറച്ചെങ്കിലും യഥാര്‍ത്ഥ പ്രകടനം പ്രതീക്ഷിച്ചതിലും മികച്ചതാണെന്ന് അത് ചൂണ്ടിക്കാട്ടി. തുടര്‍ച്ചയായ പരിഷ്‌കാരങ്ങളും നയപരമായ നടപടികളുമാണ് സമ്പദ് വ്യവസ്ഥയുടെ പ്രതിരോധശേഷിക്ക് കാരണമെന്നും സര്‍വേ വിശദീകരിക്കുന്നു.

കമ്പനികള്‍ സമീപകാല നയ പരിഷ്‌കാരങ്ങളുമായി പൊരുത്തപ്പെടുന്നതോടെ നിക്ഷേപവും ഉപഭോക്തൃ ഡിമാന്‍ഡും മെച്ചപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഫെബ്രുവരി ഒന്നിന് ധനമന്ത്രി സീതാരാമന്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായാണ് ഈ സര്‍വേ അവതരിപ്പിച്ചത്.